- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടു പോയപ്പോൾ കാറിലുണ്ടായിരുന്നത് മൂന്ന് പേർ മാത്രമെന്ന് സഹോദരന്റെ മൊഴി; പ്രതികളെ പൂയപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; മുഖം മറച്ച പ്രതികളെ എത്തിച്ചപ്പോൾ തടിച്ചു കൂടി മുദ്രാവാക്യം വിളികളുമായി ജനക്കൂട്ടം
കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ അടക്കം മൂന്ന് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞു. പെൺകുട്ടിയെയും സഹോദരനെയും ക്യാമ്പിൽ കൊണ്ട് വന്നാണ് തിരിച്ചറിയൽ നടത്തിയത്. തട്ടിക്കൊണ്ടുപോയപ്പോൾ കാറിലുണ്ടായിരുന്നത് ഇവർ മൂന്ന് പേർ മാത്രമായിരുന്നുവെന്നാണ് സഹോദരൻ മൊഴി നൽകിയത്. കൂടുതൽ പേർ ഉണ്ടായിരുന്നതായി പറഞ്ഞത് അപ്പോഴത്തെ വെപ്രാളത്തിലാണെന്നുമാണ് സഹോദരൻ പറഞ്ഞത്.
അതേസമയം പ്രതികളെ പൂയപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പൊലീസ് വാനിലാണ് പ്രതികളെ എത്തിച്ചത്. വെള്ള തുണിയിട്ട് മുഖം മറച്ചെത്തിയ പ്രതികളെ പൊലീസ് വാനിലാണ് സ്‌റ്റേഷനിൽ എത്തിച്ചത്. നാട്ടുകാരും സ്‌റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. പ്രതികളെ എത്തിച്ചപ്പോൾ നാട്ടുകാർ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
അതേസമയം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവിനെ അറിയില്ലെന്ന് അറസ്റ്റിലായ പത്മകുമാറിന്റെ മൊഴി എന്നാണ് മാധ്യമ റിപ്പോർട്ടുഖൾ. രണ്ടുകോടി രൂപ കടബാധ്യതയുണ്ടെന്നും ഇത് വീട്ടുന്നതിന് പണം കണ്ടെത്താനായി തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടതെന്നും പത്മകുമാർ മൊഴിയിൽ പറഞ്ഞു.
ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതു വഴി മോചന ദ്രവ്യമായി 10 ലക്ഷം രൂപ വാങ്ങിയെടുക്കാനാണ് ശ്രമിച്ചത്. കുട്ടിയുടെ അച്ഛനെ നേരത്തേ അറിയില്ലെന്നും പത്മകുമാർ പൊലീസിനോട് പറഞ്ഞു. 1993 ൽ ടി.കെ.എം എൻജീയറിങ് കോളജിൽ നിന്ന് റാങ്കോടെ പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ.
തട്ടിക്കൊണ്ടുപോയ കേസിൽ പത്മകുമാറിന്റെ ഭാര്യ എം.ആർ. അനിതകുമാരിയും മകൾ അനുപമയും അറസ്റ്റിലായിരുന്നു. യൂട്യൂബറായ അനുപമയുടെ ചാനലിന് അഞ്ചുലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്ഷൻ വിഡിയോയും ഷോട്സുമാണ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇംഗ്ലിഷിലാണ് വിഡിയോകളുടെ അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുമ്പ് അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ച് ചെയ്ത വിഡിയോ ആണ് ഇതിൽ അവസാനത്തേത്.
ഇൻസ്റ്റഗ്രാമിൽ 14,000 ആളുകളാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളർത്തു നായ്ക്കളെ ഇഷ്ടപ്പെടുന്ന അനുപമ നായകളെ ദത്തെടുക്കാറുമുണ്ട്. ദത്തെടുത്ത നായ്ക്കളുടെ എണ്ണം കൂടിയപ്പോൾ അവക്കായി ഷെൽട്ടർ ഹോം തുടങ്ങാൻ സഹായമഭ്യർഥിച്ച് സമൂഹമാധ്യമങ്ങൾ വഴി അനുപമ പോസ്റ്റിട്ടിരുന്നു.
കേസിൽ രേഖാചിത്രമാണ് നിർണായക വഴിത്തിരിവായത്. രേഖാചിത്രം പുറത്തെത്തിയതോടെ കേസിന്റെ പൂർണ ചിത്രം തെളിഞ്ഞു. ചിത്രം കുട്ടി തിരിച്ചറിഞ്ഞതോടെ പത്മകുമാർ തന്നെ പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ന് പുലർച്ചെ മൂന്ന് മണി വരെ നീണ്ട ചോദ്യം ചെയ്യലിനൊവിൽ അറസ്റ്റും. പണത്തിന് വേണ്ടിയാണ് കിഡ്നാപിങ് നടത്തിയതെന്നും കേസിൽ കൂടുതൽ പേരുണ്ടായിരുന്നില്ലെന്നുമുള്ള പ്രതികളുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
സംശയമുണ്ടായ സമയം മുതൽ തന്നെ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കുടുംബം. സംഭവം നടന്നതിന് പിറ്റേദിവസം ഇവർ ഫാം ഹൗസിലെത്തിയതായും സ്ഥിരീകരണമുണ്ട്. അതുപോലെ തന്നെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സമയം വീട്ടിലേൽപ്പിക്കാൻ കുട്ടിയുടെ സഹോദരന് പ്രതികൾ കൊടുത്ത കത്ത് തിരിച്ച് കാറിൽ വീണിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ പണം ആവശ്യപ്പെടുന്ന കത്ത് ആയിരുന്നു ഇത്. കത്ത് കാറിൽ വീണതുകൊണ്ട് മാത്രമാണ് പ്രതികൾക്ക് കുട്ടിയുടെ അമ്മയെ ഫോണിൽ ബന്ധപ്പെടേണ്ടി വന്നതും ഈ ഫോൺകോൾ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയതും.
കുട്ടിയുടെ അമ്മയെ വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിൽ നാലുപേരുണ്ടായിരുന്നെന്ന കുട്ടികളുടെ മൊഴിയിലാണ് ഇനി കണ്ടെത്തലുണ്ടാകേണ്ടത്. നാലാമത്തെയാളെ കുട്ടി മിന്നായം പോലെ കണ്ടേക്കാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ