- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പഹല്‍ഗാമില്‍ ഭീകരര്‍ എത്തിയത് ആക്രമണത്തിന് ഒരാഴ്ച മുമ്പേ; ബൈസരണില്‍ എത്തി വിനോദസഞ്ചാരികളുടെ വരവും പോക്കും നിരീക്ഷിച്ചു; പതിവായി പാക്കിസ്ഥാനിലെ ബോസുമാരുമായി സാറ്റലൈറ്റ് ഫോണില്‍ ബന്ധപ്പെട്ടു; ആക്രമണം ഐഎസ്‌ഐയുടെ നിര്‍ദ്ദേശത്തില്‍ ലഷ്‌കറി തോയിബ ആസൂത്രണം ചെയ്തത്; കഴിഞ്ഞ വര്‍ഷത്തെ സോനാമാര്‍ഗ് ഭീകരാക്രമണവുമായി ബന്ധമെന്നും എന്‍ഐഎ
ആക്രമണം ഐഎസ്‌ഐയുടെ നിര്‍ദ്ദേശത്തില്‍ ലഷ്‌കറി തോയിബ ആസൂത്രണം ചെയ്തത്
ന്യൂഡല്‍ഹി: ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലുണ്ടായ ഭീകരാക്രമണത്തില്‍, പാക്കിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ എസ്‌ഐ, ഭീകര ഗ്രൂപ്പായ ലഷ്‌കറി തോയിബ എന്നിവയ്ക്ക് പങ്കുള്ളതായി എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്.
26 പേരെ കൂട്ടക്കുരുതി നടത്തിയ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരം ലഷ്‌കറി തോയിബയാണ് നടത്തിയത്. പാക്കിസ്ഥാനിലെ ലഷ്‌ക്കര്‍ ആസ്ഥാനത്താണ് ആക്രമണ പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട ഹാഷിം മൂസ അഥവാ സുലൈമാന്‍, അലി ഭായി അഥവാ തല്‍ഹ ഭായി എന്നിവര്‍ പാക്കിസ്ഥാന്‍കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമയം, ലോജിസ്റ്റിക്‌സ്, ആക്രമണം എന്നിവയെ കുറിച്ച് പാക്കിസ്ഥാനിലെ ഹാന്‍ഡ്‌ലര്‍മാരില്‍ നിന്ന് പതിവായി നിര്‍ദ്ദേശം ഇരുവര്‍ക്കും കിട്ടിയിരുന്നു.
ആക്രമണത്തിന് ഒരു ആഴ്ച മുമ്പേ ഭീകരര്‍ ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ചിരുന്നു. ഇവര്‍ക്ക് ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരുടെ സഹായം കിട്ടി. താമസം അടക്കമുളള കാര്യങ്ങളില്‍ ഇവര്‍ സഹായിച്ചു.
തെളിവുശേഖരണം
വിപുലമായ ഫോറന്‍സിക്, ഇലക്രോണിക് ഡാറ്റ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. ആക്രമണസ്ഥലത്ത് നിന്ന് 40 ലേറെ വെടിത്തിരക്കൂടുകള്‍ കണ്ടെടുത്തു. ഇവ ബാലിസ്റ്റിക്, രാസ പരിശോധനകള്‍ക്ക് അയച്ചു. ആക്രമണ സ്ഥലത്തിന്റെ 3 ഡി മാപ്പിങ് തയ്യാറാക്കി. താഴ് വരയിലെ മൊബൈല്‍ ടവറുകളില്‍ നിന്നും വിവരം ശേഖരിച്ചു.
ആക്രമണത്തിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മേഖലയില്‍ സാറ്റലൈറ്റ് ഫോണുകളുടെ ഉപയോഗം കൂടിയിരുന്നു. ബൈസരണിന് ചുറ്റും മൂന്നു സാറ്റലൈറ്റ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവയില്‍ രണ്ടെണ്ണത്തില്‍ നിന്നുളള സിഗ്നലുകള്‍ കണ്ടെത്തി വിശകലനം ചെയ്തു.
ചോദ്യം ചെയ്യലും അറസ്റ്റും
ആകെ, 2800ലേറെ പേരെ എന്‍ഐഎയും സുരക്ഷാ ഏജന്‍സികളും ചോദ്യം ചെയ്തു. 150 ലേറെ പേരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തു. ജമാത്തെ ഇസ്ലാമി, ഹുറിയത്ത് കോണ്‍ഫറന്‍സ് എന്നീ നിരോധിത ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികളും ഇതില്‍ ഉള്‍പ്പെടുന്നു.
കുപ്വാര, പുല്‍വാമ, സോപ്പോര്‍, അനന്തനാഗ്, ബാരമുല്ല ജില്ലകളില്‍ റെയ്ഡുകള്‍ നടത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ സഹായിക്കുന്നതായി സംശയിക്കുന്ന നിരവധി പേരുടെ വീടുകളില്‍ തിരച്ചില്‍ നടത്തി. പാക്കിസ്ഥാനില്‍ നിന്ന് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതപ്പെടുന്ന 1999 ലെ ഐസി-814 വിമാനം റാഞ്ചല്‍ കേസിലെ സൂത്രധാരന്‍ മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ അഥവാ ലാത്രമിന്റെ വസതിയില്‍ തിരച്ചില്‍ നടത്തി. സര്‍ഗറിന്റെ ശ്രീനഗറിലെ വീട് നേരത്തെ കണ്ടുകെട്ടിയിരുന്നു.
പഹല്‍ഗാമിന് ചുറ്റുമുള്ള പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ വീണ്ടെടുത്ത് ഭീകരരുടെ വരവും പോക്കും കണ്ടെത്താന്‍ പരിശ്രമിച്ചു. ആക്രമണത്തിന് ഇരകളായവരുടെ കുടുംബങ്ങള്‍, ദൃക്‌സാക്ഷികള്‍, പോണി ഓപ്പറേറ്റര്‍മാര്‍, ഭക്ഷണ വ്യാപാരികള്‍ തുടങ്ങിയവരുടെ മൊഴികളെടുത്തു. ഭീകരരര്‍ ബോഡി മൗണ്ടഡ് ക്യാമറകള്‍ ഉപയോഗിച്ചിരുന്നതായി മിക്കവരും മൊഴി നല്‍കി.
സോനാമാര്‍ഗ് ആക്രമണവുമായി ബന്ധം
കഴിഞ്ഞ വര്‍ഷം ഗന്ധര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗില്‍ സെഡ് മോര്‍ തുരങ്കത്തിന് അടുത്തുണ്ടായ ഭീകരാക്രമണവുമായി പഹല്‍ഗാം ആക്രമണത്തിന് ചില ബന്ധങ്ങള്‍ ഉള്ളതായി എന്‍ഐഎ കണ്ടെത്തി. അന്ന് ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. ഇതേ ലഷ്‌കറി തോയിബ യൂണിറ്റാണ് പഹല്‍ഗാമിനു പിന്നിലുമെന്നാണ് കരുതപ്പെടുന്നത്. 2024 ഡിസംബറില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ ഇക്കൂട്ടത്തില്‍ പെട്ട ജുനൈദ് അഹമ്മദ് ഭട്ടിനെ കീഴ്‌പ്പെടുത്തിയിരുന്നു. മറ്റൊരു ഭീകരര്‍ ഹാഷിം മൂസ രണ്ടുആക്രമണങ്ങളിലും പങ്കെടുത്തു.
പഹല്‍ഗാമില്‍ ഏപ്രില്‍ 15 ഓടെ ഭീകരര്‍ എത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. ബൈസരണില്‍ രണ്ടുദിവസത്തോളം ഇവര്‍ നിരീക്ഷണം നടത്തുകയും ചെയ്തു.