ഇടുക്കി: പൈനാവിൽ മരുമകന്റെ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ അന്നക്കുട്ടി മരിച്ചു. അന്നക്കുട്ടിയുടെ കൊച്ചുമകൾ രണ്ടുവയസുകാരി ലിയയ്ക്കും പൊള്ളലേറ്റിരുന്നു. കേസിൽ പ്രതിയായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. വീടുകൾക്ക് തീവച്ചശേഷം രക്ഷപ്പെട്ട സന്തോഷിനെ ബോഡിമെട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചുമകൾ രണ്ടുവയസുകാരി ലിയ അപകടനില തരണം ചെയ്തു.

ജൂൺ അഞ്ചിനാണ് സന്തോഷ് ഭാര്യാ മാതാവ് അന്നക്കുട്ടിയെയും മകൻ ലിൻസിന്റെ മകൾ ലിയയെയും പെട്രോൾ ഒഴിച്ച് കത്തിച്ചത്. സന്തോഷിന്റെ ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് ഇയാളുടെ സമ്മതം ഇല്ലാതെയാണ് അയച്ചത്. വിദേശത്തു എത്തിയ ശേഷം വിവാഹ മോചനം ആവശ്യപ്പെട്ടതും പ്രകോപനത്തിന് കാരണമായി. വീട്ടിലെത്തി വഴക്കിട്ട ശേഷം അന്നക്കുട്ടിയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. അന്നകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു. വിദേശത്തുള്ള ഭാര്യ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്നും പണം അയക്കുന്നില്ലെന്നും ആരോപിച്ചാണ് സന്തോഷ് ആക്രമണം നടത്തിയത്.

അന്നകുട്ടിയെ ആക്രമിച്ച ശേഷം ഒളിവിൽ പോയ സന്തോഷ് തിരികെയെത്തി അന്നകുട്ടിയുടെ വീടിനും തീയിട്ടിരുന്നു. ഇയാളെ പിന്നീട് ബോഡിമെട്ടിന് സമീപത്തു നിന്നും പൊലീസ് പിടികൂടി. അന്നകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം താന്നിക്കണ്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിക്കും. അന്നക്കുട്ടിയേയും മകളേയും തീ വച്ച ശേഷം സന്തോഷ് ഒളിവിലായിരുന്നു. രാത്രിയെത്തി വീടിനും തീവച്ചു. ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സന്തോഷിന്റെ പ്രതികാരമായി മാറിയത്. പ്രിൻസി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്.

പ്രിൻസിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടാണ് ബഹളം തുടങ്ങിയത്. ഈ സമയം പേരക്കുട്ടിയായ ലിയയെ കൈയിൽ എടുത്ത് വീടിനുള്ളിലിരുന്ന അന്നക്കുട്ടി ഇതിനെ എതിർത്തു. പെട്ടെന്ന് തന്നെ സന്തോഷ് വീടിനകത്ത് കയറി അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സന്തോഷും അന്നക്കുട്ടിയുടെ മകൾ പ്രിൻസിയും എട്ടുവർഷം മുൻപാണ് വിവാഹിതരാകുന്നത്. ഇരുവരും ആദ്യം വേറെ വിവാഹം കഴിച്ചിരുന്നെങ്കിലും നിയമപരമായി വേർപിരിഞ്ഞിരുന്നു.

പ്രിൻസി രണ്ടുമാസം മുമ്പ് വിദേശത്ത് ജോലിക്ക് പോയി. ഇതേച്ചൊല്ലി ഭാര്യാമാതാവായ അന്നക്കുട്ടിയുമായി സന്തോഷ് മുൻപും വഴക്കുണ്ടാക്കിയിട്ടുണ്ട്. പ്രിൻസിയുടെ ശമ്പളം മുഴുവനായും തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടും ഇയാൾ കലഹമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ അമ്മായിയമ്മയെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ തീപ്പെട്ടിയും രണ്ട് കുപ്പിയിൽ പെട്രോളും കരുതിയാണ് സന്തോഷ് ഭാര്യാസഹോദരൻ ലിൻസിന്റെ വീട്ടിലെത്തിയത്. സന്തോഷിന്റെയും പ്രിൻസിയുടേയും ഏഴുവയസ്സുള്ള മകളും അന്നക്കുട്ടിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഈ കുഞ്ഞിനെ പൈനാവിലുള്ള സ്‌കൂളിൽനിന്ന് വിളിച്ചുകൊണ്ടുവന്ന് സഹോദരന്റെ വീട്ടിലാക്കിയശേഷമാണ് ഇയാൾ പെട്രോളുമായി എത്തിയത്. കുട്ടിയുടെ കൈയിൽ മൊബൈൽഫോണും നൽകിയിരുന്നു. വീട് തീ കത്തിച്ച ശേഷം ഇയാളെ പൊലീസ് പിടികൂടി. അന്നക്കുട്ടി മരിച്ചതോടെ ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും.