- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൈനാവിലേത് നിരപ്പിൽ സന്തോഷിന്റെ പ്രതികാരം
തൊടുപുഴ: ഇടുക്കി പൈനാവിൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടതിന് പിന്നിൽ കുടുംബ പക. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷാണ് തീവച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. തീ പിടിക്കുമ്പോൾ രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. വീട്ടിൽ ആരും ഇല്ലാത്തതു കൊണ്ട് വലിയ ദുരന്തം ഒഴിവായി.
അന്നക്കുട്ടിയുടെയും ലിൻസിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് പുതിയ പ്രതികാരം. അന്നക്കുട്ടിയേയും മകളേയും തീ വച്ച ശേഷം സന്തോഷ് ഒളിവിലായിരുന്നു. രാത്രിയെത്തി വീടിനും തീവച്ചു.
ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സന്തോഷിന്റെ പ്രതികാരമായി മാറിയത്. ഇതിനു തുടർച്ചയാണ് ഇന്ന് അരങ്ങേറിയ സംഭവങ്ങളെന്നാണ് വിവരം. പ്രിൻസി ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാൻ സന്തോഷിനു താൽപര്യമില്ലായിരുന്നു. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം ഉണ്ടാക്കി.
തർക്കത്തിനൊടുവിൽ ഭാര്യാ മാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തുടർന്ന്, തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സ്‌കൂളിൽ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരൻ സുഗതന്റെ വീട്ടിലാക്കിയശേഷം ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളഞ്ഞു. അതിന് ശേഷം മടങ്ങി വന്നാണ് വീടിന് തീവച്ചത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു ആദ്യ പ്രകോപനം. ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്യുന്ന സന്തോഷിന്റെ ഭാര്യ പ്രിൻസിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നൽകണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടു. ഈ സമയം പേരക്കുട്ടിയായ ലിയയെ കൈയിൽ എടുത്ത് വീടിനുള്ളിലിരുന്ന അന്നക്കുട്ടി ഇതിനെ എതിർത്തു. പെട്ടെന്ന് തന്നെ സന്തോഷ് വീടിനകത്ത് കയറി അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അന്നക്കുട്ടി വീടിന് പുറത്ത് ചാടി ബഹളം വയ്ക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തതിനിടയിൽ സന്തോഷ് ഓടി രക്ഷപെട്ടു.
ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കൾ വൈകിട്ട് അഞ്ചുമണിയോടെ സന്തോഷിന്റെ സഹോദരൻ സുഗതനും ജോഷി എന്നയാളും പങ്കാളിത്തത്തോടെ ചെറുതോണിയിൽ നടത്തുന്ന അമ്പാടി ഹോട്ടൽ അടിച്ച് തകർത്തു. ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്ലാസും പാകം ചെയ്ത് വച്ചിരുന്ന ആഹാര സാധനങ്ങളും ഹോട്ടൽ ഉപകരണങ്ങളും അടിച്ചു തകർത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് വീടിന് തീവയ്ക്കലും.