- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് വെടിയേറ്റു മരിച്ചു
ലാഹോർ: പാക്കിസ്ഥാനിലെ ജയിലിൽവച്ച് 2013-ൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകരിൽ ഒരാളായ അമീർ സർഫറാസ് ലാഹോറിൽവച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അധോലോക കുറ്റവാളി ആയിരുന്ന സർഫറാസിനെ രണ്ടുപേർ ചേർന്നാണ് വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ. കൊലപാതകത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമല്ല.
2013ലാണ് സരബ്ജിത് ലാഹോർ ജയിലിൽവച്ച് കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സർഫറാസും സഹതടവുകാരനും ചേർന്ന് അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പറയപ്പെടുന്നത്. ചുടുകട്ടയും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ 2013-മെയ് മാസത്തിലാണ് ലാഹോറിലെ ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം അദ്ദേഹം ഹൃദയാഘാതംമൂലം മരിച്ചു.
പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതർ അറസ്റ്റു ചെയ്യുന്നത്. പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും നിഷേധിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ദീർഘകാലം പാക് ജയിലിൽ കഴിയേണ്ടിവരികയുംചെയ്ത അദ്ദേഹം 2013-ലാണ് കൊല്ലപ്പെടുന്നത്.
അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത് ഇന്ത്യയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹർജികളടക്കം പലതവണ സമർപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തെ ആക്രമിച്ച അധോലോക കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിൽ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.
അടുത്തിടെ ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ഭീകരവാദികൾ വിവിധ വിദേശരാജ്യങ്ങളിൽ കൊല്ലപ്പെടുന്നത് പതിവായിരുന്നു. ലഷ്‌കറെ തയിബ ഭീകരൻ അദ്നാൻ അഹമ്മദ് അടക്കമുള്ളഴർ കൊല്ലപ്പെടടിട്ടുണ്ട്. രണ്ട് വർഷത്തിനിടെ പാക്കിസ്ഥാനിൽ മാത്രം ഇരുപതിലധികം കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് എന്നതാണ് കൗതുകം. 2026നകം ഇന്ത്യയ്ക്കെതിരായ ഭീകരപ്രവർത്തനം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പ്രസംഗിച്ചത് ഇന്നലെയാണ്. 2024ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തുമെന്നും 2026നകം കശ്മീരിൽനിന്ന് ഭീകരത തുടച്ചുനീക്കുമെന്നുമായിരുന്നു പ്രസംഗം.
പാക്കിസ്ഥാനിലെ ദേര ഗസ്സി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ സജിദ് മിർ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിലായത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. ലഷ്‌കറെ തയിബ ഭീകരനായ സജിദ് മിർ കഴിഞ്ഞ വർഷം ജൂണിലാണ് പാക്കിസ്ഥാനിൽ പിടിയിലാകുന്നത്. ഭീകര വിരുദ്ധ കോടതി സജിദിനെ 15 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ജയിലിൽ വച്ചാണ് സജിദ് മിറിന്റെ ഉള്ളിൽ വിഷം ചെന്നത്.
അതിനും തൊട്ടുമുൻപ് ഡിസംബർ രണ്ടിനാണ് ഖലിസ്ഥാനി ഭീകരൻ ലക്‌ബിർ സിങ് റോഡ് ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ജയിലിൽവച്ച് മരിച്ചത്. നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ പ്രധാന നേതാവായിരുന്നു. പഞ്ചാബിലെ മോഗ സ്വദേശിയാണ്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാല, ലഖ്ബീർ സിങ്ങിന്റെ അമ്മാവനാണ്. 1984ൽ ഭിന്ദ്രൻവാല കൊല്ലപ്പെട്ടതിനുപിന്നാലെ ലഖ്ബീർ പാക്കിസ്ഥാനിലേക്കു കടന്നു. 1991 മുതൽ ലഹോർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. പഞ്ചാബിലേക്ക് ആയുധക്കടത്തും ഭീകരപ്രവർത്തനവും നടത്തിവരികയായിരുന്നു. വിട്ടുനൽകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട 20 ഭീകരരിൽ ഒരാളാണ്.