പാലക്കാട്: പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തായ കൊടലൂർ സ്വദേശി പൊലീസ് കസ്റ്റഡിയിൽ. കൊല്ലപ്പെട്ട അൻസാർ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടലൂർ സ്വദേശി മുസ്തഫയെ തൃത്താല പൊലീസ് വടക്കാഞ്ചേരിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തരയോടെ കസ്റ്റഡിയിൽ എടുത്തത്. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പറമ്പിൽ അൻസാർ (25) വ്യാഴാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.

തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്‌സിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി മുസ്തഫയെ പിടികൂടിയത്. പൊലീസ് പിടികൂടുമ്പോൾ മുസ്തഫയുടെ ഷർട്ടിൽ രക്തക്കറ ഉണ്ടായിരുന്നു.

മുസ്തഫയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി തൃശ്ശൂർ വടക്കഞ്ചേരിയിൽവച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതൽ ചോദ്യംചെയ്തുവരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിൽവച്ചാണ് അൻസാറിന് കഴുത്തിൽ വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അൻസാർ വാഹനങ്ങൾക്ക് കൈ കാണിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാഹനത്തിൽ കയറ്റി ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തൃത്താല പൊലീസെത്തി നടത്തിയ പരിശോധനയിൽ സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. തൃത്താല കരിമ്പനക്കടവിൽ വിദേശമദ്യവില്പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ ഉപേക്ഷിച്ച നിലയിൽ ഒരു കാറും കണ്ടെത്തി. കാറിൽ രക്തക്കറയും കത്തിയുടെ ഉറയും കണ്ടെത്തിയതായി സൂചനയുണ്ട്.

പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിന് സമീപം റോഡിൽ രക്തക്കറ കണ്ടെത്തി. തുടർന്ന നടന്ന അന്വേഷണത്തിൽ കരിമ്പനക്കടവിൽ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകൾക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.

കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചെന്ന് യുവാവ് ആശുപത്രി അധികൃതർക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. തൃത്താല പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ യുവാവിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.