- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടേക്ക് പോയാൽ അവരെന്നെക്കൊല്ലും; അമ്മ വന്ന് ഒന്ന് സംസാരിക്കാമോയെന്ന് ചോദിച്ചു; അമ്മ സംസാരിച്ചിട്ടും കൂട്ടുകാരുടെ പക അടങ്ങിയില്ല; യാക്കരപ്പുഴയിൽ സുവീഷ് വധക്കേസിൽ വെളിപ്പെടുത്തലുമായി അമ്മ; കേസിൽ കൂടുതൽ പേർ പിടിയിൽ
ചിറ്റൂർ: യുവാവിനെക്കൊലപ്പെടുത്തി യാക്കരപ്പുഴയിൽ തള്ളിയ കേസിൽ വെളിപ്പെടുത്തലുമായി യുവാവിന്റെ അമ്മ.തത്തമംഗലം സ്വദേശി സുവിഷിനെയാണ് ഒരു സംഘം കൊലപ്പെടുത്തി പുഴയിൽ തള്ളിയത്.സംഭവത്തിൽ നാലുപേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി അമ്മ രംഗത്തുവന്നത്.മകന് കൂട്ടുകാരെ ഭയമുണ്ടായിരുന്നതായി കൊല്ലപ്പെട്ട സുവീഷിന്റെ അമ്മ വിജയ പറഞ്ഞു. സുഹൃത്തിന്റെ ഫോൺ എടുത്തെന്നാരോപിച്ച് സുഹൃത്തുക്കൾ സുവീഷിനെ മർദിച്ചിരുന്നു. ഇക്കാര്യം സുവീഷ് അമ്മയോട് പരാതിയായി പറഞ്ഞിരുന്നു.
ഇനി ഈ സംഘവുമായി കൂട്ടുകൂടില്ലെന്നും അമ്മവന്ന് കൂട്ടുകാരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്, ഇരട്ടയാൽ ഭാഗത്തുള്ള ഓട്ടോസ്റ്റാൻഡിലെത്തി ഇവരോട് വിജയ സംസാരിച്ചിരുന്നു. ഇപ്പോൾ അറസ്റ്റിലായ ചിലർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നതായി വിജയ പറഞ്ഞു.സുവീഷിനെ കാണാതാകുന്നതിനുമുമ്പ് ഇവർ തത്തമംഗലത്തുള്ള സുവീഷിന്റെ വീട്ടിൽക്കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയിരുന്നതായി വിജയ ആരോപിച്ചു. തുടർന്ന്, സുവീഷ് അമ്മയുടെ അടുത്തേക്ക് താമസംമാറ്റി. പിന്നീട് ജൂലായ് 14-ന് സുവീഷിന്റെ സുഹൃത്തുക്കൾ തത്തമംഗലത്തെ വീട് തല്ലിപ്പൊളിച്ചതായും വിജയ പറയുന്നു.
അതറിഞ്ഞ് സുവീഷ് അന്ന് വൈകുന്നേരം തത്തമംഗലത്ത് എത്തിയിരുന്നു. വീണ്ടും 17-ന് തിരികെ അമ്മയുടെ അടുത്തേക്ക് പോയി. 14 മുതൽ 17 വരെയും സുവീഷിന്റെ ഫോൺ ഓഫായിരുന്നു.ജൂലായ് 17 മുതൽ കാണാതാകുന്ന 19 വരെ സുവീഷ് അമ്മയോടൊപ്പം വേലന്താവളത്തെ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പന്നിഫാമിലേക്ക് ഇടയ്ക്ക് തീറ്റയെടുക്കാൻ പോകുന്നതിന് സുവീഷ് സഹായിക്കുമായിരുന്നു. എന്നാൽ, അന്ന് പാലക്കാട്ടേക്ക് തീറ്റയെടുക്കാൻ പോകാമോയെന്ന് അമ്മ ചോദിച്ചപ്പോൾ, പാലക്കാട്ടേക്ക് പോയാൽ ചെക്കൻന്മാർ കണ്ടാൽ കൊല്ലുമെന്ന് പറഞ്ഞതായി അമ്മ വിജയ പറയുന്നു.
എന്നാൽ, വൈകുന്നേരത്തോടെ പുറത്തേക്കുപോയ സുവീഷ് ആറുമണിയോടെ അമ്മയെ ഫോണിൽവിളിച്ച് കൽമണ്ഡപത്തുണ്ടെന്നും ബൈക്ക് നേരെയാക്കാൻ വന്നതാണെന്നും പറഞ്ഞു.പാലക്കാട്ട് വന്ന ഇളയസഹോദരൻ വീട്ടിലേക്ക് ബസിൽ വന്നിട്ടുണ്ടെന്നും സ്റ്റോപ്പിൽ നിന്ന് അവനെയുംകൂട്ടി എത്താമെന്നും അറിയിച്ചു.
പക്ഷേ, വന്നില്ല. പിന്നീടാണ് ഫോൺ ഓഫായത്. സാധാരണ പുറത്തുപോകുമ്പോൾ ഹെൽമെറ്റും കോട്ടും ബാഗുമെടുക്കാറുണ്ട്. അന്ന് അതും എടുത്തില്ലെന്ന് അമ്മ പറഞ്ഞു.പിടിയിലായ ആറ് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് യാക്കരപ്പുഴയുടെ ചതുപ്പിൽനിന്ന് പൊലീസ് സുവീഷിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെടുത്തത്. ഒരുമാസത്തിലേറെ പഴക്കമുള്ള അസ്ഥികൾ മാത്രമാണ് ലഭിച്ചത്. ഇതിന്റെ ഫോറൻസിക്ക്ഫലം ലഭിക്കാനുണ്ട്.
സിനിമയെ പോലും വെല്ലുന്ന കൊലപാതക പദ്ധതിയാണ് പ്രതികൾ തയ്യാറാക്കിയത്. മൃതദേഹം ആഴമുള്ള പുഴയിൽ ഒളിപ്പിച്ച പ്രതികൾ തെളിവ് നശിപ്പിക്കാൻ യുവാവിന്റെ മൊബൈൽ ഫോൺ തമിഴ്‌നാട്ടിലേക്ക് പോകുന്ന ലോറിയിലേക്ക് എറിയുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രിയാണ് മെഡിക്കൽ കോളേജിന് പുറകുവശത്തായി യാക്കരപുഴയുടെ ചതുപ്പിൽ നിന്ന് ചിറ്റൂർ തത്തമംഗലം ആറാംപാടം സ്വദേശി സുവീഷിന്റെ (20) മൃതദേഹം കണ്ടെത്തിയത്.
ജുലൈ 19 മുതലായിരുന്നു കാറ്ററിങ് ജോലിക്കാരനായ സുവീഷിനെ കാണാതയത്. ദിവസങ്ങളോളം വീട്ടിൽ നിന്നും മാറി നിൽക്കുന്ന പതിവ് സുവീഷിന് ഉള്ളതിനാൽ വീട്ടുകാർ അന്വേഷിച്ചില്ല. എന്നാല് മകൻ ഏറെ ദിവസം കഴിഞ്ഞിട്ടും തിരിച്ച് വരാതിരുന്നതോടെ സുവീഷിന്റെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലയുടെ ചുരുളഴിഞ്ഞത്.
സുവീഷും സുഹൃത്തുക്കളായ പ്രതികളും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നു. ഇതിനിടെ കാർ അപകടത്തിൽ പെട്ടു.അറ്റകുറ്റപണിക്കായി ഏകദേശം രണ്ടര ലക്ഷത്തോളം രൂപ ചെലവായി. ഇത് വീതിച്ച് നൽകാനായിരുന്നു തീരുമാനം. എന്നാൽ പണം നൽകാൻ സുവീഷ് കൂട്ടാക്കിയില്ലത്രേ. ഇതാണ് കൊലയിൽ കലാശിച്ചത്.
സുവീഷിനെ പ്രതികൾ ജൂൺ 19 ന് വൈകീട്ട് സംസാരിക്കാനായി വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇവർ പാലക്കാട് ഗവ മെഡിക്കൽ കോളജിനു സമീപം യാക്കരപ്പുഴയോരത്തേക്ക് പോയി. ഇവിടെ വച്ച് സംസാരിച്ച് തർക്കമായി. തുടർന്നായിരുന്നു കൊല. പുഴയുടെ ആളങ്ങളിലേക്ക് മൃതദേഹം കെട്ടിത്താഴ്‌ത്തി. സുവീഷിന്റെ ഫോൺ തമിഴ്‌നാട്ടിൽ നിന്നും ലഭിച്ചതാണ് കേസിൽ നിർണായകമായത്.
ഫോണിലേക്ക് നിരന്തരം സുവീഷിന്റെ അമ്മ വിളിച്ചിരുന്നു. ഒരുതവണ ലോറിക്കാർ ഫോൺ എടുത്തു. കളഞ്ഞ് കിട്ടിയതാണെന്ന് അറിയിച്ചു.ജുലൈ 26 ന് ഫോൺ എടുത്തയാളാണ് വിവരങ്ങൾ നൽകിയത്. ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കാർ വാടകയുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പ്രതികൾ മൊഴി നൽകിയെങ്കിലും ലഹരി ഇടപാട് ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ