പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയതിന്റെ സൂത്രധാരൻ പാലാ സ്വദേശിയായ ശരത്. ഹണി ടണിട്രാപ്പിന് ശരത് തയ്യാറാക്കുന്നത് വൻ പദ്ധതികളാണ്. ഒരു വ്യാജ ഫേസ്‌ബുക്ക് ഐഡിയും സിം കാർഡും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കും. ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയ പാടെ യുവതിയെക്കൊണ്ട് തുടർ സന്ദേശം അയപ്പിച്ചു. ഇതിന് പിന്നാലെ വിശ്വാസം ആർജിച്ച ശേഷമാണ് കെണിയിൽ വീഴ്‌ത്തലും തട്ടിപ്പും നടത്തുക.

ആറംഗ സംഘം വ്യവസായിക്കായി കുരുക്ക് ഒരുക്കിയത് ഫേസ്‌ബുക്കിലായിരുന്നു. ഫേസ്‌ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൗൺ സൗത്ത് പൊലീസ് നൽകിയ വിവരം. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. സൂത്രധാരനായ ശരത്തിന്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ സംഘം വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി. വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ എന്നും, ഭർത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവർക്ക് ഒപ്പം ചേർന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിൽ കൊണ്ടുപോയി തുടർ തട്ടിപ്പിനായിരുന്നു നീക്കം.

യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഫീനിക്‌സ് കപ്പിൾസ് എന്ന മാതൃകാ ദമ്പതികൾ

സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്സ് കപ്പിൾസ് എന്നായിരുന്നു. ഈ പേരിൽ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുമുണ്ട്. യുട്യൂബിലും ഈ പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഫീനികസ് കപ്പിൾ ഇൻസ്റ്റാഗ്രാം പേജിൽ അറുപതിനായിരത്തിനു മുകളിൽ ഫോളോവേഴ്സുണ്ട്.

മാതൃകാ ദമ്പതികളായി ആടിപ്പാടുന്ന ഇവർ സൈബർ ലോകത്ത് പല വൈറൽ വീഡിയോകളും ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ ഐശ്വര്യത്തിനായി നിറുകയിൽ വലിയ കുങ്കുമം ഇടുന്ന ഭാര്യയെന്ന നിലയിലാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. നിരവധി റീൽസ് വീഡിയോകൾ ഈ ദമ്പതികൾ ചെയ്തിരുന്നു. ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഇവരുടെ റീൽസുകളെല്ലാം.

ട്രിപ്പും പാർട്ടിയും ഫോട്ടോഷൂട്ടുമായി ആഡംബര ജീവിതമായിരുന്നു ഇവർക്ക്. പണത്തിനുണ്ടായ ആവിശ്യമാകാം ഇവരെ ഹണിട്രാപ്പിലെക്ക് നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരുടെ കൂടെ പിടിയിലായ കോട്ടയം സ്വദേശി ശരത്താണ് പദ്ധതിയുടെ സൂത്രധാരൻ. വലിയ ബിസിനസ്പ്ലാൻ ഉള്ളതായി രണ്ട് പേരും യൂട്യൂബിലെ ലൈവിൽ പറഞ്ഞിരുന്നു. ദുബായിൽ ഫ്‌ളാറ്റ് ലീസിനെടുത്ത് ഭാഗിച്ച് വാടകയ്ക്ക് നൽകുക എന്നതായിരുന്നു ഇവരുടെ ബിസിനസ് പ്ലാൻ. ദേവുവിന്റെ അമ്മ വർഷങ്ങളായി മെസ് നടത്തുകയാണെന്നുമാണ് തങ്ങളുടെ ഫോളോവേഴ്സിനോടായി ഇവർ പങ്കുവെച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമായ ദേവു സമർത്ഥമായാണ് വ്യവസായിയെ കെണിയിൽ കുരുക്കിയത്. പ്രതികളിൽ ഒരാളായ ദേവു വ്യവസായിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ദേവുവിനെ കാണാനുള്ള ആകാംക്ഷയിൽ പാലക്കാട്ടെത്തിയ വ്യവസായിയെ കാത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു.

പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവും സംഘവും ചേർന്ന് തട്ടിയെടുത്തു. തുടർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ ഇപ്പോൾ പിടികൂടാനായത്. തേൻ കെണി എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളിൽ നിന്നും സംഘം മുൻപ് പണം തട്ടിയിരുന്നോയെന്നും പാലക്കാട് സൗത്ത് പൊലീസ് പരിശോധിക്കുകയാണ്.