- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പത്തൊൻപതുകാരൻ ജീവനൊടുക്കി; പിന്നാലെ ഇരുപതുകാരിയുടെ ആത്മഹത്യ ; ഇരുമരണങ്ങൾക്കും പിന്നാലെ കൈഞരമ്പ് മുറിച്ച് വിദ്യാർത്ഥിനിയുടെ ആത്മഹത്യശ്രമം ;പാലക്കാടിനെ ഞെട്ടിച്ച സംഭവത്തിന് പിന്നിൽ ലഹരിമാഫിയയുടെ കെണി ; മരണത്തിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ച് നർക്കോട്ടിക് സംഘം
പാലക്കാട് : പാലക്കാടിനെ ഞെട്ടിച്ച തുടർആത്മഹത്യക്കും ആത്മഹത്യശ്രമത്തിനും പിന്നിൽ ലഹരിമാഫിയയുടെ കെണിയെന്ന് കണ്ടെത്തൽ.അമിത ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പാലക്കാട് നഗരത്തിലെ രണ്ടിടങ്ങളിലായി യുവതിയും യുവാവും ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വടക്കഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സമാനരീതിയിലുള്ള സംഭവങ്ങൾ ആവർത്തിച്ചത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരുന്നു.അതിന് പിന്നാലെയാണ് സംഭവം ലഹരിക്കെണിയാണെന്ന് തെളിയുന്നത്.
ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിയായ യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം എം.ഡി.എം.എ. അടക്കമുള്ള രാസലഹരികളുടെ ഉപയോഗവും ഇതുസംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുമാണെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബെംഗളൂരുവിലായിരുന്ന വിദ്യാർത്ഥി പതിവായി ലഹരി ഉപയോഗിക്കുന്നതും ലഹരിക്കച്ചവടത്തിൽ ഉൾപ്പെട്ടതും അടുത്തിടെ വീട്ടുകാർ അറിഞ്ഞിരുന്നു. ഇതോടെ ഇനി ബെംഗളൂരുവിലെ പഠനം തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിയ വീട്ടുകാർ, ബെംഗളൂരുവിൽ പോകുന്നതും വിലക്കി.
പതിവ് ലഹരി ഉപയോഗത്തിന് രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടതിനെത്തുടർന്നുള്ള കലഹവുമുണ്ടായി.ഇതുസംബന്ധിച്ചുണ്ടായ വഴക്കിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.യുവാവിന്റെ കിടപ്പുമുറിയിൽനിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും ഇത് സാധൂരിക്കുന്ന മൊഴിയാണ് നൽകിയിരിക്കുന്നത്. യുവാവിന് ആരെല്ലാമായി ബന്ധമുണ്ട്, ബെംഗളൂരുവിലെ ലഹരിമാഫിയ ബന്ധം തുടങ്ങിയവയും ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
പരിശോധനയിൽ പുതിയതരം ലഹരി വസ്തുക്കൾ പതിവായി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.പാലക്കാട് നഗരത്തിൽ താമസിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി ജീവനൊടുക്കിയതിന് പിന്നിലും ലഹരി ഉപയോഗത്തെ തുടർന്നുള്ള മാനസികപ്രശ്നങ്ങളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജീവനൊടുക്കിയ 22-കാരി സ്ഥിരമായി മദ്യപിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം.ഇൻക്വസ്റ്റ് തയ്യാറാക്കാനെത്തിയ പൊലീസ് സംഘത്തിന് നിരവധി മദ്യക്കുപ്പികളാണ് പെൺകുട്ടിയുടെ കിടപ്പുമുറിയിൽനിന്ന് ലഭിച്ചത്.
പെൺകുട്ടിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തപ്പോൾ പതിവായി ബിയറും മദ്യവും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇവരോടൊപ്പം പെൺകുട്ടി സ്ഥിരമായി മദ്യപിച്ചിരുന്നു. മറ്റുലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി തങ്ങൾക്കറിയില്ലെന്നാണ് കൂട്ടുകാർ മൊഴി നൽകിയത്. എന്നാൽ മദ്യത്തിന് പുറമേ മറ്റുലഹരിവസ്തുക്കളും പെൺകുട്ടി ഉപയോഗിച്ചിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.പെൺകുട്ടി അധികസമയവും മുകൾനിലയിലെ മുറിയിലായതിനാൽ താഴത്തെ നിലയിൽ കഴിഞ്ഞിരുന്ന വീട്ടുകാർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.ഇതിന് പിന്നാലെയാണ് സ്‌കൂൾ വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മൂന്നു സംഭവങ്ങളിലും കണ്ടെത്തിയതോടെയാണ് പൊലീസിന്റെ നാർക്കോട്ടിക് സെൽ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുള്ളത്.മരിച്ചവരുടെയും ആത്മഹത്യാശ്രമം നടത്തിയ വിദ്യാർത്ഥിനിയുടെയും ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു.എം.ഡി.എം.എ. അടക്കമുള്ള രാസലഹരികൾ പ്രധാനമായും ബെംഗളൂരുവിൽ നിന്നാണ് ജില്ലയിലേക്ക് എത്തുന്നതെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി. എം.അനിൽകുമാർ പറഞ്ഞു.
കൗതുകത്തിന് തുടങ്ങുകയും പിന്നീട് ലഹരി പതിവായി ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാർത്ഥികളിൽ പലരും മാറുന്നുവെന്നാണ് വിലയിരുത്തൽ.ഇവർക്ക് ലഹരി കൈമാറിയിരുന്നവരും നിരീക്ഷണത്തിലാണ്.അടുത്തിടെ ജില്ലയിൽ ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ട മിക്കവരും ബെംഗളൂരുവിൽ പഠിക്കുന്നവരാണ്. നൈജീരിയൻ സ്വദേശികളാണ് ബെംഗളൂരുവിൽ എം.ഡി.എം.എ വിൽക്കുന്നത്. വിദ്യാർത്ഥികൾ അവിടെനിന്ന് ലഹരിമരുന്ന് കൊണ്ടുവന്ന് ഇരട്ടിവിലയ്ക്ക് വിൽക്കുന്നു.
ഇതിനൊപ്പം ലഹരി ഉപയോഗിക്കുകയും ചെയ്യുന്നു. ലഹരിമരുന്ന് വില്പനയിൽ പണം ലഭിക്കുന്നതോടെ പലരും ഇതൊരു സ്ഥിരം ബിസിനസാക്കി മാറ്റുകയാണെന്നും ലഹരിമാഫിയ ബന്ധങ്ങൾ കണ്ടെത്താൻ ബെംഗളൂരുവിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ