കൊച്ചി: 2016ലെ പാനമ പേപ്പേഴ്‌സ് അന്വേഷണത്തിൽ അനധികൃത അന്താരാഷ്ട്ര പണമൊഴുക്കിന്റെ പ്രധാന കേന്ദ്രമെന്ന് വെളിപ്പെടുത്തിയ നിയമ സ്ഥാപനമായ മൊസാക് ഫൊൻസെക്ക ആഗോള പരിശോധനയ്ക്ക് ശേഷവും വിദേശ ഇടപാടുകൾ നടത്തിയതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. വിവാദ സ്ഥാപനം കേരള ബന്ധമുള്ള കമ്പനികളുടെ ശൃംഖലയ്ക്ക് വിദേശ ഇടപാടുകൾ ഔട്ട് സോഴ്‌സ് ചെയ്തതായാണ് റിപ്പോർട്ട്.

ഈ കേസിൽ ആരോപണ വിധേയരായ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ് മാത്യുവിനും കുടുംബത്തിനും എതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടി ശക്തമാക്കിയിരിക്കയാണ്. ശതകോടികളുടെ കള്ളപ്പണ നിക്ഷേപമാണ് ഈ മലയാളി വഴി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കുറച്ചുകാലമായി തന്നെ ഇഡി റഡാറിലുള്ള ജോർജ്ജ് മാത്യുവും കുടുംബവും നാട്ടിൽ എത്തിയെന്നറിഞ്ഞാണ് കൃത്യമായി ഇഡി വല വിരിച്ചത്.

വിദേശത്ത് സ്ഥിരതാമസമാക്കിയ ജോർജ് മാത്യുവും കുടുംബവും കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു. ഇവർ ദുബായിലേക്ക് മടങ്ങാൻ ശ്രമിക്കവേ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞ് മടക്കിയയച്ചു. ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇ.ഡി. ചൊവ്വാഴ്ച കൊച്ചിയിൽ ചോദ്യംചെയ്തു.

കോട്ടയം അയ്മനം സ്വദേശിയാണ് ജോർജ് മാത്യുവെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച ഇ.ഡി. ചോദ്യംചെയ്ത അഭിഷേകിനെ കൂടാതെ ഒരു മകൻകൂടി ഇദ്ദേഹത്തിനുണ്ട്. നാൽപ്പതു വർഷത്തോളമായി ദുബായിലാണ് ഇവരുടെ താമസം. ചൊവ്വാഴ്ച പുലർച്ച രണ്ടുമണിക്കുള്ള വിമാനത്തിൽ ദുബായിലേക്ക് കടക്കാനായി ജോർജ് മാത്യുവും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ ഇ.ഡി. ലുക്ക് ഔട്ട് നോട്ടീസിന്റെ പശ്ചാത്തലത്തിൽ തിരിച്ചയക്കുകയായിരുന്നു.

2016ലാണ് രാജ്യത്തെ സിനിമാരംഗത്തെ പ്രമുഖരുടേത് അടക്കമുള്ള കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ചുള്ള പാനമ പേപ്പർ പുറത്തുവരുന്നത്. തുടർന്നാണ് ജോർജ് മാത്യുവിലേക്ക് അന്വേഷണം എത്തിയത്. 2022 ഏപ്രിലിൽ ജോർജ് മാത്യുവുമായി ബന്ധപ്പെട്ട കൊച്ചിയിലെ ചില സ്ഥാപനങ്ങളിലും വീടുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

ഏകദേശം ഒരു വർഷവായി ജോർജ് മാത്യുവും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും മക്കളും മറ്റും ഇ.ഡിയുടെ റഡാറിലാണ്. ഇതിനിടെ ജോർജ് മാത്യുവിനെയും ഒരു മകനെയും ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ അതിനിടയ്ക്ക് ജോർജ് മാത്യു വിദേശത്തേക്ക് പോയി. പിന്നീട് മടങ്ങിവന്നില്ല. ഇ.ഡി. നിരവധി തവണ ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചുവെങ്കിലും ഇവർ ഹാജരായില്ല. തുടർന്ന് 15 ദിവസം മുൻപാണ് കുടുംബത്തെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇവർ കേരളത്തിലെത്തിയതെന്നാണ് വിവരം.

ചൊവ്വാഴ്ച കള്ളപ്പണ ഇടപാടും ജോർജ് മാത്യുവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തെത്തിയതിന് പിന്നാലെയാണ് ഇവർ ദുബായിലേക്ക് വീണ്ടും കടക്കാൻ ശ്രമിച്ചതും ഇ.ഡി. തടഞ്ഞതും. ചൊവ്വാഴ്ച ജോർജിനെയും അഭിഷേകിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ നെഞ്ചുവേദനയെന്ന് പറഞ്ഞ് ജോർജ് ഹാജരായില്ല. അഭിഷേക് ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തു. രാവിലെ മുതൽ രാത്രി വൈകിവരെ ചോദ്യം ചെയ്യൽ നീണ്ടു. എന്നാൽ അന്വേഷണം നടക്കുകയാണെന്നും അത്രേ തനിക്കറിയൂ എന്നുമായിരുന്നു അഭിഷേക് പ്രതികരിച്ചത്. മാതൃഭൂമി ന്യൂസ് ആണ് ജോർജ് മാത്യുവിനെ കുറിച്ചുള്ള വിവരങ്ങൽ പുറത്തുവിട്ടത്.

ജോർജിന്റെയും അഭിഷേകിന്റെയും മറ്റും പേരിൽ നിരവധി ഷെൽ കമ്പനികൾ രൂപവത്കരിച്ചിരുന്നെന്നാണ് വിവരം. ജോർജ് മാത്യുവിന്റെ അക്കൗണ്ടുകൾ വഴിയാണ് കള്ളപ്പണം പാനമയിലേക്ക് പോയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിലവിൽ കൊച്ചിയിലെ ഒരു ഫ്ളാറ്റിൽ ജോർജും കുടുംബവും ഉണ്ടെന്നാണ് വിവരം. വരുംദിവസങ്ങളിൽ ഇവരെ ചോദ്യംചെയ്‌തേക്കുമെന്നും കടുത്ത നടപടികളിലേക്ക് ഇ.ഡി. കടന്നേക്കുമെന്നുമാണ് സൂചന.

കഴിഞ്ഞ വർഷം ഏപ്രിൽ 22ന് മാത്യു ജോർജിന്റെ കൊച്ചിയിലെ വസതിയിലും ഓഫീസിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇയാളുടെ കമ്പ്യൂട്ടറുകളിലെ തെളിവുകൾ, മൊസാക്ക് ഫൊൻസെകയുമായുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യയിൽ ഇന്ത്യൻ എക്സ്‌പ്രസ് ഉൾപ്പെടുന്ന ഒരു ആഗോള കൺസോർഷ്യത്തിന്റെ അന്വേഷണത്തിൽ 11.5 ദശലക്ഷം ഇന്റേണൽ റെക്കോർഡുകൾ ചോർന്നതിനെത്തുടർന്ന് 2018ൽ മൊസാക് ഫൊൻസെക്ക അടച്ചുപൂട്ടാൻ നിർബന്ധിതരായിരുന്നു. മൊസാക് ഫൊൻസെക്കയുടെ ഇടപാടുകാർ ലോകമെമ്പാടും ഉള്ളതിനാൽ കേരളത്തിലെ കേസിനെക്കുറിച്ച് അന്താരാഷ്ട്ര സാമ്പത്തിക, എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ ഉടൻ അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മാത്യു ജോർജുമായി ബന്ധമുള്ള ഇടങ്ങളിലെ ഇഡി പരിശോധനയിൽ മൊസാക് ഫൊൻസെക്കയുടെ 599 ക്ലയന്റുകളുടെ ഒരു മാസ്റ്റർ ലിസ്റ്റ് കണ്ടെടുത്തിരുന്നു. മാത്യു ജോർജ് രജിസ്റ്റർ ചെയ്ത നാല് കമ്പനികളിൽ ഒന്നിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി പണമടച്ച രേഖകളാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

സ്റ്റാർ സൈറ്റ് ജനറൽ കോൺട്രാക്ടിങ് എൽഎൽസി, സ്റ്റാർ സൈറ്റ് ട്രേഡിങ് ലിമിറ്റഡ്, സമാഗ് റിസോഴ്‌സ് ലിമിറ്റഡ്, കൂടാതെ എം ആൻഡ് എ റിസോഴ്‌സസ് ലിമിറ്റഡ് എന്നി കമ്പനികളാണിവ. 2016 ലെ പുലിറ്റ്‌സർ സമ്മാനം നേടിയ പനാമ പേപ്പേഴ്‌സ് അന്വേഷണത്തിന് രണ്ട് വർഷത്തിന് ശേഷം, ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളും (ഐസിഐജെ) ഇന്ത്യൻ എക്സ്‌പ്രസ് ഉൾപ്പെടെയുള്ള അതിന്റെ പങ്കാളികളും 2018 ൽ - ദി പനാമ പേപ്പേഴ്‌സ് 2 പ്രസിദ്ധീകരിച്ചിരുന്നു.