- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനമ രേഖകളിൽ പറയുന്ന നിയമസ്ഥാപനം ഇടപാട് നടത്തിയത് മലയാളി വഴി; മൊസാക്ക് ഫൊൺസേകയുടെ വിദേശ ഇടപാടുകൾ മാത്യു ജോർജ്ജ് എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയെന്ന് കണ്ടെത്തൽ; ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ ഇഡി അന്വേഷണം
ന്യൂഡൽഹി: വിവാദമായ പാനമ രേഖകളിൽ പറയുന്ന നിയമസ്ഥാപനം ഇടപാടുകൾ നടത്തിയത് മലയാളി വഴിയെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങി. ചാർട്ടേഡ് അക്കൗണ്ടന്റായ മാത്യു ജോർജിനെതിരേയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പാനമ രേഖകളിൽ പരാമർശിക്കുന്ന മോസാക്ക് ഫൊൻസേക്ക എന്ന സ്ഥാപനത്തിന്റെ വിദേശ ഇടപാടുകൾ മാത്യു ജോർജിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണെന്നാണ് കണ്ടെത്തൽ. നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാളാണ് മലയാളിയായ മാത്യു ജോർജ് എന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ അക്കൗണ്ടിങ് സ്ഥാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കൊച്ചിയിലെ ഓഫീസിലും വീട്ടിലും പരിശോധന നടത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയവിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിട്ടുള്ളത്. 2016ലാണ് പനാമ രേഖകൾ പുറത്തെത്തിയത്. വിവാദമായ വ്യവസായികളെ മുതൽ രാഷ്ട്രനേതാക്കളെ വരെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകളുള്ള രേഖകളാണ് പാനമ പേപ്പർ വഴി പുറത്തുവന്നത്. ജർമൻ പത്രമായ സിഡോയിച് സെയ്തൂങാണ് രേഖകൾ പുറത്തുകൊണ്ടുവന്നത്. ഇത് ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്‌സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.
ഇന്ത്യയിൽ ഇന്ത്യൻ എക്‌സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്. പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊസാക് ഫൊൻസെക എന്ന സ്ഥാപനത്തിന്റെ രേഖകളാണ് ചോർത്തിയത്. മൊസ്സാക് ഫൊൺസേക എന്താണെന്നും അവർ ചെയ്യുന്നതെന്താണെന്നും സംബന്ധിച്ച ചെറിയൊരു കുറിപ്പ്
എന്താണ് മൊസാക് ഫൊൻസെക?
പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമസഹായ സ്ഥാപനമാണ് മൊസാക്ക് ഫൊൺസേക. വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണം നിക്ഷേപിക്കാൻ ഇടപാടുകാർക്ക് രേഖകൾ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. നികുതി ഇളവുള്ള രാജ്യങ്ങളിൽ സമ്പത്ത് നിക്ഷേപിച്ച് ലാഭം വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വാർഷിക ഫീസ് വാങ്ങിയാണ് ഇവർ സേവനം ചെയ്യുന്നത്. കമ്പനികളുടെ സ്വത്തും സമ്പത്തും കൈകാര്യം ചെയ്യുന്നതും ഇവരുടെ ജോലിയാണ്.
മധ്യ അമേരിക്കൻ രാജ്യമായ പനാമ ആസ്ഥാനമായാണ് മൊസാക് ഫൊൺസേക പ്രവർത്തിക്കുന്നത്. എന്നാൽ ലോമെമ്പാടും ഇതിന്റെ ഏജൻസികൾ പ്രവർത്തിക്കുന്നു. 42 രാജ്യങ്ങളിലായി 600 പേർ തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്നതായി കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ലോകം മുഴുവൻ ഇവർക്ക് ഫ്രാഞ്ചൈസികളുണ്ട്. വെവ്വെറെ ഏജൻസികളാണ് ഇവിടെ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത്. ഈ ഏജൻസികൾക്ക് ഫൊൺസേക ബ്രാൻഡ് ഉപയോഗിക്കാൻ അധികാരമുണ്ട്. കുറഞ്ഞ നികുതികൾ ഈടാക്കുന്ന രാജ്യങ്ങളായ സ്വിറ്റ്‌സർലൻഡ്, സൈപ്രസ് ആൻഡ് ബ്രിട്ടീഷ് വിർജിനിയ ഐലൻഡ്‌സ്, ബ്രിട്ടീഷ് രാജ്ഞിയെ ആശ്രയിക്കുന്ന രാജ്യങ്ങളായ ഗ്വെറൻസി, ജെഴ്‌സി, മാൻ ഐലൻഡ് എന്നിവിടങ്ങളിൽ ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നു.
രണ്ട് ലക്ഷം കമ്പനികൾക്കായാണ് മൊസാക് ഫൊൺസേക രജിസ്‌റ്റേഡ് ഏജന്റായി പ്രവർത്തിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ നിയമപരമായും എന്നാൽ പേരു വെളിപ്പെടുത്താതെയും ഇവർ സൂക്ഷിക്കുന്നു. ഈ രീതിയിൽ കമ്പനികളുടെ സമ്പത്തും ഇവരുടെ കൈയിൽ ഭദ്രമായിരിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും താത്പര്യമുള്ള രാജ്യങ്ങൾ താഴെയുള്ള ഗ്രാഫിക്‌സിൽ നിന്നും മനസ്സിലാക്കാം. ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സിലാണ് ഏറ്റവും കടുതൽ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ലക്ഷം കമ്പനികളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കമ്പനികളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നതിന് പകരം മധ്യവർത്തികളുടെ നിർദേശമനുസരിച്ചാണ് മൊസാക് ഫൊൺസേക പ്രവർത്തിക്കുന്നത്. അക്കൗണ്ടന്റുകൾ, അഭിഭാഷകർ, ബാങ്കുകൾ, ട്രസ്റ്റ് കമ്പനികൾ എന്നിവയിൽ നിന്നാണ് സാധാരണ മൊസാക് ഫൊൺസേക കമ്പനി നിർദേശങ്ങൾ സ്വീകരിക്കുന്നത്. യൂറോപ്പിൽ ഈ മധ്യവർത്തികൾ പ്രവർത്തിക്കുന്നത് സ്വിറ്റ്‌സർലൻഡ്, ജെഴ്‌സി, ലക്‌സംബർഗ്, ബ്രിട്ടൺ എന്നിവിടങ്ങളിലാണ്.
എവിടെ നിന്നാണ് ഈ പണം വരുന്നത്. ഈ വിവരം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. നോമിനികളെ മുന്നിൽവച്ചാണ് കമ്പനികൾ രേഖകൾ ശരിയാക്കുന്നത്. ഈ നോമിനികൾക്ക് കമ്പനിയിലെ സ്വത്തുക്കളിൽ ഒരു തരത്തിലുള്ള അവകാശവും ഇല്ല. അവർക്ക് ഒപ്പിടേണ്ട ചുമതല മാത്രമേയുള്ളൂ. 13,000 കമ്പനികളുടെ കണക്കെടുത്തപ്പോൾ ഇവർ ആസ്ഥാനമാക്കിയ പ്രദേശങ്ങളുടെ സൂചന മാത്രമേ ലഭിക്കുന്നുള്ളൂ. ഇതനുസരിച്ച് ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ഭൂരിപക്ഷവും.
അതേസമയം ആരോപണവിധേയരായ കമ്പനികളെ പറ്റി ചർച്ച ചെയ്യാറില്ലെന്ന് ഫൊൺസേക പറയുന്നത്. കമ്പനികളുടെ പേര് രഹസ്യമായി സൂക്ഷിക്കും. എല്ലാ കമ്പനികളെയും വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ സേവനം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നു. ഈ പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നുണ്ടെന്നും മൊസാകേ ഫൊൺസേക വിവാദ വേളയിൽ വ്യക്തമാക്കിയിരുന്നു.




