- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പനമ്പിള്ളി നഗറിലെ അമ്മ കൊലയിൽ ദുരൂഹത മാറുന്നില്ല
കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽനിന്ന് യുവതിയായ അമ്മ നവജാതശിശുവിനെ വലിച്ചെറിഞ്ഞു കൊന്ന കേസിൽ പിതാവ് എന്ന് സംശയിക്കുന്ന യുവാവിലേക്കുള്ള അന്വേഷണം പൊലീസ് തുടങ്ങിയില്ല. യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ രക്തസാംപിൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ, ഗർഭിണിയാക്കിയ യുവാവിന്റെ ഡി.എൻ.എ. പരിശോധന നടത്തൂ. യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം വിശദമായി മൊഴിയെടുക്കും. അതിനു ശേഷമേ യുവാവിലേക്കുള്ള അന്വേഷണത്തിലേക്ക് പൊലീസ് കടക്കുകയുള്ളൂ.
ചോരക്കുഞ്ഞിന്റെ മൃതദേഹം തിങ്കളാഴ്ച പൊലീസിന്റെ നേതൃത്വത്തിൽ സംസ്‌കരിക്കും. പൊലീസിന് ഇതിനുള്ള സമ്മതപത്രം യുവതി നൽകിയിട്ടുണ്ട്. യുവതി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. മൊഴിയെടുക്കാൻ സാധിക്കുമോ എന്നറിയാൻ പൊലീസ് സംഘം ആശുപത്രിയിലെത്തിയിരുന്നു. പക്ഷേ, ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിവരങ്ങൾ ശേഖരിക്കാതെ മടങ്ങി. ഡോക്ടർമാരുമായി പൊലീസ് ആശയ വിനിമയത്തിലാണ്. ആരോഗ്യം വീണ്ടെടുത്താൽ മൊഴി എടുക്കും.
ബംഗളുരുവിൽ വിദ്യാർത്ഥിനിയായിരുന്ന യുവതി മൂന്നുമാസം മുമ്പാണ് അവിടെനിന്നു വീട്ടിൽ വന്നത്. അമ്മയും പ്രായമേറിയ മറ്റൊരു സ്ത്രീയും പിതാവും ഫ്ളാറ്റിൽ ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ അമ്മയും പിതാവും മാത്രമേ ഫ്ളാറ്റിൽ ഉണ്ടായിരുന്നുള്ളൂ. യുവതി ബംഗളുരുവിൽ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായതെന്നു സംശയിക്കുന്നുണ്ട്. എന്നാൽ, ആരാണ് യുവതിയെ പീഡിപ്പിച്ചതെന്നുള്ള കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ യുവതി കുറ്റംസമ്മതിച്ചെങ്കിലും പ്രസവത്തെത്തുടർന്നുള്ള ശാരീരിക വിഷമതകൾ നേരിടുന്നതിനാൽ കൂടുതൽ ചോദ്യംചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ യുവാവാണു പീഡിപ്പിച്ചതെന്നാണു സംശയം. വിശദമായ ചോദ്യംചെയ്യൽ പിന്നീട് നടക്കും. പീഡനത്തിൽ വ്യക്തമായ മൊഴി കിട്ടിയാൽ അറസ്റ്റും ഉണ്ടാകും. ഗർഭിണിയായ വിവരം യുവതി എല്ലാവരിൽ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു. ബംഗളരുവിൽനിന്ന് എത്തിയ യുവതി വീടിനു പുറത്ത് കാര്യമായി വരാറില്ലായിരുന്നു. ഫ്ളാറ്റ് സമുച്ചയത്തിൽ 24 അപാർട്മെന്റുകളാണുള്ളത്. ഇതിൽ 21 ലും ആൾത്താമസമുണ്ട്. മൂന്നെണ്ണമാണ് ഒഴിഞ്ഞുകിടക്കുന്നത്.
മാനഭംഗത്തിന് ഇരയായ അവിവാഹിതയായ ഇരുപത്തിമൂന്നുകാരിയാണ് നവജാത ശിശുവിനെ റോഡിലെറിഞ്ഞതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞിരുന്നു. ഗർഭിണിയാണെന്ന് ഒപ്പമുള്ള മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. കുറ്റകൃത്യത്തിൽ മാതാപിതാക്കൾക്ക് പങ്കില്ലെന്ന് വ്യക്തമായതായി കമ്മിഷണർ പറയുന്നു.
വീട്ടുകാരറിയാതെ ശുചിമുറിയിൽ കയറി വാതിലടച്ച് പുലർച്ചെ അഞ്ചോടെയാണ് പ്രസവിച്ചത്. മൂന്നുമണിക്കൂറിനുശേഷം എട്ടോടെ ഫ്ളാറ്റിലെ ബാൽക്കെണിയിൽ നിന്ന് കുഞ്ഞിനെ റോഡിലേക്ക് എറിഞ്ഞു. പ്രസവശേഷമുണ്ടായ ഉൾഭയത്തിൽ നിന്നാവാം എറിഞ്ഞത്. കുഞ്ഞിന് ജീവനുണ്ടായിരുന്നോ എന്ന ചോദ്യത്തിന് പ്രതിയിൽ നിന്ന് വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് കമ്മിഷണർ പറഞ്ഞു.