കൊച്ചി: പനമ്പള്ളി നഗറിലെ ഒരു ദിവസം മാത്രമുള്ള ചോരക്കുഞ്ഞിന്റെ മരണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സുഹൃത്തായ തൃശൂർ സ്വദേശിയിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇൻസ്റ്റാഗ്രാമിലും മറ്റും ഡാൻസ് വീഡിയോ റീൽ ഇടുന്ന സ്വഭാവം യുവതിക്കുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലാണ് തൃശൂരുകാരനുമായി പരിചയപ്പെട്ടത്. ഏറെ കാലം യുവതി ബംഗ്ലൂരുവിൽ പഠിച്ചിരുന്നു. മൂന്ന് മാസം മുമ്പ് പഠനം നിർത്തി കൊച്ചിയിൽ എത്തി. അച്ഛന്റേത് കർശന സ്വഭാവമായിരുന്നു. ഇതു കാരണമാണ് ആരുമറിയാതെ ആ കുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇക്കാര്യമൊന്നും ആരോടും പറഞ്ഞിരുന്നില്ലെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

ഇത് വിശ്വാസത്തിലെടുത്താണ് പൊലീസ് അന്വേഷണവും. ആരോഗ്യപരമായി യുവതിയ ക്ഷീണാവസ്ഥയിലാണ്. മാനസിക പ്രശ്‌നങ്ങളുമുണ്ട്. ആരോഗ്യം വീണ്ടെടുത്ത ശേഷം വ്യക്തമായ മൊഴി എടുക്കും. തൃശൂരിലെ യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമുണ്ടെങ്കിൽ മാത്രമേ ബാലത്സംഗ കുറ്റം ചുമത്താൻ കഴിയൂ. കുട്ടിയെ കൊന്നതിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെങ്കിൽ റേപ്പ് കേസുണ്ടാകില്ല. ഇതെല്ലം വിശദമായ മൊഴിയിലൂടെ മാത്രമേ ഉറപ്പിക്കാനാകൂ. കൊച്ചി സെൻട്രൽ എസിപി പി രാജ് കുമാറിനാണ് അന്വേഷണ ചുമതല. എല്ലാ വശങ്ങളിലേക്കും അതുകൊണ്ട് തന്നെ അന്വേഷണം പോകുമെന്ന് ഉറപ്പാണ്.

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമാണോയെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം.

പ്രസവം നടന്നത് പുലർച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോർട്ടത്തിലെ വ്യക്തമാകൂ. യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായതു കൊണ്ടു ശരീരത്തിൽ നിന്നും യുവതിക്ക് രക്തം നഷ്ടമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ നിരീക്ഷണവും ചികിൽസയും അനിവാര്യതയാണ്.

രാവിലെ 8.15നാണ് കുറിയർ കവറിൽ പൊതിഞ്ഞ നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോളാണ് 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്ന് വ്യക്തമായത്.