- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡിഎൻഎ പരിശോധന നടത്തും; കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ പൊലീസ്
കൊച്ചി: പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്‌ളാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തും. കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാനാണ് ഇത്. ആൺസുഹൃത്തനെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടില്ല. വിശദ മൊഴി എടുക്കുമ്പോൾ അവിവാഹിതയായ അമ്മ എന്തു പറയുമെന്നതാണ് നിർണ്ണായകം. അതിജീവിതയെന്നാണ് യുവതിയെ കേരള പൊലീസ് ഇപ്പോഴും വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡി എൻ എ സാമ്പിൾ ശേഖരിച്ചത്.
കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായി എന്നത് പൊലീസിന്റേയും വീട്ടുകാരുടേയും സംശയമാണ്. നിലവിൽ ആർക്കുമെതിരെ യുവതി മൊഴി നൽകിയിട്ടില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാൽ ഡിഎൻഎ പരിശോധന അനിവാര്യമാകും. ആൺസുഹൃത്തിന്റെ പേര് പെൺകുട്ടി പറഞ്ഞിട്ടുണ്ട്. തൃശൂരുകാരനായ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചേക്കാം. വെള്ളിയാഴ്ച രാവിലെയാണു യുവതി കുഞ്ഞിനെ സ്വന്തം ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്നു താഴേക്കു വലിച്ചെറിഞ്ഞത്.
കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതിക്കു ഗുരുതരമായ അണുബാധ കണ്ടെത്തിയതിനെത്തുടർന്നു വെള്ളിയാഴ്ച രാത്രി വൈകി നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വൈദ്യസഹായം ഇല്ലാതെ ശുചിമുറിയിൽ പ്രസവിച്ചതിനെ തുടർന്നാണ് യുവതിക്ക് അണുബാധ ഉണ്ടായതെന്നാണു ഡോക്ടർമാരുടെ വിലയിരുത്തൽ. ഇന്നലെ മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
യുവതിയിൽ നിന്നും മൊഴി എടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ പിൻവാങ്ങി. യുവതിയുടെ മാതാപിതാക്കളിൽ നിന്നു പൊലീസ് ഇന്നലെയും മൊഴിയെടുത്തു. യുവതി ഗർഭിണിയായിരുന്നു എന്ന വിവരമോ പ്രസവിച്ചതോ തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഇരുവരും പറയുന്നത് വിശ്വസനീയമെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ രണ്ടു പേരും കേസിൽ പ്രതിയാകില്ല. പ്രസവിച്ചയുടൻ കുഞ്ഞിനെ കൊല്ലാൻ യുവതി ശ്രമിച്ചുവെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്. എറിയുമ്പോഴും കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം നൽകുന്ന സൂചന.
കുഞ്ഞിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമം നടത്തിയെന്നും ഇതിനിടെ യുവതിയുടെ മാതാവു വാതിലിൽ മുട്ടിവിളിച്ചതോടെ വെപ്രാളത്തിൽ കുട്ടിയെ താഴേക്ക് എറിഞ്ഞു എന്നുമാണു നിഗമനം. യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനോടു പൊലീസ് അനൗദ്യോഗികമായി വിവരങ്ങൾ തേടി. യുവതി ഗർഭിണിയായ കാര്യം യുവാവിന് അറിയാമായിരുന്നു. രണ്ടു മാസമായി ഇരുവരും പിണക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ കൊലയിൽ യുവാവിന് പങ്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ പീഡനം നടന്നുവെന്ന് യുവതി മൊഴി നൽകിയാൽ യുവാവും അകത്താകും.
പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസിന് എളുപ്പം മനസിലായിരുന്നു. കുട്ടിയെ റോഡിൽ കണ്ടതോടെ ഫ്‌ളാറ്റിലുള്ളവരെയെല്ലാം ചോദ്യം ചെയ്തിരുന്നു. ഈ ഫ്‌ളാറ്റിൽ നിന്നും കുട്ടിയെ എറിഞ്ഞുവെന്നത് വ്യക്തമായ സാഹചര്യത്തിലായിരുന്നു അത്. അതിനിടെ യുവതിയുടെ ഫ്‌ളാറ്റിലും പൊലീസ് എത്തി. അവിടെ മാതാപിതാക്കൾക്കൊപ്പം ക്ഷീണിതയായി യുവതിയെ കണ്ട വനിതാ പൊലീസിന് സംശയം തോന്നിയിരുന്നു. ഗർഭിണികളാരും ഫ്‌ളാറ്റിലുണ്ടായിരുന്നില്ലെന്ന് മറ്റ് താമസക്കാർ പറഞ്ഞെങ്കിലും വനിതാ പൊലീസ് യുവതിയുടെ ക്ഷീണം ഗൗരവത്തോടെ എടുത്തു. സംശയം മേലുദ്യോഗസ്ഥരെ അറിയിച്ചു.
ഏഴു നിലകളിലും റോഡിലേക്ക് ബാൽക്കണിയുള്ള ഫ്‌ളാറ്റുകളിൽ പൊലീസ് വീണ്ടും പരിശോധിച്ചു. ആദ്യം യുവതിയെ ക്ഷീണിച്ചവശയായ നിലയിൽ കണ്ടെങ്കിലും അവരുമായി സംസാരിച്ചില്ല. ഇതിനിടെയാണു കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കുറിയറിലെ ബാർ കോഡ് സ്‌കാൻ ചെയ്യാൻ പൊലീസിനു സാധിക്കുന്നതും വിലാസം യുവതിയുടെ പിതാവിന്റേതാണ് എന്നു മനസ്സിലാകുന്നതും. തുടർന്നാണു യുവതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ തന്നെ യുവതി കുറ്റസമ്മതം നടത്തി. എല്ലാം കേട്ട് അച്ഛനും അമ്മയും തകർന്നു. അങ്ങനെയാണ് സത്യം പുറത്തായത്.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രസവിച്ച യുവതി 8.11നാണ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് എറിയുന്നത്. 8.20ന് കുഞ്ഞിന്റെ മൃതദേഹം റോഡിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.