- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വയസ് ഇരുപതില്‍ താഴെ; വാഹനമോഷണം തൊഴില്‍; പോലീസിനെ ആക്രമിച്ച് രക്ഷപ്പെടല്‍; നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയ ചുമടുതാങ്ങി തിരുട്ടുസംഘത്തെ കുടുക്കി പന്തളം പോലീസ്
ഭീതി പരത്തിയ ചുമടുതാങ്ങി തിരുട്ടുസംഘത്തെ കുടുക്കി പന്തളം പോലീസ്
പത്തനംതിട്ട : രണ്ട് കൗമാരക്കാരുള്‍പ്പെടെ ആറു പേരടങ്ങുന്ന 'ചുമടുതാങ്ങി തിരുട്ടുസംഘ'ത്തിലെ മൂന്നുപേരെ, പന്തളം പോലീസ് ശ്രമകരമായി കീഴടക്കി. ഒന്നരവര്‍ഷമായി വാഹനങ്ങളടക്കം മോഷണങ്ങള്‍ ഹരമാക്കിയ, നാട്ടില്‍ ഭീതി വിതച്ച് ജനങ്ങളുടെ ഉറക്കം കെടുത്തിയ, യുവാക്കളും കൗമാരക്കാരുമടങ്ങിയ തസ്‌കരസംഘത്തിലെ പ്രധാന കണ്ണികളാണ് പോലീസിന്റെ, നാളുകള്‍ നീണ്ട ശ്രമകരവും സാഹസികവുമായ നീക്കത്തില്‍ കുടുങ്ങിയത്. കടമ്പനാട് കല്ലുകുഴി മുക്കുന്നിവടക്കേതില്‍ കുട്ടു എന്ന് വിളിക്കുന്ന ബിജീഷ് (19), കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറ്റേ മുറിയില്‍ നെടിയവിള മാണിക്കമംഗലം കോളനിയില്‍ പാലിക്കലേത്ത് വീട്ടില്‍ ആദിത്യന്‍ (19), കൊല്ലം പോരുവഴി ഇടയ്ക്കാട് ചാലമുക്ക് ബിവറേജസ് ഷോപ്പിന് സമീപം കുളത്തരയ്യത്ത് വീട്ടില്‍ നിഖില്‍ (20) എന്നിവരാണ് പിടിയിലായത്. വാഹനമോഷണം പതിവാക്കി ജനങ്ങളില്‍ പരിഭ്രാന്തി പരത്തി വിഹരിച്ച സംഘത്തിന് കല്ലുകുഴി നിവാസികള്‍ ചുമടുതാങ്ങി ജംഗ്ഷന്റെ പേര് നല്‍കുകയായിരുന്നു. അങ്ങനെയാണ് നാടിന്റെ പേരില്‍ തിരുട്ടുസംഘമെന്ന നിലയില്‍ ഇവര്‍ കുപ്രസിദ്ധരായത്.
ആക്രമണകാരികളായ ബിജീഷും ആദിത്യനുമാണ് സംഘത്തിന്റെ നട്ടെല്ല്. ഇതില്‍ ബിജീഷ് മികച്ച ഓട്ടക്കാരനുമാണ്. അതിനാല്‍തന്നെ, പന്തളം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് ബിജീഷിനെ കീഴടക്കാന്‍ ഏറെ ഓടി വിയര്‍പ്പൊഴുക്കേണ്ടി വരികയും ചെയ്തു. നാട്ടുകാരുടെ ഉറക്കം കെടുത്തി വിലസിയ പഠിച്ച കള്ളന്മാരെ വലയിലാക്കാന്‍ നിതാന്ത ജാഗ്രതയോടെ നീങ്ങിയ പോലീസ് സംഘത്തിന്റെ വലയില്‍ നിന്നും രണ്ടുവട്ടം ഇവര്‍ തലമുടിനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ഏനാത്ത് പോലീസ് സ്റ്റേഷനില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണക്കേസില്‍, പിടികൂടുന്നതിനിടെ അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടറുടെ കൈപിടിച്ച് തിരിച്ച് കുതറി രക്ഷപ്പെട്ട ചരിത്രവുമുണ്ട് ബിജീഷിന്. നിരവധി പോലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ ഉണ്ടെങ്കിലും ഇതുവരെ പോലീസിന്റെ പിടിയിലായിട്ടില്ല എന്നതും സംഘത്തിന്റെ പ്രത്യേകതയാണ്. മോഷണത്തിനിടെ തടസ്സം നില്‍ക്കുന്ന ആരെയും ആക്രമിച്ച് രക്ഷപ്പെടുന്നതാണ് രീതി. പരാതിപ്പെടുന്നവരുടെ വീടുകളില്‍ അന്നുതന്നെ രാത്രി കയറി മോഷ്ടിക്കുന്ന ശീലവുമുണ്ട്. വാഹനങ്ങളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടിച്ച് കടത്തുക.
ഡിസംബര്‍ 4 ന് രാത്രി കുരമ്പാല മൈലാടുംകുളം ശിവഹരി വീട്ടില്‍ രേണുവിന്റെ കാര്‍ പോര്‍ച്ചില്‍ വച്ചിരുന്ന സ്‌കൂട്ടറും റബ്ബര്‍ ഷീറ്റുകളും ഇവര്‍ മോഷ്ടിച്ച് കടത്തിയിരുന്നു. അന്നുതന്നെ, ഇവര്‍ക്കെതിരെ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശത്തേതുടര്‍ന്ന് പ്രത്യേകസംഘത്തെ തന്നെ അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാര്‍ നിയോഗിച്ചിരുന്നു. പന്തളം എസ് എച്ച് ഓ റ്റി ഡി പ്രജീഷ്, എസ് ഐ പി കെ രാജന്‍, പോലീസുദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ , കെ അമീഷ്, ഹരികൃഷ്ണന്‍, ജലജ എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായ നിരവധി നീക്കങ്ങള്‍ക്കും കായികമായ അധ്വാനത്തിനുമൊടുവില്‍ മോഷണം ഹരമാക്കിയ സംഘത്തെ കീഴടക്കിയത്.
പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസിന് മൂന്നുപേര്‍ ഒരു സ്‌കൂട്ടറില്‍ എത്തി സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോകുന്നത് അന്നുതന്നെ വ്യക്തമായിരുന്നു. മോഷ്ടിച്ചുകൊണ്ടുപോകവെ, സ്‌കൂട്ടര്‍ തകരാറിലായി. പിന്നീട്, പ്രതികള്‍ കയറുകെട്ടി വലിച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കണ്ടു. ഏറ്റവും ഒടുവിലെ ദൃശ്യം വരെ പോലീസ് ശേഖരിച്ചു പരിശോധിച്ചു. അര്‍ദ്ധരാത്രി ഇടവഴികളിലൂടെ കെട്ടിവലിച്ച് കൊണ്ടുപോയ തസ്‌കരസംഘം കടമ്പനാട് ഭാഗത്ത് വാഹനമെത്തിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ മോഷ്ടാക്കളെ പോലീസ് തിരിച്ചറിഞ്ഞു, ഇവര്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അന്വേഷിച്ചു. മൂന്നാം പ്രതി നിഖിലിനെയാണ് ആദ്യം പിടികൂടിയത്, വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിഖിലിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ബിജീഷിന്റെയും ആദിത്യന്റെയും നീക്കങ്ങള്‍ തിരിച്ചറിഞ്ഞു. മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച ഇവര്‍ പലപ്പോഴും കാടുകളില്‍ ഒളിച്ചുകഴിയുകയായിരുന്നു. ഗണേശവിലാസം, കല്ലുകുഴി ചുമടുതാങ്ങി എന്നിവടങ്ങളിലെ പൊന്തക്കാടുകളില്‍ ഒളിച്ചുകഴിഞ്ഞ ഇരുവരും പോലീസിനെ ശരിക്കും വട്ടംകറക്കി. ഗണേശവിലാസം ഭാഗത്തെ കാടിനുള്ളില്‍ നിന്നും ഇവരെ പിടിയിലാക്കാന്‍ ശ്രമിച്ചെങ്കിലും, പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. ഡിസംബര്‍ പത്തിന് പോലീസിനെ വെട്ടിച്ച് കടന്ന ഇരുവരും പുത്തൂരിലെയും കുണ്ടറയിലെയും ബന്ധുവീടുകളിലുമായി ഒളിച്ചുതാമസിച്ചു. തുടര്‍ന്ന്, തൃശ്ശൂരിലെ കോവിലകം ഇന്‍ എന്ന റിസോര്‍ട്ടില്‍ ശുചീകരണ ജോലിക്ക് കയറി.
ഏനാത്ത്, ശൂരനാട്, ചക്കുവള്ളി, നൂറനാട്, പന്തളം പോലീസ് സ്റ്റേഷനുകളില്‍ ബൈക്ക്, റബ്ബര്‍ സ്വര്‍ണം തുടങ്ങി നിരവധി മോഷണങ്ങള്‍ സംബന്ധിച്ച് തിരുട്ടുസംഘത്തിനെതിരെ പരാതികളുണ്ടായിരുന്നു. പോലീസ് അന്വേഷിച്ചെത്തുമ്പോള്‍ ഓടി രക്ഷപ്പെട്ട് കാടുകളില്‍ മറയുകയാണ് രീതി. പല സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ പാഞ്ഞിട്ടും പിടിക്കാന്‍ സാധിച്ചിട്ടില്ല. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന പ്രതികള്‍, ഇവയുടെ വാഹകരായും പ്രവര്‍ത്തിക്കാറുണ്ട്. 16 കാരായ രണ്ടുപേരെ ലഹരികൊടുത്ത് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുരമ്പാലയിലെ സ്‌കൂട്ടര്‍ മോഷണത്തില്‍ പെടാത്ത ഈ കുട്ടികളെയും, ഇവരുടെ രക്ഷാകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി പോലീസ് വിട്ടിരുന്നു. ഇതില്‍ ഒരാളെ വശത്താക്കി പ്രതികളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയാണ് പോലീസ്, കാലങ്ങളായി നാട്ടുകാരെ ഭീതിപ്പെടുത്തി കഴിഞ്ഞുവന്ന മോഷ്ടാക്കളെ കീഴടക്കിയത്.
സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ബിജീഷിനെയും ആദിത്യനെയും പന്തളം സ്‌ക്വാഡ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഏതെങ്കിലും നമ്പരില്‍ നിന്നും വിളിക്കുന്ന ബിജീഷ്, കൗമാരക്കാരില്‍ ഒരാള്‍ക്ക് അയച്ച ഒരു സന്ദേശത്തിന്റെ ചുവടുപിടിച്ചു നടത്തിയ നീക്കത്തിലാണ് പോലീസിന്റെ പിടിയിലായത്. കല്ലാര്‍ ഭാഗത്തുള്ള കാമുകിയെ കാണാന്‍ ട്രെയിനില്‍ എത്തുന്നുണ്ടെന്ന രഹസ്യവിവരം ഇങ്ങനെ കിട്ടിയതുപ്രകാരം നടത്തിയ തന്ത്രപരമായ നീക്കമാണ് വിജയം കണ്ടത്.
തൃശ്ശൂരില്‍ നിന്നും അഞ്ചിന് അതിരാവിലെ നാട്ടിലേക്ക് പുറപ്പെട്ട്, ഉച്ചയോടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലെത്തിയ ബിജീഷ് അവിടെ പോലീസ് സാന്നിധ്യം എങ്ങനെയോ മനസ്സിലാക്കി. തുടര്‍ന്ന് ട്രെയിനില്‍ തന്നെ കൊല്ലത്തേക്ക് മുങ്ങി. പിന്നീട് രാത്രിയോടെ ഭരണിക്കാവിലെ രഹസ്യതാവളത്തില്‍ എത്തി. ഇവിടെ പോലീസ് സംഘം ഇയാളെ വളഞ്ഞു ശ്രമകരമായ ദൗത്യത്തില്‍ കീഴ്പ്പെടുത്തുകയായിരുന്നു. അതിവേഗം ഓടുന്നതില്‍ സാമര്‍ഥ്യക്കാരനായ ഇയാളുടെ മേല്‍ പോലീസ് ചാടിവീണുവെങ്കിലും കൈവിലങ്ങിട്ട് കീഴടക്കുന്നതിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ തള്ളി താഴെയിട്ട് പാഞ്ഞുവെങ്കിലും രക്ഷപ്പെടാനായില്ല. പോലീസിന് വഴങ്ങാതെയും, ആക്രമിക്കാന്‍ ശ്രമിച്ചും വിലങ്ങുമായി രക്ഷപ്പെടാന്‍ ഇയാള്‍ കാട്ടിയ അതിക്രമം ഏറെ പണിപ്പെട്ട് മല്‍പ്പിടിത്തത്തിലൂടെയാണ് അടക്കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആദിത്യനെ തൃശൂര്‍ കോവിലകം ഇന്‍ റിസോര്‍ട്ടില്‍ നിന്നും രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. പോലീസിന് വഴങ്ങാതെ ആക്രമിച്ച് രക്ഷപ്പെടാന്‍ ഇയാളും ശ്രമിച്ചിരുന്നു.
ഗണേശവിലാസം, കല്ലുകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ ദിവസങ്ങളോളം തമ്പടിച്ച് പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ രഹസ്യനീക്കങ്ങള്‍ നടത്തിയാണ് മോഷ്ടാക്കളെ വലയിലാക്കിയത്. പോലീസിന്റെ സ്ഥിരസാന്നിധ്യം കാരണം നില്‍ക്കക്കള്ളിയില്ലാതെയാണ് ബിജീഷും ആദിത്യനും നാടുവിട്ടത്. വീടുകളില്‍ ഇവര്‍ തങ്ങാറില്ലായിരുന്നു. നിഖിലിനെ ആദ്യം തന്നെ പോലീസ് സംഘം കുടുക്കിയത് അന്വേഷണം അതിവേഗം പുരോഗമിക്കാനിടയാക്കി. ബംഗളുരുവില്‍ ജോലി തരപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബിജീഷും ആദിത്യനും. അതുവരെ തൃശൂര്‍ സുരക്ഷിത ലാവണമായിരിക്കുമെന്ന് കണക്കുകൂട്ടിയാണ് അങ്ങോട്ട് മുങ്ങിയത്. പോലീസിന്റെ പിടിയിലാവുമെന്ന് ഇവരുടെ വീട്ടുകാരും കരുതിയില്ല. ഇതുവരെ അപ്രകാരം സംഭവിക്കാത്തത് പ്രതികളുടെയും വീട്ടുകാരുടെയും ഉയര്‍ന്ന ആത്മവിശ്വാസത്തിനു കാരണവുമായി. ഇത്രയും കഷ്ടപ്പെട്ട് അപകടസാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് മോഷ്ടാക്കളെ പിടികൂടിയത് അപൂര്‍വഅനുഭവമാണെന്നാണ് 'പന്തളം സ്‌ക്വാഡി 'ലെ അംഗങ്ങളുടെ വിലയിരുത്തല്‍. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്