- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തും ഇന്ത്യയിലും ജോലി വാഗ്ദാനം; 50 ലക്ഷം കൊടുത്താൽ 75 ലക്ഷം തിരികെ നൽകാമെന്ന ബിഗ് ഓഫർ; എല്ലാം വിശ്വസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭാര്യയുടെയും കെണിയിൽപ്പെട്ടവർ നിരവധി; തെക്കേക്കരയിലെ വിശാഖും ഭാര്യ ശ്രീകലയും ചതിച്ചത് പാവങ്ങളെ; അന്വേഷണം സങ്കീർണ്ണമെന്ന് പൊലീസും; ഇത് വീടും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ വേദന
പത്തനംതിട്ട: വിദേശത്തും ഇന്ത്യയിലും ജോലി വാഗ്ദാനം. 50 ലക്ഷം കൊടുത്താൽ 75 ലക്ഷം തിരികെ നൽകാമെന്ന ബിഗ് ഓഫർ. ഇതൊക്കെ വിശ്വസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭാര്യയുടെയും കെണിയിൽപ്പെട്ടവർ നിരവധി. പൊലീസ് കേസെടുത്താലും ഇവർക്ക് പ്രശ്നമില്ല. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി ഇവർ പുറത്ത് തട്ടിപ്പ് തുടരും. ഇവരുടെ തട്ടിപ്പിന് ഇരയായ രണ്ടു പേർ തങ്ങളുടെ അവസ്ഥ പറഞ്ഞ് മറുനാടനെ സമീപിച്ചു. ഞങ്ങൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. മുൻകൂർ ജാമ്യം നേടിയവരെ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. ഇവരുടെ തട്ടിപ്പിന്റെ ആഴം മനസിലാക്കി നടപടി എടുക്കാൻ ധൈര്യപ്പെട്ട ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കിയ കഥയും പുറത്തു വരുന്നു.
പന്തളം തെക്കേക്കര മുൻ പഞ്ചായത്ത് പ്രസിഡന്റും മുൻ ഡിസിസി അംഗവുമായ എം.എൻ. വിശാഖ് കുമാർ, ഭാര്യ ശ്രീകല എന്നിവരാണ് പല രീതിയിൽ തട്ടിപ്പ് നടത്തി സമൂഹമധ്യത്തിൽ വിലസുന്നത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ കൂടിയാണ് വിശാഖ് കുമാർ. ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ മുങ്ങിയ കേസിൽ റിമാൻഡിലായിട്ടുള്ള ഇയാൾ നിരവധി പേരിൽ നിന്ന് നോട്ടിരട്ടിപ്പിച്ച് നൽകാമെന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും സ്വർണവും പണവും കൈക്കലാക്കിയിട്ടുണ്ട്. ഇങ്ങനെ പണവും സ്വർണവും കിടപ്പാടവും നഷ്ടമായ തട്ടയിൽ പൊങ്ങലടി ശ്രീനിലയം വീട്ടിൽ വി. വിനോദ്, വള്ളിക്കോട് അമ്പാട്ട് വീട്ടിൽ ശ്രീലത ഹരികുമാർ എന്നിവർ തങ്ങൾക്ക് നേരിട്ട ദുരനുഭവം മറുനാടനോട് വിവരിച്ചു.
വലയിൽ വീഴ്‌ത്തിയത് ശ്രീകലയെന്ന് ശ്രീലത ഹരികുമാർ
തന്റെ കൈയിൽ നിന്നും അഞ്ചു ലക്ഷം രൂപയും 42 പവൻ സ്വർണവുമാണ് വിശാഖ് കുമാറും ശ്രീകലയും ചേർന്ന് തട്ടിയെടുത്തതെന്ന് ശ്രീലത ഹരികുമാർ പറയുന്നു. മൂത്തമകൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ശ്രീലതയുടെ ഭർത്താവ് ഹരികുമാർ 2018 ലെ മഹാപ്രളയകാലത്ത് സ്‌കൂട്ടർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മരണപ്പെട്ടതാണ്. ഒരു ക്ഷേത്രത്തിൽ വച്ചാണ് ശ്രീകലയെ ശ്രീലത പരിചയപ്പെടുന്നത്. ഭർത്താവിന്റെ മരണത്തെക്കുറിച്ചൊക്കെ പറഞ്ഞപ്പോൾ സഹതാപം നടിച്ച് അടുത്തു കൂടി.
പിന്നീട് സൗഹദൃം ഭാവിച്ച് വീട്ടിൽ സന്ദർശകയായി. വിവാഹം കഴിച്ച് അയച്ച മൂത്തമകൾക്ക് ഖത്തറിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് അഞ്ചു ലക്ഷം രൂപ പലപ്പോഴായി കൈപ്പറ്റിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ പലപ്പോഴായി 42 പവൻ സ്വർണാഭരണങ്ങളും കൈപ്പറ്റി. ഈടിനായി ഒരു ചെക്ക് തന്നിരുന്നു. വെട്ടിത്തിരുത്തിയ ചെക്കാണ് തന്നത്. പിന്നീട് ഇത് ചതിയാണെന്ന് തിരിച്ചറിപ്പോൾ പണവും സ്വർണവും തിരികെ ആവശ്യപ്പെട്ടു. എന്നാൽ, നൽകാൻ തയാറായില്ല. ചെക്ക് ബാങ്കിൽ കൊടുത്തെങ്കിലും മടങ്ങി.
പണം ചോദിച്ച് ചെന്ന തനിക്കെതിരേ വീട്ടിൽ കയറരുതെന്ന് കാട്ടി ഇവർ കോടതിയിൽ നിന്ന് ഉത്തരവ് സമ്പാദിച്ചുവെന്ന് ശ്രീലത പറയുന്നു. ഒടുവിൽ ശ്രീലത കൊടുത്ത പരാതിയിൽ പത്തനംതിട്ട പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. അവർ നടത്തിയ അന്വേഷണത്തിൽ ഇവരിൽ നിന്ന് കൈപ്പറ്റിയ സ്വർണാഭരണങ്ങൾ രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചതായി പൊലീസ് കണ്ടെത്തി.
ഒരിടത്ത് വച്ചിരുന്നത് പൊലീസ് നോട്ടീസ് കൊടുത്ത് മരവിപ്പിച്ചു. രണ്ടാമത്തെ സ്ഥലത്ത് നിന്ന് പൊലീസ് എത്തുന്നതിന് മുൻപ് ഇവർ ആഭരണങ്ങൾ മാറ്റി. നിലവിൽ കേസ് അന്വേഷണം മരവിച്ച മട്ടാണെന്ന് ശ്രീലത പറയുന്നു.
ശ്രീലതയുടെ പരാതിയിൽ അന്വേഷണം സങ്കീർണമെന്ന് എസ്‌ഐ
ശ്രീലതയുടെ പരാതിയിൽ അന്വേഷണം സങ്കീർണമാണെന്ന് കേസ് അന്വേഷിക്കുന്ന പത്തനംതിട്ട എസ്ഐ അനൂപ് ചന്ദ്രൻ പറഞ്ഞു. പണമോ സ്വർണമോ കൊടുത്തതിന് കാര്യമായ തെളിവുകൾ ഇല്ല. സാക്ഷികളായുള്ളത് ശ്രീലതയുടെ ബന്ധുക്കളാണ്. ആകെയുള്ളത് ആഭരണം വാങ്ങിയ ബില്ലുകളാണ്. ഇത് ഉപയോഗിച്ച് പണയം വച്ചിരിക്കുന്ന ആഭരണങ്ങൾ ശ്രീലതയുടേതാണെന്ന് തെളിയിക്കണം. അതിന് ഏറെ കടമ്പകൾ ഉണ്ട്. പിന്നെയുള്ളത് പണം വാങ്ങിയത് സംബന്ധിച്ച് വിശാഖിന്റേതെന്ന് പറയുന്ന ഫോൺ സംഭാഷണമാണ്. എന്തായാലും അന്വേഷണം നടന്നു വരികയാണെന്നും കോടതിയിൽ ഹാജരാക്കാനുള്ള ശക്തമായ തെളിവുകൾക്കായി തെരച്ചിൽ നടക്കുന്നുവെന്നും അനൂപ് അറിയിച്ചു.
വിനോദിനെ പറ്റിച്ചത് 50 ലക്ഷം കൊടുത്താൽ 75 ലക്ഷം മടക്കി കൊടുക്കാമെന്ന് പറഞ്ഞ്
പ്രതികളുടെ വീടിന് അടുത്തുള്ളയാളാണ് തട്ടിപ്പിന് ഇരയായ വിനോദ്. റിയൽ എസ്റ്റേറ്റ്, ബിസിനസ് ആവശ്യങ്ങൾ പറഞ്ഞ് വിനോദിൽ നിന്നും 50 ലക്ഷം രൂപ കൈപ്പറ്റുന്നതിന് എഗ്രിമെന്റ് തയാറാക്കിയിരുന്നു. വിശാഖ് കുമാർ, ശ്രീകല, മുംബൈയിൽ സ്ഥിരതാമസമുള്ള അവരുടെ സഹോദരി എന്നിവർ ചേർന്നാണ് തന്നോട് പണം ചോദിച്ചത് എന്ന് വിനോദ് പറയുന്നു. അരക്കോടി രൂപ തന്നാൽ മൂന്നു വർഷം കൊണ്ട് മുക്കാൽ കോടി മടക്കി നൽകാമെന്നായിരുന്നു കരാർ. ഇതിനായി അടൂർ യൂണിയൻ ബാങ്കിൽ വിനോദിനെ കൊണ്ട് അക്കൗണ്ട് തുറന്നു. അഞ്ചു ചെ് ലീഫും സമ്മതപത്രവും ഇവർക്ക് കൊടുത്തു. പിന്നെ 50 ലക്ഷം ഒപ്പിക്കാനുള്ള പാടായി. ഭാര്യയുടെ പേരിലുള്ള വസ്തു വിറ്റും സ്വർണ കടകളിൽ നിന്നും വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് സ്വർണാഭരണം വായ്പ വാങ്ങിയും ലോണെടുത്തും കൈയിലുള്ള സ്വർണം പണയപ്പെടുത്തിയും മറ്റുമായി 30 ലക്ഷം രൂപ ഇവർക്ക് കൊടുത്തു.
2015 ഏപ്രിലിലാണ് തട്ടിപ്പ് തുടങ്ങിയത്. ഈ സമയം വിശാഖ്കുമാർ ജില്ലാ സഹകരണ ബാങ്കിലെ കോൺഗ്രസ് അനുകൂല അസോസിയേഷൻ ജനറൽ സെക്രട്ടറിയും പന്തളം തെക്കേക്കരയിലുള്ള തട്ടയിൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. അയൽവാസിയായ ഒരു സ്ത്രീക്ക് ജില്ലാ സഹകരണ ബാങ്കിൽ താൽക്കാലിക ജോലി നൽകി അവരെയും തന്നെയും ഇടനില നിർത്തി പലരിൽ നിന്നായി ലക്ഷങ്ങൾ കൈപ്പറ്റി. തട്ടിപ്പ് മനസിലായി തിരിച്ചു ചോദിച്ചപ്പോൾ കിട്ടുമ്പോൾ തരുമെന്നായിരുന്നു മറുപടി. ഇയാളുടെ തട്ടിപ്പിന് ഇരയായ അയൽവാസിയായ യുവതി അവർ പണം വാങ്ങി നൽകിയവരെയും കൂട്ടി 25 ദിവസം വിശാഖിന്റെ വീട്ടുപടിക്കൽ സത്യഗ്രഹം കിടന്നു. കൊടുമൺ എസ്‌ഐ ആയിരുന്ന എ.ആർ. രാജീവ് ഇയാളുടെ വീട്ടിൽ കയറി പരിശോധനയ്ക്കും അന്വേഷണത്തിനും തുനിഞ്ഞു. എസ്‌ഐ രാജീവിനെതിരേ ഇവർ പരാതി നൽകിയിരുന്നു. രാജീവ് സർവീസിൽ നിന്ന് വിരമിച്ചു. പരാതി കള്ളമാണെന്ന് കണ്ട് തള്ളുകയും ചെയ്തു.
കടം കയറി മുടിഞ്ഞ തനിക്ക് വീടും കുടുംബവും നഷ്ടമായെന്ന് വിനോദ് പറഞ്ഞു. ഇപ്പോൾ ഒരു ലോട്ടറി കടയിൽ ജോലി ചെയ്താണ് ജീവിക്കുന്നത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല. പഴുതടച്ച രീതിയിൽ ആണ് ഇയാളുടെ തട്ടിപ്പെന്ന് പറയുന്നു. അതു കൊണ്ടു തന്നെ പൊലീസിന് തെളിവുകൾ കണ്ടെത്താൻ പ്രയാസമാണ്. ഈ പഴുതിലൂടെ മുൻകൂർ ജാമ്യം നേടി വീണ്ടും തട്ടിപ്പ് നടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് വിനോദ് പറഞ്ഞു.
അടൂരിലെ സ്വർണക്കടയിൽ നടത്തിയ തട്ടിപ്പിൽ അറസ്റ്റിലായി: തട്ടിപ്പിന് ജാമ്യം വെട്ടിത്തിരുത്തൽ നടത്തിയ ചെക്ക്
നാട്ടുകാരെ പറ്റിച്ച് കോടികൾ തട്ടുന്നുവെന്ന് ആരോപണമുള്ള വിശാഖ്കുമാറ പക്ഷേ, അടൂരിലെ ജൂവലറിക്കാർ നൽകിയ പരാതിയിൽ അറസ്റ്റിലായി. അടൂരിലെ സൺഷൈൻ ജുവലറിയിൽ നിന്നും 198 ഗ്രാം സ്വർണം വാങ്ങിയതുമായി ബന്ധപ്പെട്ട് ആറു ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചുവെന്നായിരുന്നു കേസ്. 2017 ജനുവരി 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 40 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വിശാഖ് ജുവലറിയിൽ നിന്നും വാങ്ങിയത്. ഇതിൽ 40,000 രൂപയും ബാക്കി ആറു ലക്ഷം രൂപയുടെ വെട്ടിത്തിരുത്തൽ നടത്തിയ ചെക്കും അന്ന് നൽകിയിരുന്നു. എന്നാൽ, വെട്ടിത്തിരുത്തൽ ഉള്ളതിനാൽ ചെക്ക് ജൂവലറി ഉടമയ്ക്ക് ബാങ്കിൽ നിന്ന് മാറാൻ കഴിഞ്ഞില്ല. ഇക്കാര്യം വിശാഖിനെ അറിയിച്ചെങ്കിലും പണം നൽകാൻ കൂട്ടാക്കിയില്ല. അങ്ങനെ അടൂർ പൊലീസിൽ എടുത്ത കേസിലാണ് അറസ്റ്റുണ്ടായത്. പിന്നീട് പണം തിരികെ നൽകി കേസ് ഒത്തു തീർപ്പാക്കി.
വെട്ടിത്തിരുത്തൽ നടത്തിയ ചെക്കാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. പണം വാങ്ങുന്നവർക്കെല്ലാം വെട്ടിത്തിരുത്തിയ ചെക്ക് നൽകും. ബാങ്കിൽ കൊടുത്താൽ ഇത് മാറാൻ സാധിക്കില്ല. പണം കൊടുത്തവർ ആകെ കുടുങ്ങിക്കിടക്കുന്നതും ഈ തട്ടിപ്പിലാണ്. വിശാഖ് കുമാറിന്റെ വീടും പറമ്പും പത്തനംതിട്ടയിലുള്ള ഒരാൾ അറ്റാച്ച് ചെയ്തിട്ടിരിക്കുകയാണ്. അയാളിൽ നിന്ന് എട്ടു ലക്ഷം രൂപ വാങ്ങിയ ശേഷം ഇതേ പോലെ പറ്റിക്കാൻ ശ്രമിച്ചു. അദ്ദേഹം കോടതിയെ സമീപിക്കുകയും വീടും പറമ്പും അറ്റാച്ച് ചെയ്തിരിക്കുകയുമാണ്. നൂറു കണക്കിന് ആൾക്കാരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയിട്ടുള്ളത്. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് പലതിലും രക്ഷപ്പെട്ട് നിൽക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്