കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനക്കേസിലെ പൊലീസ് അന്വേഷണത്തിൽ സിപിഎമ്മിന് അതൃപ്തി. സ്‌ഫോടനത്തിലും ബോംബ് നിർമ്മാണത്തിലും പങ്കാളിത്തം നിഷേധിക്കുമ്പോഴും പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രതിസ്ഥാനത്തു കൊണ്ടു വന്ന പൊലീസ് നടപടിയിലാണ് അമർഷം. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോഴിക്കോടും വടകരയിലും കണ്ണൂരിലും കാസർഗോഡും സിപിഎമ്മിന്റെ ജയസാധ്യതകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ. നാലിടത്തും വിജയം പ്രതീക്ഷിച്ചാണ് സിപിഎം പ്രചരണത്തിൽ സജീവമായത്. ഇതിനിടെയാണ് അക്രമ രാഷ്ട്രീയം ചർച്ചകളിലെത്തിച്ച പാനൂർ സ്‌ഫോടനമുമണ്ടായത്.

പൊലീസിൽ 'ഷാഫി' ഗ്യാങ് സജീവമാണെന്നാണ് സിപിഎം വിലയിരുത്തൽ. ഈ കൂട്ടരാണ് പാനൂരിൽ വിവാദമുണ്ടാക്കിയത്. ഇവരെ അതിവേഗം കണ്ടെത്തണമെന്ന നിർദ്ദേശം പൊലീസിലെ ഉന്നതർക്ക് സിപിഎമ്മിലെ പ്രമുഖർ നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെല്ലാം സിപിഎമ്മിന്റെ സംശയ നിഴലിലാണ്. തിരഞ്ഞെടുപ്പ് കാലത്ത് ആർക്കെതിരേയും നടപടി എടുക്കാൻ സർക്കാരിന് കഴിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സർക്കാർ സർവ്വകാര്യക്കാരനാകുമെന്ന് ഏവരും ഓർക്കണമെന്ന സന്ദേശം എല്ലാവർക്കും നൽകാനാണ് തീരുമാനം.

തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്താെകയും വടകരയിൽ പ്രത്യേകിച്ചും പാനൂർ കേസ് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യംചെയ്യുന്ന ആഭ്യന്തരവകുപ്പ് പ്രതിചേർത്തതും അറസ്റ്റുചെയ്തതും പാർട്ടി അനുഭാവികളെയാണ്. സ്‌ഫോടനത്തിനു പിന്നിലുണ്ടായിരുന്നവരെ തുടക്കത്തിൽ പൂർണമായി തള്ളിപ്പറയുന്ന നിലപാടായിരുന്നു സിപിഎമ്മിന്. പൊലീസ് നടപടികൾ കാരണം അതിന് കഴിയാത്ത അവസ്ഥ. പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ. പ്രവർത്തകർ ശബ്ദംകേട്ട് ഓടിച്ചെന്നവരാണെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പറഞ്ഞു. അതേസമയം, ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഏതായാലും കടുത്ത അതൃപ്തി പൊലീസിലെ ഉന്നതരെ സിപിഎം അറിയിച്ചിട്ടുണ്ട്.

ഒടുവിൽ എല്ലാ പ്രതികളേയും പിടിക്കുകയും ചെയ്തു പൊലീസ്. ഇതിന് പിന്നിലും പാർട്ടി ഇടപെടലുണ്ട്. പ്രതികളെ പിടിച്ചില്ലെങ്കിൽ ചാനൽ ചർച്ചകൾ നീണ്ടു പോകും. അത് പ്രചരണത്തിൽ വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് 'രക്ഷാപ്രവർത്തകരായ' പാർട്ടി സഖാക്കളെ കാട്ടിക്കൊടുത്തത് എന്നും സൂചനയുണ്ട്. രണ്ടാഴ്ചമുമ്പ് കുയുമ്പിയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ രാഷ്ട്രീയേതര കാരണങ്ങളാൽ ഏറ്റുമുട്ടിയിരുന്നു. അടുത്തദിവസങ്ങളിലായി സിപിഎം.-ആർ.എസ്.എസ്. അനുഭാവിസംഘങ്ങൾ തമ്മിൽ തുടർഏറ്റുമുട്ടലുകളുമുണ്ടായി. വൈരം കൂടിയതോടെ പ്രത്യാക്രമണത്തിന് മുന്നൊരുക്കമായി ബോംബ് ഉണ്ടാക്കുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് വെളിപ്പെടുത്തുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറയുമ്പോഴും ഡി.വൈ.എഫ്‌.െഎ. പ്രവർത്തകൻ കുന്നോത്ത് പറമ്പിലെ അമൽബാബു ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ബോംബുനിർമ്മാണത്തിനിടെ മരിച്ച സിപിഎം. പ്രവർത്തകന്റെ വീട് പാർട്ടി നേതാക്കൾ സന്ദർശിച്ച സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. മരിച്ച ഒരാളുടെ വീട്ടിൽപ്പോവുന്നതും ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും നാട്ടിൽനടക്കുന്ന കാര്യമാണ്. ബോംബുനിർമ്മാണത്തെ അംഗീകരിക്കാനാവില്ല. കേരളത്തിൽ ബോംബുനിർമ്മിക്കേണ്ട ആവശ്യമില്ല. ഈ സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. ശക്തമായ നടപടിയുണ്ടാകുമെന്ന് പിണറായി വിശദീകരിച്ചു.

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധപ്രവർത്തനത്തിനെത്തിയ ഡിവൈഎഫ്ഐ.ക്കാരനെയാണ് പൊലീസ് കേസിൽ പ്രതിചേർത്തത് എന്ന വാദം തുടർന്നും സിപിഎം ഉയർത്തും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎമ്മിനെ തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസും ബിജെപി.യും നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറയുന്നു.