കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണം നടന്നത് തെരഞ്ഞെടുപ്പിൽ വ്യാപക അക്രമം അഴിച്ചുവിടുന്നതിനുള്ള ഗൂഢാലോചനയാണെന്ന പൊലിസ് റിമാൻഡ് പുറത്തുവന്നതോടെ സി.പി. എം നേതൃത്വം പൂർണമായും പ്രതിരോധത്തിലായി. സി.പി. എമ്മിന്റെ രണ്ടു സംസ്ഥാനകമ്മിറ്റികൾ നേതൃത്വം നൽകുന്ന വടകര പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഡി.വൈ. എഫ. ഐ പ്രവർത്തകർ പ്രതികളായതും പാർട്ടി അനുഭാവിയായ ഒരാൾ കൊല്ലപ്പെട്ടതും ജയസാധ്യതകളെപ്പോലും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് കീഴിലുള്ള പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പ്രചരണായുധമാക്കിയിരിക്കുകയാണ് യു.ഡി. എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും നേതാക്കളും.

സി.പി. എം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന് പുറമേ ഭരണതലത്തിൽ പ്രധാനറോൾ വഹിക്കുന്ന മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗത്തിനും വടകര പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മറ്റൊരു നേതാവിനെ സഹായിക്കാനാണ് ഇവരെ നിയോഗിച്ചിരുന്നത്. ടി.പി ചന്ദ്രശേഖരൻ വധത്തിനെ തുടർന്ന് നഷ്ടപ്പെട്ട വടകര പാർലമെന്റ് മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കുന്നതിനാണ് മൂന്ന് നേതാക്കളെ പാർട്ടി സംസ്ഥാന നേതൃത്വം മണ്ഡലത്തിന്റെ ചുമതലയേൽപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇവർ ജാഗ്രതപാലിച്ചില്ലെന്ന വിമർശനം പാർട്ടി സംസ്ഥാന നേതൃത്വത്തിനുണ്ട്.

എന്നാൽ പാനൂർ ബോംബ് സ്ഫോടനമുണ്ടായി ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരുവിഭാഗം ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഗ്യാങ് വാറാണ് ഇതിനു പിന്നിലെന്ന് ചിത്രീകരിക്കുന്നതിനായി പൊലിസിനെ ഉപയോഗിച്ചു സി.പി. എം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരിൽ ചിലർ വഴങ്ങാത്തതു കാരണമാണ് റിമാൻഡ് റിപ്പോർട്ട് പാർട്ടിക്ക് എതിരായി മാറിയത്. പൊലിസിന്റെതലപ്പത്തുള്ള ഉദ്യോഗസ്ഥൻ തന്നെ കണ്ണൂരിലെത്തിയ സംഭവം ഒതുക്കി തീർക്കാനും ഗ്യാങ് വാറാക്കി മാറ്റാനും ശ്രമിച്ചുവെങ്കിലും അതിവേഗം അന്വേഷണം നടത്തി ഡി.വൈ. എഫ്. ഐ നേതാക്കളെ വരെ പ്രതിപട്ടികയിൽ ചേർക്കുകയാണ് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ, കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാൽ, പാനൂർ സി. ഐ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചെയ്തത്.

തെരഞ്ഞെടുപ്പു കാലമായതിനാൽ ശരിയായ രീതിയിൽ മുന്നേറിയ അന്വേഷണ സംഘത്തിൽ നിന്നും ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും മാറ്റി നിർത്താനും കഴിയാത്ത അവസ്ഥയിലുമായി പാർട്ടിയും സർക്കാരും. ഇതോടെ പൊലിസ് കോടതിയിൽസമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന പാർട്ടി നേതൃത്വത്തിന്റെവിശദീകരണം പൊളിക്കുന്നതുമായി മാറിയതോടെ പൊലിസിനെതിരെ പാർട്ടി നേതൃത്വത്തിന് ഹാലിളകിയിട്ടുണ്ട്. ഡി.വൈ. എഫ്. ഐ കുന്നോത്തുപറമ്പ് യൂനിറ്റ് ഭാരവാഹി അമൽ ബാബുവുൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിയതു മാത്രമല്ലെന്നും അവശേഷിച്ച ബോംബുകൾ വീടിന്റെ ടെറസിൽ നിന്നും മാറ്റുകയും സ്ഫോടനത്തെ തുടർന്നുണ്ടായ രക്തം തളം കെട്ടിനിന്നതും മായ്ക്കുന്നതിനായി മണൽ കൊണ്ടിട്ടുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

മറ്റൊരു ഡി.വൈ. എഫ്. ഐ നേതാവായ ഷിജാലാണ് ബോംബു നിർമ്മാണത്തിന്റെ സൂത്രധാരൻ, ബോംബ് നിർമ്മാണത്തെ കുറിച്ചു പ്രതികൾക്ക് മുഴുവൻ അറിയാമായിരുന്നുവെന്നും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചാണ് ബോംബു നിർമ്മാണം നടത്തിയതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികളെ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ചവർ, ബോംബ് നിർമ്മാണ സാമഗ്രികൾ എത്തിച്ചു നൽകിയവർ, സ്റ്റീൽ ബോംബു നിർമ്മാണത്തിന് പരിശീലനം നൽകിയവർ ആരൊക്കെയെന്ന കാര്യങ്ങളിൽ ഇനിയും അന്വേഷണം വേണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

നേരത്തെ ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാവ് അമൽബാബുവിനെ പൊലിസ് അറസ്റ്റു ചെയ്തത് സ്ഫോടനമുണ്ടായപ്പോൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതു തന്നെ ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആവർത്തിക്കുകയും ചെയ്തു. കുന്നോത്തുപറമ്പിലെ രണ്ടു ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബു നിർമ്മാണത്തിന് കാരണമായതെന്നായിരുന്നു പ്രതികൾ ആദ്യം പൊലിസ് ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നതെങ്കിലും ക്രമേണസംഭവത്തിന്റെ രാഷ്ട്രീയ ബന്ധം പുറത്തുവരികയായിരുന്നു.

പാനൂർ ബോംബ് സ്ഫോടനക്കേസിൽ നേരിട്ടു പങ്കെടുത്തവരെല്ലാം ഇതിനകം പൊലിസ് പിടിയിലായിട്ടുണ്ട്. പന്ത്രണ്ടു പ്രതികളിൽ ഒരാളായ ഷെറീൻ ചികിത്സയിലിരിക്കെ രണ്ടാം നാൾ മരണമടഞ്ഞു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ നേരത്തെയുള്ളവരുമുണ്ട്. ഇവർക്കെതിരെ കാപ്പ ചുമത്താനാണ് പൊലിസ് നീക്കം നടത്തുന്നത്.