കണ്ണൂർ: നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം അവസാനഘട്ടത്തിൽ. പ്രതികളെല്ലാം പിടിയിലായങ്കെിലും അന്വേഷണം ഗൂഢാലോചനയിലേക്ക് കടക്കില്ല. 9 പ്രതികൾ ഇതിനകം റിമാൻഡിലായി. സ്‌ഫോടനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുളിയാത്തോട് വലിയപറമ്പത്ത് വിനീഷ്, സെൻട്രൽ കുന്നോത്തുപറമ്പ് കല്ലായീന്റവിട വിനോദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്. ഇതിനിടെ കണ്ണൂർ സിപിഎമ്മിൽ പൊലീസ് അന്വേഷണം വലിയ ചർച്ചയായി. കണ്ണൂരിലും വടകരയിലും കോഴിക്കോടും കാസർഗോഡും സ്‌ഫോടനം തിരിച്ചടിയാകുമെന്നാണ് സിപിഎം വിലയിരുത്തൽ. അതിനിടെ പൊലീസ് നിലപാട് സിപിഎം സംസ്ഥാന നേതൃത്വത്തേയും ഞെട്ടിച്ചു.

മരിച്ച ഷെറിൻ ഉൾപ്പെടെ 12 പേരാണു പ്രതിപ്പട്ടികയിലുള്ളത്. സാരമായി പരുക്കേറ്റ വിനീഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടന്ന വീട്ടിൽ 6 മുതൽ ഏർപ്പെടുത്തിയ പൊലീസ് കാവൽ ഇന്നലെ അവസാനിപ്പിച്ചു. എന്നാൽ, വീട്ടിലേക്കു പ്രവേശിക്കരുതെന്നു നോട്ടിസ് പതിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. 2 പേർ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിമാരും ഒരാൾ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. രാഷ്ട്രീയ എതിരാളികളുടെ നേർക്ക് പ്രയോഗിക്കാൻ ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മിച്ചതെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ജാമ്യം അനുവദിച്ചാൽ ഒളിവിൽപ്പോകാനും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധിക്കാനും പ്രതികൾ ശ്രമിക്കുമെന്നും പൊലീസ് പറയുന്നു. ഈ നിലപാടിൽ പൊലീസ് ഉറച്ചു നിന്നാൽ ജാമ്യം കിട്ടലും പ്രശ്‌നമാകും.

മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷമുണ്ടായിരുന്ന പ്രദേശത്ത് പ്രതികളുടെ സാന്നിധ്യംകാരണം വീണ്ടും സംഘർഷം ഉടലെടുക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവെടുപ്പിനും കൂടുതൽ ചോദ്യംചെയ്യലിനും ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എന്നാൽ ഇത് തെളിവെടുപ്പിനും മറ്റും മാത്രമായി ചുരുങ്ങും. കൂടുതൽ അറസ്റ്റിലേക്ക് പൊലീസ് പോകില്ല. സിപിഎം നേതൃത്വത്തിന്റെ എതിർപ്പ് കൂടി മനസ്സിലാക്കിയാണ് ഇത്. പാനൂരിൽ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികൾക്കുനേരേ പ്രയോഗിക്കാനെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വിശദീകരിക്കുന്നു. ഡി.വൈ.എഫ്‌.െഎ. പ്രവർത്തകരായ മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി. സായൂജ് (24), കുന്നോത്തുപറമ്പിൽ അമൽ ബാബു (29) എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണിക്കാര്യം പറയുന്നത്.

തിരഞ്ഞെടുപ്പ് ഉന്നംവച്ചാണ് ബോംബ് നിർമ്മിച്ചതെന്ന പരാമർശം ഇതിലില്ല. കേസിൽ അറസ്റ്റിലായ ഒൻപത് പ്രതികളെയും തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ചമുൻപ് പ്രദേശത്തെ കുയിന്പിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആർ.എസ്.എസ്. പ്രവർത്തകരുമായുണ്ടായ സംഘർഷവും 2009-ൽ സിപിഎം. പ്രവർത്തകൻ അജയനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ്. പ്രവർത്തകരെ കഴിഞ്ഞകൊല്ലം കോടതി വെറതേവിട്ടതിലുള്ള പകയും പ്രതികൾക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അതായത് ആർ എസ് എസിനെയാകാം ബോംബ് നിർമ്മാണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ. മാതൃഭൂമിയാണ് പൊലീസ് രഹസ്യാന്വേഷണ വിവരം വാർത്തയാക്കിയത്.

സിപിഎം. പ്രവർത്തകൻ അജയനെ കൊലക്കേസിലെ പ്രതികളെ വെറുതേവിട്ടതിനെതിരേ അപ്പീൽ പോകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും സിപിഎം. നേതൃത്വം ഉത്സാഹം കാട്ടിയില്ല. സ്വന്തം നിലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞാണ് സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വലിയപറമ്പത്ത് വി.പി. വിനീഷ് സിപിഎം. ഓഫീസിൽനിന്ന് ഇറങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.