കണ്ണൂർ : പാനൂർ ബോംബ് സ്‌ഫോടനത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രമുഖ രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പാനൂരിലെ ബോംബ് നിർമ്മാണം. കണ്ണൂർ-വടകര ലോക്‌സഭാ മണ്ഡലങ്ങളിൽ പ്രശ്‌നമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനിടെ ബോംബ് നിർമ്മാണ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്. ഒരു വിവരവും പുറത്തുപോകാതിരിക്കാനുള്ള കരുതൽ പ്രതികൾ എടുക്കുന്നുണ്ട്.

രണ്ട് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു. വിനോദ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലും അക്ഷയ് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്ത് പത്തോളം പേർ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇതോടെ സംഘടിതമായ ബോംബ് നിർമ്മാണമാണ് നടന്നതെന്നാണ് വ്യക്തമാകുന്നത്. സ്‌ഫോടനത്തിൽ മരിച്ചത് സിപിഎം അനുഭാവിയാണെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് സിപിഎം നിഷേധിക്കുകയും ചെയ്യുന്നു. ഏതായാലും പാർട്ടി ഗ്രാമത്തിനുള്ളിലാണ് സ്‌ഫോടനം നടന്നതെന്ന് വ്യക്തമാണ്.

പരിക്കേറ്റ ഒരാളുടെ അച്ഛൻ സിപിഎം പ്രാദേശിക നേതാവാണെന്നാണ് പുറത്തു വരുന്ന വിവരം. അതിനിടെ ഗുരുതരാവസ്ഥയിലുള്ളവരുടെ വിവരം മാത്രമാണ് പുറത്തു വന്നതെന്നും സൂചനകളുണ്ട്. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ അതിരഹസ്യമായി ചികിൽസിക്കുകയാണെന്നാണ് സൂചന. രാഷ്ട്രീയ തിരിച്ചടിയുണ്ടാകാതിരിക്കാനാണ് ഇതെല്ലാം. കണ്ണൂരിൽ രാഷ്ട്രീയ അതിക്രമത്തിന് കോപ്പുകൂട്ടൽ നടക്കുന്നുവെന്നാണ് ഈ സംഭവവും ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം ബോംബ് നിർമ്മാണങ്ങൾക്ക് ചില പ്രോട്ടോകോളുകളുണ്ട്. ഇതെല്ലാം പാനൂരിൽ ലംഘിക്കപ്പെട്ടുവെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ടാണ് കൂടുതൽ പേർക്ക് പരിക്കേറ്റത്. ഇവരെ പൊലീസിന് ചോദ്യം ചെയ്യാൻ കിട്ടാതിരിക്കാനാണ് പേരു വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ പേര് പുറത്തു വന്നാലും അവർക്ക് അടുത്ത കാലത്തൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം നൽകാൻ കഴിയില്ല. ഇതാണ് ഇവിടെ നടപ്പാക്കുന്നത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.പാനൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ സിപിഎം അനുഭാവി ഷെറിൻ മരിച്ചു. സ്‌ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരിച്ചു

നിർമ്മാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അതിനിടെ, രാവിലെ സ്‌ഫോടനത്തിനു പിന്നാലെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. പൊലീസ് ബന്തവസ് ഭേദിച്ച് അകത്തു കയറി. ഇതിനുപിന്നാലെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് ശേഷമാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

അതേസമയം, പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ പരുക്കേറ്റവർക്കു സിപിഎമ്മുമായി ബന്ധമില്ലെന്നു സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞു. പാർട്ടി നേരത്തേ മാറ്റി നിർത്തിയ ടീമാണിത്. ഇക്കാര്യം നേരത്തെ തന്നെ നേതൃത്വം പറഞ്ഞിട്ടുള്ളതാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. പാനൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. കണ്ണൂരിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെട്ടു.