കണ്ണൂർ: കണ്ണൂരിലെ ബോംബ് നിർമ്മാണ സംഘങ്ങൾക്ക് വെടിമരുന്ന് എത്തിക്കുന്നത് വടകര മേഖലയിൽ നിന്നാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. വടകര മേഖലയിൽ അനധികൃതമായ ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘമാണ് പാനൂർ മേഖലയിലേക്ക് വൻതോതിൽ വെടിമരുന്ന് വിതരണം നടത്തുന്നതെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.

പാനൂർ മൂളിയത്തോടിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾമരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടന്ന അന്വേഷണത്തിനിടെയാണ് വടകര മേഖലയിൽ പ്രവർത്തിക്കുന്ന വെടിമരുന്ന് മാഫിയയെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വെടിമരുന്ന് എത്തിച്ച സംഘങ്ങളുടെ മൊഴികളിൽ നിന്നാണ് വടകരയിൽ നിന്നും പാനൂരിലേക്കുള്ള വെടിമരുന്ന് ശേഖരത്തിന്റെ ഇടനാഴിയുണ്ടെന്നു പൊലിസിന് വ്യക്തമായത്.

പാനൂരിൽ രാഷ്്ട്രീയ അക്രമങ്ങളിൽ നിന്നും സി.പി. എമ്മും ബിജെപിയും പൂർണമായി പിന്മാറിയതോടെ തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകൾ സ്വന്തം നിലയ്ക്ക് ഗ്യാങുകളുണ്ടാക്കി പ്രവർത്തിക്കുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കുഴൽപ്പണം തട്ടിയെടുക്കുന്ന പൊട്ടിക്കൽ സംഘം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകൾ, സാമ്പത്തിക തർക്കങ്ങളിലെ ക്വട്ടേഷനുകൾ, വ്യക്തിവൈരാഗ്യങ്ങൾ, കുടുംബവഴക്കുകൾ എന്നിവയിൽ രാഷ്ട്രീയ ക്രിമിനലുകൾ ഇപ്പോൾ ഇടപെടുന്നുണ്ട്. ഇത്തരം സംഘങ്ങളുടെ പകതീർക്കാനും പ്രഹരശേഷി കൂട്ടാനുമാണ് ഇപ്പോൾ ബോംബു നിർമ്മാണ സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് പൊലിസിന് ലഭിച്ചവിവരം.

പാനൂർ, തലശേരി മേഖലയിൽ കൊലപാതക രാഷ്ട്രീയം നടമാടുന്ന കാലത്ത് ഇത്തരം രാഷ്ട്രീയ ക്രിമിനൽ സംഘങ്ങൾക്ക് പാർട്ടികൾ ഹീറോ പരിവേഷം നൽകി ചെല്ലും ചെലവും കൊടുത്ത് പോറ്റി വളർത്തിയിരുന്നു. എന്നാൽ പിന്നീട് പാർട്ടികൾ തലയൂരാൻ തുടങ്ങിയപ്പോൾ ഇത്തരക്കാർ തൊഴിൽ രഹിതരായി മാറുകയായിരുന്നു. ഇതോടെയാണ് ഇവർ സ്വന്തം വഴി നോക്കാൻ തുടങ്ങിയത്.

പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായവരിൽ നിന്നും ഇത്തരം ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. പാനൂർ ബോംബ് സ്ഫോടന കേസിൽ ഏറ്റവും ഒടുവിലായി അറസ്റ്റിലായവരെ തലശേരി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. നിരവധി രാഷ്ട്രീയ അക്രമ, കൊലപാതക കേസുകളിൽ പ്രതികളായ കിഴക്കെകതിരൂരിലെ മംഗലശേരി രജിലേഷ്(43) മണിക്കത്തറയിൽ ജിജോഷ്(38) വടകര മടപ്പള്ളി കൂളിബസാർ സ്വദേശി ബാബു കോളോത്ത്(55) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണമെത്തിയിരിക്കുകയാണ്.

ഇതോടെ കേസിൽ 11 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.സ്ഫോടത്തിനായി വെടിമരുന്ന് എത്തിച്ച സംഘമാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത് . ഇവരിൽ നിന്നും മൂന്ന് കിലോ വെടിമരുന്നും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ ആറിന് പുലർച്ചെ നടന്ന സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂത്തുപറമ്പ് എസിപി കെവി.വേണുഗോപാൽ, സിഐ.കെ.പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.