- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാനൂർ ബോംബ് സ്‌ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ
കണ്ണൂർ: സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ ബോംബ് സ്‌ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശികളായ രജിലേഷ്, ജിജേഷ് എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ വടകര സ്വദേശി ബാബുവിൽ നിന്നാണ് മറ്റ് പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ സ്‌ഫോടന കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
ബോംബ് നിർമ്മാണത്തിന്റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27)ലാണ്. ഇയാളെ കൂടാതെ
കരിയാവുള്ളതിൽ ചാലി അക്ഷയ് (27), ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സിപിഎം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31), ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരും പിടിയിലായി.
ഏപ്രിൽ അഞ്ചിനാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം അനുഭാവിയായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നു പേർക്കു പരിക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരിക്കേറ്റത്.
കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ 12 പേരാണ് പാനൂർ ബോംബ് സ്‌ഫോടന കേസിലെ പ്രതികൾ. പാനൂരിൽ നിർമ്മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. പാനൂർ സ്‌ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ ഭാരവാഹികൾ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് സമ്മതിച്ചിരുന്നു. തെറ്റുകാരെന്ന് തെളിഞ്ഞാൽ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തിൽ പരിശോധന നടത്തുമെന്നും സനോജ് പറഞ്ഞിരുന്നു.