പാനൂർ: പാനൂർ സ്ഫോടന കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഷിജാൽ, അക്ഷയ് എന്നിവരാണ് പിടിയിലായത്. ഡി വൈ എഫ് ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് ഷിജാൽ. ഉദുമൽപേട്ടയിൽ ഒളിവിലായിരുന്നു ഇരുവരും. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. അക്ഷയും സിപിഎം അനുഭാവിയാണ്. ഇതോടെ സംഭവത്തിൽ സിപിഎം ബന്ധത്തിൽ കൂടുതൽ ചർച്ചകൾ തുടരും. അതിനിടെ പാർ്ട്ടി നിർദ്ദേശ പ്രകാരം ഇവർ കീഴടങ്ങിയതാണെന്നും സൂചനയുണ്ട്. പാനൂരിൽ ചർച്ച തുടരുന്നത് ഒഴിവാക്കാനാണ് ഇത്. ഈ അറസ്റ്റോടെ ചർച്ചകൾക്ക് വിരാമമാകുമെന്നാണ് സിപിഎം പ്രതീക്ഷ.

സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി് അമൽ ബാബു, ചറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), സായൂജ് എന്നിവരെ ഇതുവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അമൽബാബു. മറ്റു ചിലർ ഇപ്പോഴും ചികിൽസയിലാണ്. ഒരാൾ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി മരിക്കുകയും ചെയ്തു.

ബോംബ് നിർമ്മിക്കാൻ മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവരുടെ അറസ്റ്റ് നിർണ്ണായകമാണ്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയാണെന്ന് അറിയാനാകുമെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ മൂളിയാത്തോട് കാട്ടിന്റവിട ഷെറിൻ (31) മരിക്കുകയും വിനീഷിന് ഗുരതരമായി പരുക്കേൽക്കുകയുമായിരുന്നു. അതിനിടെ ഷിജാലിനെ ഇനി കാര്യമായി ചോദ്യം ചെയ്യില്ലെന്നും സൂചനയുണ്ട്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിവിരോധമാണെന്നും വരുത്താനുള്ള കഥ തയ്യാറായിട്ടുണ്ട്.

പാനൂർ ബോംബ് നിർമ്മാണത്തിന് പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി പൊലീസിന് കിട്ടിയെന്നാണ് പ്രചരണം. ഒരോ പ്രദേശത്തും അപ്രമാധിത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ബോംബ് സ്‌ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്റെ നേതൃത്വത്തിൽ ബോംബ് നിർമ്മാണം നടത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. അറസ്റ്റു ചെയ്യപ്പെട്ട ഡി വൈ എഫ് ഐ നേതാക്കളടക്കം ബോംബ് നിർമ്മാണത്തിൽ പങ്കാളികളായെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് വിശദീകരണം. പാർട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകകളാണെന്നതിലേക്ക് പാനൂർ ബോംബ് സ്‌ഫോടന കേസിലെ അന്വേഷണ വഴി ചെന്നെത്തുന്നത്. ഗുണ്ടാ സംഘങ്ങളിൽ ഒന്നിനെ സ്‌ഫോടനത്തിൽ പരുക്കേറ്റ വിനീഷും മറ്റൊരു സംഘത്തിനെ കൊളവല്ലൂർ സ്വദേശി ദേവാനന്ദും നയിക്കുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഈ കഥയോടെ പാനൂർ കേസ് തീർപ്പാക്കും. കേന്ദ്ര ഏജൻസി അന്വേഷണവും ഉണ്ടാകില്ല.

ഏറ്റവും ഒടുവിൽ, കഴിഞ്ഞ മാസം കുയിമ്പിൽ ക്ഷേത്ര ഉത്സവ സ്ഥലത്ത് നടന്ന സംഘർഷത്തിന്റെ തുടർച്ചക്കായാണ് ബോംബ് നിർമ്മിച്ചതെന്നാണ് പറയുന്നത്. ഇതിനു ശേഷം ഈ സംഘങ്ങൾ തമ്മിൽ പലപ്പോഴായി ഏറ്റുമുട്ടലുണ്ടായതായാണ് പറയുന്നത്. ദേവാനന്ദിന്റെ ഗുണ്ടാ സംഘത്തെ നേരിടാനാണ് വിനീഷിന്റെ നേതൃത്വത്തിൽ ബോംബ് നിർമ്മിച്ചതെന്നാണിപ്പോൾ പൊലീസിന് ലഭിച്ച വിവരം. എതിരാളികളെ ഭീഷണിപ്പെടുത്തുകയായിരുന്നു ബോംബ് നിർമ്മാണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് മൊഴി.

ദേവനാന്ദിനെതിരെ പൊലീസ് കാപ്പക്ക് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, പ്രതികളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ബോംബ് നിർമ്മാണത്തിലൂടെ പ്രതികൾക്ക് ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

കേന്ദ്ര ഏജൻസി വേണമെന്ന് പ്രതിപക്ഷം

പാനൂർ ബോംബ് സ്‌ഫോടനക്കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പ്രതിപക്ഷം. കൊല്ലപ്പെട്ട ഷെറിന്റെ വീട് സി പി എം നേതാക്കൾ സന്ദർശിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. മനുഷ്യത്വത്തിന്റെ പേരിലാണ് നേതാക്കൾ വീട് സന്ദർശിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി പാനൂർ ഏരിയ സെക്രട്ടറിയെ തിരുത്തി. പാനൂർ ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവർത്തകൻ അമൽ ബാബു സ്‌ഫോടനം നടന്ന സ്ഥലത്ത് പോയത് സന്നദ്ധ പ്രവർത്തനത്തിന് എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.

പാനൂരിലെ ബോംബ് നിർമ്മാണ കേസ് സി ബി ഐ എയോ എൻ ഐ എ യോ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മനുഷ്യത്വം ഉണ്ടായിരുന്നുവെങ്കിൽ ബോംബുണ്ടാക്കാൻ സി പി എം നിർദ്ദേശിക്കില്ലായിരുന്നുവെന്ന് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും വ്യക്തമാക്കി. പാനൂർ ഏരിയ കമ്മിറ്റി സി പി എമ്മിന്റെ കൊലയാളികളുടെ പ്രൊഡക്ഷൻ യൂണിറ്റാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു.