കണ്ണൂർ:പാനൂർ സ്ഫോടനക്കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ഭരണകക്ഷിയായ സി.പി. എമ്മിൽ അമർഷം പുകയുന്നു. സ്ഫോടനശബ്ദം കേട്ടു രക്ഷാപ്രവർത്തിനത്തിനെത്തിയവർക്കെതിരെ പൊലിസ് കേസടുത്തുവെന്നാണ് സി.പി. എംസംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ പൊലിസ് സാധാരണയായി പാർട്ടി ഓഫീസിൽ നിന്നും നൽകുന്ന പട്ടിക അനുസരിച്ചു കേസെടുക്കാത്തതാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിക്കുന്നത്. കൂത്തുപറമ്പ് ഡി.വൈ. എസ്‌പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊലിസിനു മേൽ സ്വാധീനം ചെലുത്താൻ കഴിയാത്തതാണ് സി.പി. എമ്മിനെ വെട്ടിലാക്കുന്നത്. ഈ ചാൻസ് മുതലെടുത്തുക്കൊണ്ടു അതിവേഗം അന്വേഷണം പൂർത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ കേസന്വേഷണം വളച്ചൊടിക്കാനും മരവിപ്പിക്കാനും ഇടപെടുന്നുവെന്ന ആരോപണം യു.ഡി. എഫ് ഉയർത്തുന്നുണ്ട്. പാർട്ടി ഗ്രാമത്തിലാണ് ബോംബ് നിർമ്മാണവും പൊട്ടിത്തെറിയും ഉണ്ടായതെന്നത് വസ്തുതയാണ്.

പാർട്ടിക്ക് വേണ്ടി കുഴലൂത്തുനടത്തുന്ന ചില മാധ്യമ പ്രവർത്തകരെ സ്വാധീനിച്ചു പാനൂരിൽ നടന്നത് ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നു വരുത്തിതീർക്കാനാണ് ശ്രമിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഓരോപ്രദേശത്ത് അപ്രമാദിത്വമുണ്ടാക്കാൻ ഇരുവിഭാഗങ്ങൾ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ബോംബു നിർമ്മാണം നടന്നതെന്നുമാണ് സി.പി. എം അനുകൂലികൾ ഇത്തരം വാർത്തകളെ ചുവടുപിടിച്ചു കൊണ്ടു സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. ഇത് സിപിഎമ്മിനുള്ളിലെ വിഭാഗീയ പ്രവർത്തനത്തിന് തെളിവായി വ്യാഖ്യാനമുയരുന്നുണ്ട്.

എന്നാൽ പൊലിസ് യാതൊരുവിധത്തിലും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ മാധ്യമ വാർത്തകളെന്ന പേരിൽ പ്രചരിക്കുന്നത് കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഫുട്ബോൾ മത്സരം പോലെ ഒരു ഗ്യാങ്ങിനെ നയിച്ചത് മൂളിയാത്തോടിലെ വിനീഷും മറ്റൊരു ഗ്യാങ്ങിനെ ദേവാനന്ദും നയിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. ദേവാനന്ദിനെതിരെ കാപ്പ ചുമത്താൻ പൊലിസ് ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രചരിപ്പിക്കുന്നുണ്ട്. കുയിമ്പൽ ക്ഷേത്ര ഉത്സവസ്ഥലത്ത് വെച്ചു ഗ്യാങുകൾ ഏറ്റുമുട്ടിയെന്നും ഇതിന്റെ പകതീർക്കാനാണ് മറുവിഭാഗം ബോംബുനിർമ്മിച്ചതെന്നുമാണ് പറയുന്നത്. എന്നാൽ ബോംബുനിർമ്മാണത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലിസ് ഇതുവരെ പറഞ്ഞിട്ടില്ല. വിനീഷിന്റെ നേതൃത്വത്തിൽ ഡി.വൈ. എഫ്. ഐ മീത്തലെകുന്നോത്ത് യൂനിറ്റ് സെക്രട്ടറി അമൽബാബുവിന്റെ നിർദ്ദേശപ്രകാരമാണ് ബോംബു നിർമ്മാണം നടത്തിയത്. ചുവപ്പ് വാളൻഡിയർ കൂടിയാണ് അമൽബാബുവെന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ അതുൽ ഡി.വൈ. എഫ്. ഐ മീത്തലെ കുന്നോത്ത് പറമ്പ് യൂനിറ്റിലെ തന്നെ ജോയന്റ് സെക്രട്ടറിയാണ്. കേസിലെ മറ്റൊരുപ്രതി സായൂജ് ഡി.വൈ. എഫ്. ഐ കടുങ്ങാംപൊയിൽ യൂനിറ്റ് സെക്രട്ടറിയാണ്. സി.പി. എം മൂളിയാത്തോട് ബ്രാഞ്ച് അംഗം എകരത്ത്് നാണുവിന്റെ മകനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനീഷ്. ഒളിവിലുള്ള ബോംബ്നിർമ്മാണത്തിന്റെ മുഖ്യആസൂത്രകൻ ഷിജാൽ ഡി.വൈ. എഫ്. ഐ കുന്നോത്ത് പറമ്പ് യൂനിറ്റ് സെക്രട്ടറിയാണ്. ഇതിനിടെ ബോംബ് സ്ഫോടനകേസിൽ പ്രതികളായ രണ്ടു പേർ കർണാടകയിലേക്ക് കടന്നതായി പൊലിസിന്സൂചനലഭിച്ചിട്ടുണ്ട്. ബോംബ്നിർമ്മാണത്തിലെ മുഖ്യആസൂത്രകരായ ഷിജാൽ, അക്ഷയ് എന്നിവരാണ് ബംഗ്ളൂരിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇവർ ബംഗ്ളൂരിലുള്ളതായി വിവരം ലഭിച്ചത്.

പാനൂർ സ്ഫോടനം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര,കണ്ണൂർ പാർലമെന്റ് മണ്ഡലങ്ങളിൽ വിജയപ്രതീക്ഷ പുലർത്തുന്ന സി.പി. എമ്മിന് കനത്തതിരിച്ചടിയായി മാറിയിട്ടുണ്ട്. ഇതുകൂടാതെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെരീന്റെ വീട് പാനൂരിലെ സി.പി. എം നേതാവ് സുധീർ കുമാറും മുൻ കൂത്തുപറമ്പ് ബ്ളോക്ക് പ്രസിഡന്റ് എ. അശോകനും സന്ദർശിച്ചതും സംഭവവുമായി ബന്ധമില്ലെന്ന പാർട്ടിയുടെ വാദം പൊളിച്ചുവെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽസംഭവത്തിൽ സി.പി. എം പാർട്ടിതല അന്വേഷണമാരംഭിക്കുമെന്നാണ് സൂചന. പാനൂർ മേഖലയിലെ നേതാക്കൾക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന വിവരമാണ് പാർട്ടിക്കുള്ളിൽ നിന്നുംലഭിക്കുന്ന വിവരം.