കണ്ണൂർ: പാനൂർ വള്ള്യായിയിൽ വീട്ടിനകത്ത് ഇരുപത്തിമൂന്നുകാരിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് ചുറ്റികയും കത്തിയുമായാണ് പ്രതി എം. ശ്യാംജിത്ത് സംഭവ സ്ഥലത്ത് എത്തിയത്. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്ന് പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്തുകൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നൽകി.

കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം. ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും.

അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാൽ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നൽകി. ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്യംജിത്തിനെ പൊലീസ് പിടികൂടുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അയൽവാസികൾ നൽകിയ മൊഴിയും നിർണായകമായി. കുറ്റം സമ്മതിച്ചെങ്കിലും ശ്യാംജിത്തിൽനിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. വിഷ്ണുപ്രിയയുടെ വീട്ടിൽ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നായർ പരിശോധന നടത്തിയിരുന്നു.

സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ തൊപ്പിയിട്ട് ടീഷർട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡിൽ കണ്ടതായി ചിലർ മൊഴി നൽകി. തുടർന്ന് പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. ബാഗിൽ ആയുധവും കരുതിയിരുന്നു. തുടർന്ന് വീടിനകത്ത് കയറി വിഷ്ണുപ്രിയയുടെ കഴുത്തിനാണ് ആദ്യം വെട്ടിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈകകളിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തിൽ വെട്ടി പ്രതി മരണം ഉറപ്പിക്കുകയായിരുന്നു.

പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. നാലുദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്. ഇതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഇവർ അവധിയിലായിരുന്നു. സംഭവസമയം വിഷ്ണുപ്രിയയുടെ വീട്ടിലുള്ളവരെല്ലാം സമീപത്തെ തറവാട്ടുവീട്ടിലായിരുന്നു.

അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്ന യുവതി രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.