പന്തളം: പത്തുവർഷം മുമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസിൽ ഉൾപ്പെട്ട യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നും കണ്ടെത്തി. കുളനട സ്വദേശിയുടെ ഭാര്യയായിരുന്ന തിരുവനന്തപുരം സ്വദേശിനി(42)യെയാണ് പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത്.

തിരോധാന കേസുകളിലെ ആളിനെ കണ്ടെത്തുന്നുതിനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. 2012 മെയ്‌ ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. 13 ന് ഭർത്താവിന്റെ മൊഴിപ്രകാരം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിമിയെ കണ്ടെത്താനാവാത്തതിനാൽ കേസ് തെളിയേണ്ടും പട്ടികയിൽ ഉൾപ്പെടുത്തി സെപ്റ്റംബർ ഒമ്പതിന് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

2018 മെയ്‌ 20 ന് കേസ് തുടരന്വേഷണം ആരംഭിക്കുകയും പെരിന്തൽമണ്ണയിലെ ഒരു സൂപ്പർ മാർക്കറ്റ് സ്ഥാപനത്തിൽ യുവതി ജോലി ചെയ്യുന്നതായി പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഹരിപ്പാട് സ്വദേശിയായ ഹൻസിൽ (38) എന്നയാൾക്കൊപ്പം മലപ്പുറം പെരിന്തൽമണ്ണയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി. ഇവർ ഭർത്താവ് ബാലനും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞു വരവേയാണ് പന്തളത്തെ സ്വകാര്യസ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തുവന്ന ഹൻസിലുമായി അടുപ്പത്തിലായത്. ഹൻസിലുമായി ഒമ്പതുവർഷമായി ഒരുമിച്ചുജീവിക്കുന്ന ഇവർക്ക് മക്കളില്ല. സ്വർണവ്യാപാര സ്ഥാപനത്തിൽ ജോലിചെയ്തുവരുന്ന ഹൻസിലിനെ പുനലൂരിൽ നിന്നും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് യുവതി പെരിന്തൽമണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്.

ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തുകയും പെരിന്തൽമണ്ണയിലെ വാടകവീട്ടിലെത്തി കൂട്ടിക്കൊണ്ട് വരികയുമായിരുന്നു. വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒരുമിച്ചു ജോലി ചെയ്തു വന്ന ഹൻസിലുമായി സ്വമേധയാ പോയതാണെന്നും തുടർന്ന് ഇസ്ലാം മതം സ്വീകരിച്ചു. ഒമ്പതു വർഷത്തോളമായി ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു വരികയാണെന്നും കുടുംബപ്രശ്നങ്ങളാൽ ഒരു വർഷമായി പിരിഞ്ഞുകഴിയുകയാണെന്നും മാവേലിക്കര കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് നടന്നുവരികയാണെന്നും മറ്റും പൊലീസിന് മൊഴിനൽകി.

ആദ്യഭർത്താവിലെ രണ്ടുമക്കളിൽ മകൾ യുവതിക്കൊപ്പമാണുള്ളത്.എസ് ഐ കെ ഷിജു, പൊലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, അൻവർഷാ, സുബീക് റഹ്മാൻ, അമീഷ്, രഘുകുമാർ എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.