- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാഹുൽ വിദേശ സുഖവാസം തുടരുമ്പോൾ
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഒത്തുതീർപ്പിനും ശ്രമം സജീവം. പീഡനത്തിന് ഇരയായ പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം നൽകിയ രഹസ്യമൊഴി നിർണ്ണായകം. കേസിൽ കൂടുതൽ പ്രതികളും വകുപ്പുകളും ഇനി വരാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, രാഹുൽ വിവാഹ തട്ടിപ്പ് നടത്തിയ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. ഇതോടെ ഒത്തുതീർപ്പ് ശ്രമം പൊളിയുകയാണ്. ഒരു ഒത്തുതീർപ്പിനും ഇല്ലെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.
അതിനിടെ കേസിൽ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ശരത് ലാലിന്റെ ജാമ്യാപേക്ഷയിലെ വിധി നിർണ്ണായകമാകും. പന്തീരാങ്കാവ് കേസിൽ അനുനയത്തിന് ആയി വിദേശത്തുള്ള ഒന്നാംപ്രതി രാഹുൽ ശ്രമിക്കുന്നുവെന്ന് സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അപേക്ഷ നൽകിയത്. ഇതനുസരിച്ച് പെൺകുട്ടി കോഴിക്കോട് എത്തി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകി.
സ്ത്രീധന പീഡനമാണ് നടന്നതെന്നും പ്രതി രാഹുൽ വിവാഹ തട്ടിപ്പ് നടത്തിയന്നു മൊഴിയിലുണ്ട്. അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്ക് കടന്നപ്രതി രാഹുൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു എന്നാണ് കുടുംബം പറയുന്നത്. ജർമനിലിയാണ് രാഹുൽ ഉള്ളതെന്നാണ് സൂചന. രാഹുലിന്റെ അമ്മയും സഹോദരിയും കേസിൽ പ്രതികളാകും. ഇവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അമ്മയുടേയും സഹോദരിയുടേയും അറസ്റ്റ് ഒഴിവാക്കാനാണ് ഒത്തൂതീർപ്പ് സാധ്യത തേടുന്നത്. കേസിൽ നിന്നും ശരത് ലാൽ എന്ന പൊലീസുകാരന് രക്ഷപ്പെടാനും ഇത് അനിവാര്യതയാണ്.
അതേസമയം, കേസിലെ ഒന്നാംപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണസംഘം തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെ ചോദ്യം ചെയ്യാനായി പൊലീസ് നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. ഇയാൾ ഒളിവിൽ എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ഭയത്തിലാണ് മാറിനിൽക്കൽ. കേസ് ഒത്തൂതീർപ്പായാൽ നടപടികൾ ഒഴിവാക്കാം. ഇതിന് വേണ്ടി കൂടിയാണ് രാഹുൽ ഒത്തൂതീർപ്പ് ശ്രമം നടത്തുന്നത്.
ചോദ്യം ചെയ്യാനുള്ള നീക്കത്തിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശരത് ലാൽ കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുലിന്റെ അമ്മയും സഹോദരിയും ആശുപത്രിയിൽ ആയതിനാൽ ഇരുവരുടെയും രേഖപ്പെടുത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരെ ആശുപത്രിയിൽ നിന്നും വിടുന്നതിന് മുമ്പ് കേസിൽ ഒത്തൂതീർപ്പിനാണ് രാഹുലിന്റെ ശ്രമം.
രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം പ്രതികരിച്ചു. നേരത്തെ വിവാഹം കഴിച്ച ആളാണ്. ഇക്കാര്യം മറച്ചുവെച്ച് വിവാഹം കഴിച്ചു. സ്ത്രീധനം പോരെന്നും കൂടുതൽ വേണമെന്നും രാഹുലിന്റെ സഹോദരിയും അമ്മയും പറഞ്ഞിരുന്നുവെന്നും ആരോപണമുണ്ട്. മെയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് 'സ്നേഹതീര'ത്തിൽ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.
വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.