കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് കൂടുതൽ ആഴങ്ങളിലേക്ക്. ഒന്നാം പ്രതി രാഹുൽ പി ഗോപാലിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ജർമനിയിലുള്ള രാഹുലിനെ പൊലീസ് നാട്ടിലെത്തിക്കാൻ ശ്രമം ഊർജ്ജിതമാക്കി. രാഹുലിന്റെ ഹോണ്ട അമൈസ് കാർ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്റെ വീട്ടിൽ പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് ഫൊറൻസിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

കേസിൽ രാഹുലിനെ രാജ്യം വിടാൻ സഹായിച്ചതിന് ഒരു പൊലീസുകാരനെ കൂടി സസ്പെൻഡ് ചെയ്തിരുന്നു. സീനിയർ സിപിഒ ശരത്ത്ലാലിനെയാണ് കമ്മീഷണർ് സസ്പെൻഡ് ചെയ്തത്. ഇയാൾ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോൺ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്. ഇയാൾ രാഹുലിന്റെ കൂട്ടുകാരൻ രാജേഷിന്റെ സഹപാഠിയാണ്. ഈ ബന്ധമാണ് കേസിൽ ശരത് ലാലിനെ ഒറ്റുകാരനാക്കുന്നത്. രാഹുൽ ജർമനിയിൽ എത്തിയോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളിൽ കടുത്ത മാനസികവ്യഥകളിലൂടെയാണ് പെൺകുട്ടി കടന്നു പോയത്. അച്ഛനും അമ്മയും ഭർത്തൃഗൃഹത്തിലേക്ക് എത്തിയതു കൊണ്ടുമാത്രമാണ് പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടാതിരുന്നത്. ശാരീരിക പീഡനത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഭർത്താവിന് കൂട്ടു നിന്നത് പുരുഷ സുഹൃത്താണ്. പുരുഷ സുഹൃത്ത് ആ വീട്ടിൽ താമസിച്ച സാഹചര്യം പരിശോധിക്കപ്പെടണമെന്ന ആവശ്യവും ശക്തമാണ്. ആശുപത്രിയിലേക്ക് കൊണ്ടു പോയ കാറാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

സാധാരണ ഗതിയിൽ വിവാഹം കഴിച്ചു കൊണ്ടു വന്നിട്ടുള്ള ഒരു പെൺകുട്ടിക്ക് ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ സ്ത്രീകൾ ആരെങ്കിലുമാകും കൂടെ പോകുക. ഇങ്ങനെ ചെയ്യാതെ പുരുഷ സുഹൃത്തിനെയും കൂട്ടിയാണ് ഭർത്താവ് പെൺകുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയതെന്നാണ് സൂചന. ഇതും ദുരൂഹമാണ്. എന്നാൽ കൂട്ടുകാരനായ രാജേഷിനെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ പോന്ന കേസുകളാണ് പൊലീസ് ചുമത്തിയത്. ഇതെല്ലാം ഇപ്പോഴും കേസിനെ സംശയ നിഴലിലാക്കുന്നു.

വളരെ ആസൂത്രിതമായ രൂപത്തിലാണ് പെൺകുട്ടിക്കെതിരായ പീഡനം നടന്നിട്ടുള്ളത് എന്നാണ് സൂചന. സ്വന്തം വീട്ടുകാരോട് മൊബൈലിൽ സംസാരിക്കുന്നതിനു പോലും പെൺകുട്ടിക്ക് അനുവാദം നൽകിയിരുന്നില്ലെന്നാണ് ആരോപണം. രാഹുൽ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങൾ അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോർണർ നോട്ടിസിൽ ആവശ്യപ്പെട്ട വിവരങ്ങളാണ് ജർമ്മൻ എംബസി കൈമാറുന്നത്. തുടർന്നാകും റെഡ് കോർണർ നോട്ടിസിന് ശ്രമം തുടങ്ങുക. ഈ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം.

അതിനിടെ അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ നൽകരുത്. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് തെറ്റായ വാർത്തകൾ ചാനലുകൾ നൽകുന്നത്. ഈ കേസിൽ, പരാതി വന്നതിനു ശേഷം പൊലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ചു കൊണ്ട് കടന്നു കളഞ്ഞിട്ടുള്ള ആളുമായി ചാനലുകൾ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷയ്ക്കു വേണ്ടി അയാൾ പറയുന്ന കാര്യങ്ങൾ കാണിക്കുന്നത് വളരെ അപമാനം ഉണ്ടാക്കുന്ന കാര്യമാണ്.

പെൺകുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗാർഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതകൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളത്. അതിജീവിതയുടെ പേരു പോലും പുറത്തേക്കു പറയാൻ പാടില്ലെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. മാധ്യമങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ അധിക്ഷേപകരമായി അതിജീവിതയെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതിൽ കർശനമായി ഇടപെടേണ്ടതായിട്ടുണ്ടെന്നും വനിതാ കമ്മീഷൻ വിശദീകരിച്ചു.