കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസ് അട്ടിമറിയും പുറത്ത്. പ്രതി രാഹുലിനെ രാജ്യം വിടാൻ സഹായിച്ചത് പൊലീസുകാരനാണ്. കേസിൽ വധശ്രമം ചുമത്തുമെന്നും ജർമ്മിയിലേക്ക് പറക്കാനും ഉപദേശിച്ചു. പൊലീസ് പിടിക്കാതെ ചെക് പോസ്റ്റ് കടക്കാനും സൗകര്യമൊരുക്കി. ഈ പൊലീസുകാരനെ വന്നു കണ്ടിട്ടായിരുന്നു രാഹുലിന്റെ ജർമ്മൻ യാത്ര. ഇതെല്ലാം വകുപ്പു തല അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് പന്തിരാങ്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശരത് ലാലിനെ സർവ്വീസിൽ നിന്നും അട്ടിമറിച്ചു. പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പ്രതിയെ രക്ഷിച്ചത് പൊലീസാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. കേരളാ പൊലീസിന് തീരാ കളങ്കമാണ് ഈ കേസ്.

പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ ശരത് ലാൽ രാഹുലിന് പറഞ്ഞ് കൊടുത്തു എന്നാണ് വിവരം. രാഹുലിന്റെ സുഹൃത്ത് രാജേഷിനും ഇയാൾ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു. പൊലീസുകാരന്റെ കോൾ റെക്കോർഡ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഇതോടെയാണ് ശരത് ലാൽ കുടുങ്ങിയത്. ഇയാൾ രാഹുലുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. പരാതി വിവാദമായ ഉടൻ രാഹുലിനോട് നാടുവിടാൻ ഇയാൾ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാജേഷും ആരോപണ വിധേയനായ പൊലീസുകാരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ കമ്മീഷണർ മെമോ നൽകിയിരുന്നു. ഇതേ കേസിൽ പരാതിക്കാരിയുമായി എത്തിയപ്പോൾ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്എച്ച്ഒയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. രാഹുൽ ജർമൻ പൗരനാണെന്ന വാദം തെറ്റാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധുക്കൾ ഇത്തരമൊരു പ്രചരണം നടത്തിയത് ബോധപൂർവമാണോയെന്നും പൊലീസ് പരിശോധിക്കും. ഇതിന് പിന്നിലും പൊലീസ് ബുദ്ധിയുണ്ടെന്നാണ് സൂചന.

അതിനിടെ പ്രതി രാഹുൽ പി ഗോപാലന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുൻകൂർ ജാമ്യം തേടിയതായി റിപ്പോർട്ടുകൾ. ഇരുവരും കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഉഷ കുമാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് വിവരം. ഉഷയോടും മകളോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഹാജരായിരുന്നില്ല.

രാഹുൽ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുൽ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നൽകിയിട്ടുണ്ട്. ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

രാഹുൽ ജർമൻ പൗരനാണെന്ന ഉഷ കുമാരിയുടെ വാദം പൊലീസ് നേരത്തെ തള്ളിയിരുന്നു. ഇയാൾ ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ട് തന്നെയാണ് ഉപയോഗിക്കുന്നത്. രാഹുലിന്റെ ബാങ്ക് അക്കൗണ്ടും നേരത്തേ മരവിപ്പിച്ചിരുന്നു. ഇയാളുടെ വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയെന്നാണ് വിവരം.മെയ്‌ അഞ്ചിന് ഗുരുവായൂരിൽ വച്ചായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയും വിവാഹം.

പതിനൊന്നിനാണ് യുവതിയെ പ്രതി ക്രൂരമായി മർദിച്ചത്. രാഹുൽ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ലെന്നാണ് വിവരം.