കോഴിക്കോട്: പന്തീരാങ്കാവിൽ നവ വധു ക്രൂരമായി മർദിക്കപ്പെട്ട കേസിൽ ഒളിവിൽ പോയ ഭർത്താവ് രാഹുൽ പി യുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശി രാജേഷിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ചോദ്യം ചെയ്യാൻ വേണ്ടി ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്നും ബാംഗ്ലൂർ വരെ ഒരുമിച്ച് സഞ്ചരിച്ചെന്നും പൊലീസ് പറഞ്ഞു. വിദേശത്തേക്ക് പോകാൻ രാഹുലിന് ടിക്കറ്റ് എടുത്ത് നൽകിയതും രാജേഷാണ്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ രാഹുൽ താൻ വിദേശത്താണെന്നും എന്നാൽ രാജ്യം ഏതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജേഷിലേക്ക് അന്വേഷണം എത്തുന്നത്. പ്രതിയെ രക്ഷിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നാണ് വ്യക്തമാകുന്നത്.

ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴിയാണ് പ്രതി ജർമനിയിലേക്ക് കടന്നത് എന്നാണ് വിവരം. ജർമനിയിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. അന്താരാഷ്ട്ര എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു. ജർമനിയിൽ നിന്ന് രാഹുൽ ഫോൺ വഴി ബന്ധുക്കളെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. നേരത്തെ രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ജർമൻ പൗരത്വം രാഹുലിന് ഉണ്ട്. അതുകൊണ്ട് തന്നെ ജർമനിയിൽ നിന്നും രാഹുലിനെ നാട്ടിലെത്തിക്കാൻ നൂലാമാലകൾ ഏറെയാണ്.

അതെ സമയം രാഹുലിനെ എത്രയും പെട്ടെന്ന് ജർമ്മനിയിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യണമെന്ന് പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടണമെന്നും രാഹുലിന്റെ അമ്മയും സഹോദരിയും ഒളിവിൽ പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മെയ്‌ 12നാണ് പെൺകുട്ടിയും ബന്ധുക്കളും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നൽകിയത്. മർദിക്കുകയും മൊബൈൽ ഫോണിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്‌തെന്ന പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്.

ഗുരുതരമായി പരിക്കേറ്റിട്ടും ആദ്യഘട്ടത്തിൽ കേസെടുത്തില്ലെന്ന ആരോപണത്തിൽ പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ എ എസ് സരിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസ് സ്‌റ്റേഷനിൽ എത്തിയ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാതെ പൊലീസ് വിട്ടയച്ചു. അതിന് ശേഷമാണ് ഇയാൾ രാജ്യം വിട്ടത്.