കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുവതി ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയകിന് പിന്നാലെ യുവതി തന്നെ മാധ്യമങ്ങളോട് താൻ നേരിട്ട ദുരിതങ്ങൾ വിവരിച്ചു. ഒപ്പം ഭാര്യാ-ഭർത്യ തർക്കമെന്ന് വരുത്തി തീർത്ത് കേസെടുക്കാൻ മടിച്ച പൊലീസിനെയും യുവതിയും കുടുംബവും വിമർശിച്ചു.

കൊല്ലത്തെ വിസ്മയ കേസിലെ പോലെ തന്നെ സ്ത്രീധനമാണ് പന്തീരാങ്കാവിലും വില്ലനായത്. ഭർത്താവ് രാഹുൽ അമിത ലഹരിയിലായിരുന്നു. തന്നെ കൊല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മർദനം ആരംഭിച്ചത്. 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത്. മദ്യമായിരുന്നില്ല. മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നത്.

കോഴിക്കോട് ബീച്ചിൽ വച്ചാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തർക്കം തുടർന്നു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. വീടിന്റെ മുകളിലെ മുറിയിൽ വച്ചായിരുന്നു മർദനം. ആദ്യം കരണത്തടിച്ചു. പിന്നീട് മുഷ്ടികൊണ്ട് തലക്കടിച്ചു. നെറ്റിയിലും ഇടിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ വെച്ച് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. രണ്ടു മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചു. ആ സമയത്ത് വാതിൽ തുറന്ന് ഞാൻ ഓടാൻ ശ്രമിച്ചു. അതോടെ എന്നെ പിടിച്ച് അവിടെ കിടത്തി പിന്നിൽ ബെൽറ്റിന് അടിച്ചു. അപ്പോഴെല്ലാം ഞാൻ ഉറക്കെ കരഞ്ഞു. പുലർച്ചെ ഒരു മണിക്കായിരുന്നു ഇത്. എന്നാൽ ആരും സഹായത്തിന് എത്തിയില്ല. തുടർന്ന് ബോധരഹിതയായി. പിന്നീട് ബോധം വന്നപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു.

ആശുപത്രിയിൽ കൊണ്ടുപോയപ്പോഴും കള്ളം പറഞ്ഞു. തനിക്കൊന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് സംഭവം. കല്യാണത്തിന് മുമ്പ് നമുക്ക് പറ്റുന്ന രീതിയിലെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞപ്പോൾ അതൊന്നും പ്രശ്‌നമില്ലെന്നും പെൺകുട്ടിയാണ് വലുതെന്നുമാണ് ഭർത്താവും വീട്ടുകാരും പറഞ്ഞത്.

"കൂടുതൽ സ്ത്രീധനം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വിവാഹത്തിനു മുൻപു തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയതാണെന്ന് ഞാൻ രാഹുലിനോടു പറഞ്ഞു. അതിനു ശേഷമാണല്ലോ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോയത്. ഇനി അതിനെക്കുറിച്ച് ഒരു ചർച്ചയുടെ ആവശ്യമില്ലല്ലോയെന്നും രാഹുൽ കൂടി സമ്മതിച്ചതു കൊണ്ടാണല്ലോ വിവാഹാലോചന മുന്നോട്ടു പോയതെന്നും ഞാൻ ഓർമിപ്പിച്ചു.

"ഇതോടെയാണ് തർക്കമുണ്ടായത്. രാത്രിയിലാണ് എന്നെ മർദിച്ചത്. അന്നു രാവിലെ രാഹുൽ അടച്ചിട്ട മുറിയിൽ അമ്മയുമായി കുറേസമയം സംസാരിച്ചിരുന്നു. ആ മുറിയിലേക്ക് എന്നെ കയറ്റിയില്ല. അമ്മ എന്താണ് പറഞ്ഞതെന്നു ഞാൻ രാഹുലിനോട് ചോദിച്ചു. നീ അത് അറിയേണ്ട എന്നായിരുന്നു മറുപടി.

നിലവിളി കേട്ടിട്ടും ആരും സഹായത്തിന് എത്തിയില്ല

"വേദന സഹിക്കാനാകാതെ വലിയ വായിൽ അലമുറയിട്ടാണ് ഞാൻ കരഞ്ഞത്. ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞാണ് കരഞ്ഞത്. ഇതിനിടെ ആരോ പടി കയറി മുകളിലേക്കു വരുന്നുണ്ടായിരുന്നു. ആരോ വരുന്നുണ്ട്, ശബ്ദമുണ്ടാക്കരുതെന്ന് മർദ്ദിക്കുന്നതിനിടെ രാഹുൽ തന്നെ പറയുന്നുണ്ടായിരുന്നു. പക്ഷേ, കുറച്ചുനേരെ കഴിഞ്ഞപ്പോഴേയ്ക്കും ആ ശബ്ദം പോവുകയും ചെയ്തു. ഞങ്ങളുടെ അടുത്ത റൂമിൽ രാഹുലിന്റെ സുഹൃത്ത് രാജേഷ് കിടക്കുന്നുണ്ടായിരുന്നു. എന്റെ കരച്ചിൽ അദ്ദേഹം കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ ആരും സഹായത്തിനു വന്നില്ല.

പൊലീസ് കേസ് നിസ്സാരവത്കരിച്ചു; ഒതുക്കി തീർക്കാൻ നോക്കി

"എന്നെ ആശുപത്രിയിൽ കാണിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്കു പോയത്. ഞാൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനു മുന്നിലും അതേപടി പറഞ്ഞതാണ്. പക്ഷേ, മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊല്ലാൻ ശ്രമിച്ചത് ഉൾപ്പെടെ ഞാൻ പറഞ്ഞ പ്രധാനപ്പെട്ട പല കാര്യങ്ങളും അവർ രേഖപ്പെടുത്തിയില്ല എന്നാണ് ഏറ്റവും ഒടുവിൽ അറിഞ്ഞത്. ഞങ്ങൾ അവിടെ എത്തുന്നതിനു മുൻപേ രാഹുൽ എത്തിയിരുന്നു. പൊലീസുകാരുടെ തോളിൽ സുഹൃത്തുക്കളേപ്പോലെ കയ്യിട്ടു നടക്കുന്നതാണ് ഞങ്ങൾ കണ്ടത്. ഒരു ഒത്തുതീർപ്പിനുള്ള ശ്രമമാണ് അവിടെ കണ്ടത്.

"ഇതെല്ലാം സ്വാഭാവികമല്ലേ, ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ എന്നൊക്കെയാണ് പൊലീസുകാർ പറഞ്ഞത്. സിഐയുടെ മുറിയിൽ ഞാനും അച്ഛനും രാഹുലുമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ ഇത്രയും മർദ്ദിച്ചയാളുടെ കൂടെ തുടരാൻ താൽപര്യമില്ലെന്ന് ഞാൻ പറയുകയും ചെയ്തു.

"വിസ്മയ, ഉത്ര തുടങ്ങിയവർക്ക് സംഭവിച്ച കാര്യങ്ങൾ അച്ഛൻ ചൂണ്ടിക്കാട്ടിയപ്പോൾ, അതെല്ലാം റിപ്പോർട്ടർമാർ തള്ളിയുണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല എന്നാണ് പറഞ്ഞത്. എങ്കിലും കേസെടുക്കണമെന്ന് അച്ഛൻ പറഞ്ഞപ്പോൾ, ഇതിനൊക്കെ കേസുണ്ടോയെന്ന് ചോദിച്ച് പരിഹസിച്ചു. രാഹുലിന്റെ പക്ഷത്തുനിന്ന് സംസാരിക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്." യുവതി പറഞ്ഞു.

വധശ്രമത്തിന് കേസെടുക്കണമെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആവശ്യം.