- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു
കണ്ണൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിടയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷും ചികിത്സയിൽ കഴിയുകയാണ്. കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണ്.
ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.വിനീഷും മരിച്ച ഷെറിനും സിപിഎം പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പു കാലത്ത് ഈ സ്‌ഫോടനം രാഷ്ട്രീയമായി സിപിഎമ്മിനും തിരിച്ചിടിയാകും.
ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം ഉണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയതാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. വിനീഷും ഷെറിനും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പാനൂർ സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. ബോംബിന്റെ അവശിഷ്ട ഭാഗങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ചു. പ്രദേശത്ത് പാനൂർ പൊലിസ് വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത് കുമാർ പാനൂരിൽസ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ക്രമസാമധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ബൂത്തുകളുടെ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചു വരികയാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ സംഘർഷങ്ങൾ നടന്ന ബൂത്തുകളുടെ വിവരങ്ങളാണ് ശേഖരിച്ചു വരുന്നത്.പന്ന്യന്നൂർ കുറ്റിപ്പുറം സ്‌ക്കൂൾ, ചമ്പാട് വെസ്റ്റ് യുപി, ഈസ്റ്റ് വള്ള്യായി, കണ്ണംപൊയിൽ, മനേക്കര വിദ്യാ വിലാസിനി, പാനൂർ ഹയർ സെക്കണ്ടറി തുടങ്ങിയ സ്‌ക്കൂൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ബൂത്തുകൾ പ്രശ്‌നബാധിതമാണെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്.
മറ്റ് ബൂത്തുകളെ കുറിച്ചും വിവരങ്ങൾ തേടിയതിനു ശേഷം റിപ്പോർട്ട് നൽകും.വോട്ടർമാർക്ക് ഭയരഹിതമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിർദ്ദേശമുണ്ട്.സംസ്ഥാന പൊലീസ് സംവിധാനം കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ്.ഇതിനു പുറമെ അതീവ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്രസേനയുടെ സാന്നിധ്യവും ഉറപ്പു വരുത്തുമെന്ന് കണ്ണൂർ ജില്ലാ പൊലിസ് മേധാവി അറിയിച്ചു.