കോഴിക്കോട്: പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിലുള്ള വിവിധ കോളിങ്ങ് ആപ്പുകൾക്ക് സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികൾ ഇന്ത്യയിലേക്ക് റൂട്ട് നൽകിയതായി പൊലീസിന് വ്യക്തമായി. ഈ കോളുകൾ ആരിലേക്കാണ് എത്തിയത് എന്ന് ഫോൺ നമ്പർ മാത്രം വെച്ച് മനസ്സിലാക്കുക ദുഷ്‌ക്കരമാണ്. മറ്റാരുടെയോ പേരിലുള്ള സിം കാർഡുകളാണ് ഫോൺ വിളികൾ സ്വീകരിക്കുന്നവരും ഉപയോഗിക്കുന്നത് എന്നതാണ് അന്വേഷണം പ്രയാസത്തിലാക്കുന്നത്.

സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച് കേസിൽ പ്രധാന പ്രതി ഷബീറിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിയുടെ പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങളാണ് ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് ലഭിച്ചത്. രാജ്യമെമ്പാടുമുള്ള സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ അമ്പരപ്പിക്കുന്ന സംഘടിത സ്വഭാവവും ആസൂത്രണവും സംബന്ധിച്ച സുപ്രധാന സൂചനകൾ പൊലീസിന് ലഭിച്ചതായും അറിയുന്നുണ്ട്.

കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി പി പി ഷബീർ 2007 മുതൽ കമ്പ്യൂട്ടർ ഉപകരണ വിതരണ കമ്പനിയുടെ മറവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തിവന്നിരുന്നതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതി എക്‌സ്‌ചേഞ്ച് നടത്തിപ്പിനായി വാങ്ങിയ ഉപകരണങ്ങളുടെ ബില്ലുകൾ, അക്കൗണ്ട് ഇടപാടുകൾ എന്നിവ സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു.

വിവിധ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സംഘടിത സ്വഭാവമുള്ള പ്രവർത്തനമാണ് ഇത്തരം നിയമ വിരുദ്ധ എക്‌സ്‌ചേഞ്ചുകളുടേത്. രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടെലി കമ്യൂണിക്കേഷൻ വോയിസ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഡാറ്റാ പാക്കറ്റുകളാക്കി രാജ്യത്തിന്റെ നിയമാനുസൃത ടെലികമ്യൂണിക്കേഷൻ ചാനലുകളെ ഒഴിവാക്കി നേരിട്ട് സ്വീകർത്താവിന്റെ ഫോണിലേക്ക് എത്തിക്കുന്ന രീതിയാണിത്.

വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ടെലികമ്യൂണിക്കേഷൻ സാധ്യമാക്കുന്നതിനായി പ്രത്യേക ഡാറ്റാ കൈമാറ്റ നെറ്റ് വർക്കുകൾ ഉണ്ട്. രാജ്യത്തിലെ വിവിധ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണവും ശ്രദ്ധയും ഇവിടെ ഉണ്ടാകും. ഈ റൂട്ടിനെ ഒഴിവാക്കി ഇന്ത്യയിലെ ഫോൺ ഉപഭോക്താക്കളിലേക്ക് ഫോൺ കാളുകൾ റൂട്ട് ചെയ്യുകയാണ് പ്രതികൾ ചെയ്യുന്നത്. പ്രതികളുടെ ഇത്തരം പ്രവർത്തികൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വൻ ഭീഷണി ആണ് സൃഷ്ടിക്കുന്നത്. ഫോൺ കാളിന്റെ ഉറവിടം ഒരിക്കലും കണ്ടെത്താനാവില്ല എന്നതാണ് ഇതിനെ അപകടകരമാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഷബീർ പിടിലായത് വയനാട്ടിലെ റിസോർട്ടിൽ നിന്ന്

ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഈ മാസം 20 ന് വയനാട്ടിൽ വച്ചാണ് ജില്ലാ സി ബ്രാഞ്ച് സംഘം പിടികൂടിയത്. വയനാട്ടിൽ ബിനാമി വിലാസത്തിൽ നിർമ്മിക്കുന്ന റിസോർട്ട് സന്ദർശിക്കാൻ വേഷം മാറിയെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഷമീർ എന്ന പേരിൽ ഇയാൾ ഇവിടെ എത്താറുണ്ട് എന്ന വിവരം ലഭിച്ച പൊലീസ് ദിവസങ്ങളായി വേഷം മാറി റിസോർട്ടിന് സമീപം താമസിക്കുകയായിരുന്നു. രാത്രി ഹരിയാന റജിസ്‌ട്രേഷൻ കാറിൽ വയനാട് പൊഴുതനയിലെ റിസോർട്ടിനു സമീപമെത്തിയ പ്രതിയെ പൊലീസ് സംഘം വാഹനം തടഞ്ഞു കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2021 ജൂലൈ ഒന്നിനാണു കോഴിക്കോട് നഗരത്തിലെ ഏഴു കേന്ദ്രങ്ങളിൽ സമാന്തര ഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയത്. ബെംഗളൂരു എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണു കോഴിക്കോട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എക്‌സ്‌ചേഞ്ചുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തത് എന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തൃശൂർ, എറണാകുളം,പാലക്കാട് ജില്ലകളിലെ സമാന്തര ഫോൺ എക്‌സ്‌ചേഞ്ചുകൾ പൊലീസ് കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ, ചൈന സ്വദേശിനികളായ ഫ്‌ളൈ, ലീ എന്നിവർക്ക് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയിലേക്ക് 'റൂട്ട്' വിൽപന നടത്തിയിരുന്നെന്നും ഇബ്രാഹിം പുല്ലാട്ടിൽ മൊഴി നൽകിയിട്ടുണ്ട്.

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് വഴി സർക്കാരിനു കോടികളുടെ നഷ്ടമുണ്ടായതായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് നേരത്തേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റജിസ്‌ട്രേഷൻ ഇനത്തിൽ മാത്രം 2.5 കോടിയാണ് നഷ്ടം. കേസിലെ ആറു പ്രതികളിൽ സമാന്തര എക്‌സ്‌ചേഞ്ചിലെ ജോലിക്കാരനായ കുണ്ടായിത്തോട് സ്വദേശി ജുറൈസ്, എക്‌സ്‌ചേഞ്ചിനാവശ്യമായ ഉപകരണങ്ങൾ നൽകിയ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ പിടികൂടിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ സൈബർ തീവ്രവാദമാണെന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നു.