തിരുവനന്തപുരം: പാറശ്ശാലയിൽ വിഷപാനീയം ഉള്ളിൽച്ചെന്ന് റേഡിയോളജി വിദ്യാർത്ഥി ഷാരോൺ മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. അന്ധവിശ്വാസത്തിന്റെ രംഗതലത്തിൽ കൂടിയാണ് ഈ വിഷയം ഇപ്പോൾ ചർച്ചയായിരുന്നത്. പെൺകുട്ടിയും കുടുംബവും ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്നതായും ആദ്യഭർത്താവ് മരിച്ചു പോകുമെന്ന് ജ്യോതിഷ പ്രവചനം ഉണ്ടായിരുന്നതായുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

നവംബറിന് മുന്നെ വിവാഹം കഴിച്ചാൽ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞെന്നും പെൺകുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി നൽകിയ കഷായവും ജ്യൂസും കഴിച്ച ശേഷം യുവാവ് ആന്തരികാവയവങ്ങൾ തകരാറിലായി മറിക്കുന്നതും. ഈസംഭവത്തിൽ അന്വേഷണം മുന്നോട്ടു പോകുമ്പോൾ പൊലീസിന് മുന്നിലുള്ള വെല്ലുവിളി ശാസ്ത്രീയമായ തെളിവു ശേഖരമാണ്. സംഭവത്തിൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ചാൽ മാത്രമേ അന്വേഷണം ശക്തമായി മുന്നോട്ടു പോകുകയുള്ളൂ.

രഹസ്യ വിവാഹ ചിത്രങ്ങളും പുറത്ത്

ഷാരോണും ആരോപണ വിധേയയായ പെൺകുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നാണ് യുവാവിന്റെ വീട്ടുകാർ പറയുന്നത്. ഇതിന് തെളിവായി ചിത്രങ്ങളും വീട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ വീട്ടിൽ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരൻ ഷീമോൺ രാജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം നെറ്റിയിൽ കുങ്കുമം ചാർത്തിയുള്ള ഫോട്ടോ ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു. മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷവും പെൺകുട്ടി പറഞ്ഞിട്ടാണ് ബന്ധം തുടർന്നതെന്നും നവംബറിന് ശേഷം ഇറങ്ങിപ്പോരാമെന്ന് ഷാരോണിനോട് പെൺകുട്ടി പറഞ്ഞിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാ കൂടിയാകുമ്പോൾ കേസ് ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്.

വിവാഹം കഴിക്കാൻ നവംബർവരെ കാത്തിരിക്കേണ്ടെന്ന് ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിന് മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി പെൺകുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവൻ സത്യശീലനും ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം അത്തരം വിശ്വാസങ്ങളൊന്നു ഷാരോണിന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പെൺകുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോസ് അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി മാസമാണ് പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്ല്യാണ നിശ്ചയം നടത്തിയത്. പെൺകുട്ടിയുടെ വീട്ടുകാർ മുൻകൈയെടുത്തായിരുന്നു ഈ വിവാഹം ആലോചിച്ചത്. എന്നാൽ, പെൺകുട്ടി ഷാരോണുമായുള്ള ബന്ധം തുടരുകയാണ് ചെയ്തത്. വിവാഹ നിശ്ചയത്തിന് ശേഷം ഷാരോൺ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്ന് സഹോദരൻ പറയുന്നു. ആദ്യം സെപ്റ്റംബറിലാണ് പെൺകുട്ടിയും പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാൽ നവംബറിന് മുന്നെ വിവാഹം നടന്നാൽ ഭർത്താവ് മരിക്കുമെന്ന് ജ്യോത്സ്യൻ അറിയിച്ചതോടെ വിവാഹം അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റുകയായിരന്നു. അപ്പോഴും ഷാരോണുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് കുടംബം ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുപേരുടേയും വാട്സ്ആപ്പ് ചാറ്റുകളും ഫോണിലെ ഫോട്ടോകളും ഇതിന് തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ഷാരോണിന് കുടിക്കാൻ കൊടുത്തെന്ന് പറയുന്ന കഷായം നിരുപദ്രവകരം

അതേസമയം ഷാരോണിനെ പെൺകുട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കുടുംബം വിശ്വസിക്കുന്നത്. പട്ടാളക്കാരനുമായുള്ള വിവാഹം നടക്കാൻ കുടംബം പാനീയത്തിൽ ആസിഡ് ചേർത്തുകൊലപ്പെടുത്തിയതായിട്ടാണ് സംശയിക്കുന്നതെന്നാണ് ആയുർവേദ ഡോക്ടർകൂടിയായ ഷാരോണിന്റെ സഹോദരൻ ഷിമോൺ ആരോപിക്കുന്നത്. ഷാരോണിന് കുടിക്കാൻ കൊടുത്തുവെന്ന് പറയുന്ന ആയുർവേദ മരുന്ന് കുടിച്ചാൽ ഒരു തരത്തിലും ജീവന് അപകടമുണ്ടാവാത്തതാണ്. ഉയർന്ന അളവിൽ കൊടുത്താൽ പോലും കൂടുതൽ മൂത്രം പോവുന്ന പ്രശ്നമുണ്ടാവുമെന്നല്ലാതെ മരണം സംഭവിക്കാറില്ല.

എന്നാൽ ഷാരോണിന്റെ ചുണ്ട് മുതൽ വയറിന്റെ അടിഭാഗം വരെ ഉള്ളിൽ പൂർണമായും ചുട്ടുപൊള്ളിയ പോലെയായിരുന്നു ഉണ്ടായിരുന്നതെന്നും ഇത് ഒരിക്കലും കഷായം കുടിച്ചതുകൊണ്ട് വരില്ലന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഷിമോൺ പറയുന്നു. ആസിഡ് കലർന്നിരുന്നോ എന്ന സംശയത്തിന് ഇടയാക്കുന്നയാണ് ഈ സംഭവമെന്നാണ് വിലയിുത്തൽ.

നൂറ് മില്ലിയോളം മരുന്ന് ഒരുഗ്ലാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്പ് മാറാൻ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാൻ കൊടുത്തുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായി അമ്മാവൻ സത്യശീലനും പറയുന്നു. സ്ഥിരമായി ഈ കഷായം കുടിക്കാറുള്ള പെൺകുട്ടി മരുന്നിന് കയ്‌പ്പാണെന്ന് എപ്പോഴും പെൺകുട്ടി ഷാരോണിനോട് പറയുമായിരുന്നു. ഇത് പറഞ്ഞ് ഷാരോൺ പെൺകുട്ടിയെ കളിയാക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടിൽ പോയപ്പോഴും മരുന്നിന്റെ കാര്യം പറഞ്ഞിരുന്നു. തുടർന്നാണ് കുടിച്ച് നോക്കാൻ പറഞ്ഞ് കഷായം ഗ്ലാസിൽ ഒഴിച്ചുകൊടുത്തത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ റെക്കോർഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പമാണ് ഷാരോൺ രാമവർമൻ ചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്‌പ്പാണെന്ന് പറഞ്ഞതിനെ തുടർന്ന് ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജൂസ് കുടിക്കാനായി നൽകിയത്. ഇതോടെ ഷാരോൺ ഛർദിച്ചു.

ഛർദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കിൽ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശാരീരികനില മോശമായതിനെ തുടർന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെൺകുട്ടി മറുപടി നൽകി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെൺകുട്ടിക്ക് അറിയാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്.

കഷായക്കുപ്പിയിലെ കമ്പനി ലേബൽ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കീറിപ്പോയെന്നു പറഞ്ഞതും കുപ്പി ചോദിച്ചപ്പോൾ അമ്മ ആക്രിക്കാർക്ക് കൊടുത്തെന്നു പറഞ്ഞതും സംശയകരമാണെന്ന് ബന്ധുക്കൾ പറയുന്നു. ഛർദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കഷായം കൊടുക്കുമായിരുന്നില്ലെന്ന് ഷാരോണിനോട് വാട്‌സാപ്പ് ചാറ്റിൽ പെൺകുട്ടി പറയുന്നുണ്ട്. രാവിലെ കഴിച്ച കഷായത്തിന്റെ കുപ്പിയിൽ ശേഷിച്ച കുറച്ചു ഭാഗമാണ് കൊടുത്തതെന്നും പെൺകുട്ടി പറയുന്നു. ഷാരോണിനു കൊടുത്തതോടെ കഷായം തീർന്നെന്നാണ് അവകാശവാദം. ഷാരോൺ വീട്ടിലെത്തിയ ദിവസം തന്നെ കഷായം തീർന്നെന്നു പറയുന്നതിലും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു.

കുടിക്കാൻ കൊടുത്ത ജ്യൂസിന്റെ കാര്യത്തിലും സംശയം

ജൂസുമായി ബന്ധപ്പെട്ട കാര്യത്തിലും അവർക്ക് സംശയമുണ്ട്. ഏതു ജൂസാണ് ഷാരോണിനു കൊടുത്തതെന്നു സുഹൃത്തുക്കൾ ചോദിച്ചപ്പോൾ വ്യത്യസ്ത കമ്പനികളുടെ പേരാണ് പെൺകുട്ടി പറഞ്ഞതെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഒടുവിൽ ഒരു പ്രമുഖ ജൂസ് കമ്പനിയുടെ ഫോട്ടോ ഷാരോണിന്റെ ബന്ധുവിന് അയച്ചു കൊടുത്തു. കഷായത്തിലല്ല ജൂസിലാണ് പ്രശ്‌നമെന്നും അതേ ജൂസ് കുടിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കും പ്രശ്‌നമുണ്ടായെന്നും ഷാരോണിനോട് പെൺകുട്ടി ചാറ്റിൽ പറയുന്നുണ്ട്. ഈ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി വിശദമായ മൊഴി രേഖപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കഷായവും ജൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്റെ വായ പൊള്ളി അടർന്നു. വായ മുതൽ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതെന്നു ബന്ധുക്കൾ വിശദീകരിക്കുന്നു. ഷാരോൺ ചുമയ്ക്കുമ്പോൾ മാംസഭാഗങ്ങൾ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. പെൺകുട്ടി കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കുടിച്ചതെന്നാണ് ഷാരോൺ മജിസ്‌ട്രേറ്റിനു നൽകിയ മൊഴി. എന്നാൽ, പെൺകുട്ടി തന്റെ മുന്നിൽവച്ച് കഷായം കുടിക്കുന്നത് കണ്ടില്ലെന്നു ഷാരോൺ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. താൻ കുടിച്ചതിന്റെ ബാക്കി ഗ്ലാസിലുണ്ടെന്നു പറഞ്ഞാണ് പെൺകുട്ടി കഷായം നൽകിയതെന്നു ബന്ധുക്കൾ പറയുന്നു. ഈ സംശയങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.

ശാസ്ത്രീയ പരിശോധന വേണമെന്ന് പൊലീസ്

അതേസമയം ഇത്രയും തെളിവുണ്ടായിട്ടും പൊലീസ് കൃത്യമായി അന്വേഷിക്കാൻ തയ്യാറാവുന്നില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണെന്നും കുടുംബം പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കു ലാബിലേക്ക് അയച്ചതായും നെയ്യാറ്റിൻകര സബ് ഡിവിഷൻ എസിപി പറഞ്ഞു. ആരോപണങ്ങൾ ഉയരുമെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടു പോകാനാകൂ എന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആസിഡിന്റെയോ വിഷത്തിന്റെയോ സാന്നിധ്യം കണ്ടെത്തിയാൽ കേസ് മറ്റൊരു തലത്തിലെത്തും. വിഷവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിൽ ഷാരോണിന്റെ മരണകാരണം കണ്ടെത്താൻ മറ്റു മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും. വിവാഹം കഴിച്ചുവെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നും പെൺകുട്ടിയുടേയും വീട്ടുകാരുടേയും മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.