- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും'; മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം പിൻവലിക്കണമെന്ന് അനീഷ്യയെ ഭീഷണിപ്പെടുത്തി; അഭിഭാഷകനെതിരെ അനീഷ്യയുടെ ഡയറിക്കുറിപ്പ്; ജഡ്ജിയുടെ ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തുടർ ഭീഷണികൾ
കൊല്ലം: കൊല്ലം പരവൂരിൽ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ഡയറിക്കുറിപ്പുകളും പുറത്തു വരുമ്പോൾ ഇവർ കടുത്ത ഭീഷണി നേരിടുന്നു എന്ന് വ്യക്തമായിരുന്നു. മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം നൽകിയതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും ഭീഷണികൾ ഉയർന്നിരുന്നു. ഈ വിവരാവകാശ അപേക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പ് ആണ് പുറത്തുവന്നത്.
ജില്ലയിലെ പ്രധാന അഭിഭാഷകനാണ് ഭീഷണിപ്പെടുത്തിയത് എന്ന് ഡയറിക്കുറിപ്പിൽ പറയുന്നു. 'ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും'- എന്നായിരുന്നു അഭിഭാഷകന്റെ ഭീഷണിയെന്നും ഡയറിക്കുറിപ്പിൽ പറയുന്നത്. ജോലി ചെയ്യാൻ സമ്മതിക്കില്ലെന്ന ഭീഷണി അനീഷ്യയെ മാനസികമായി തളർത്തിയെന്ന് ഡയറിക്കുറിപ്പിൽ നിന്ന് വ്യക്തമായതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അനീഷ്യയുടെ ഡയറി കുറിപ്പിലുള്ളത് കൂടുതൽ കാര്യങ്ങളുണ്ട്. കഴിഞ്ഞവർഷം നവംബറിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നതെന്നും പൊലീസിന് ലഭിച്ച 50 പേജുള്ള കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകൻ കൃത്യമായി ജോലിയിൽ ഹാജരാകാതിരുന്നതാണ് പ്രശ്നങ്ങൾക്കുള്ള തുടക്കം. ഇതിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. പലപ്പോഴും സഹപ്രവർത്തകന് വേണ്ടി അനീഷ്യയാണ് കോടതിയിൽ ഹാജരായിരുന്നത്. സഹപ്രവർത്തകൻ അവധിയെടുക്കാതെയായിരുന്നു ജോലിയിൽ ഹാജരാകാതിരുന്നതെന്നും അനീഷ്യ ആരോപിക്കുന്നു. സഹപ്രവർത്തകൻ എത്രനാൾ ജോലിക്ക് ഹാജരായി എന്ന് അറിയാൻ മറ്റൊരു അഭിഭാഷകൻ വഴിയാണ് അനീഷ്യ വിവരാവകാശം നൽകിയത്. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു.
ജോലി സംബന്ധമായ മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന അനീഷ്യയുടെ ഫോൺ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡയറിക്കുറിപ്പും പൊലീസിന് ലഭിച്ചത്. കഴിഞ്ഞദിവസമാണ് അനീഷ്യയെ വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണങ്ങളാണ് പുറത്ത് വന്നത്.
കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചുവെന്നാണ് ശബ്ദരേഖയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോൺ സംഭാഷണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മരണത്തിന് കാരണം ജോലി സംബന്ധമായ സമ്മർദമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭർത്താവ് അജിത് കുമാർ മാവേലിക്കര കോടതി ജഡ്ജിയാണ്. ഒരു ജഡ്ജിയുടെ ഭാര്യയായിരുന്നിട്ടു കൂടി അനീഷ്യയെ പലരും ഭീഷണിപ്പെടിത്തിയിരുന്നു എന്നാണ് വ്യക്തമാകുന്ന കാര്യം.
മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്ന് ആത്മഹത്യക്കുറിപ്പിൽ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത് വിശദ നിയമോപദേശം തേടി മാത്രം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്കിലും മതിയായ കരുതൽ എടുക്കും. ജ്യൂഡീഷറിയുമായി ബന്ധപ്പെട്ട കേസായതു കൊണ്ടാണ് ഇത്. അന്വേഷണം അനിവാര്യതയാണെന്ന് പൊലീസും തിരിച്ചറിയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകൾ ഇന്നലെ പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്. കേസുകളിൽ നിന്നു വിട്ടു നിൽക്കാൻ അവധിയെടുക്കാൻ സഹപ്രവർത്തകരിൽ നിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നത്.
ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. സമ്മർദ്ദത്തിന്റെ കാരണം പുറത്തു വന്നാൽ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച്, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിനു വാട്ട്സാപ്പിൽ പരാതി നൽകിയതായും സൂചനയുണ്ട്. ഈ പരാതിയിലും അന്വേഷണം ഉണ്ടായേക്കും. മേലധികാരികളുമായി ചർച്ച ചെയ്തു മാത്രമേ ഇതിലും അന്തിമ തീരുമാനം ഉണ്ടാകൂ.
കടുത്ത തൊഴിൽ പീഡനത്തിൽ മനംനൊന്താണ് എസ്. അനീഷ്യ തൂങ്ങി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു തെറ്റും ചെയ്യാത്ത തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും കടുത്ത മാനസിക സംഘർഷം താൻ അനുഭവിക്കുന്നുണ്ടെന്നും ശബ്ദസന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്. ഒരാളെ കോടതിയിൽ വരാതെ മുങ്ങാൻ സഹായം ചെയ്തുകൊടുക്കാത്തതിന്റെ പേരിലാണ് താൻ സമ്മർദം അനുഭവിക്കുന്നതെന്ന് അനീഷ്യ പറയുന്നതായി പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ