പത്തനംതിട്ട: 'കൗതുകം ലേശം കൂടിപ്പോയി' നടൻ ഹരീഷ് കണാരൻ പറഞ്ഞ ഈ കോമഡി ഏറ്റവുമധികം ട്രോളന്മാർ ഉപയോഗിക്കുന്നതാണ്. പരുത്തിപ്പാറ കൊലക്കേസിൽ കേരള പൊലീസും കൗതുകം ലേശം കൂടിപ്പോയി. ഫലമോ മൈക്ക് കേസിന് പിന്നാലെ കേരളാ പൊലീസിന് പരുത്തിപ്പാറ കൊലക്കേസ് മറ്റൊരു മാനക്കേടായി. കൂടൽ പൊലീസിന്റെ അപക്വവും അപ്രായോഗികവുമായ നടപടികളാണ് കേരളാ പൊലീസിന്റെ ഒന്നടങ്കം മാനം കെടുത്തിയിരിക്കുന്നത്.

പൊലീസ് പറയുന്നത് വിശ്വസിക്കാമെങ്കിൽ അഫ്സാന കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് നൗഷാദിനെ താൻ അടൂരിൽ വച്ച് കണ്ടുവെന്ന് പറയുന്നു. തുടർന്ന് വനിതാ എസ്ഐ ഷെമിമോൾ നടത്തിയ ചോദ്യം ചെയ്യലിൽ താൻ നൗഷാദിനെ കൊന്നുവെന്ന് അഫ്സാന കുറ്റസമ്മതം നടത്തുന്നു. പിന്നെ പറഞ്ഞതെല്ലാം പരസ്പര വിരുദ്ധം. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നാണ് ആദ്യം പറഞ്ഞത്.

പിന്നാലെ പരുത്തിപ്പാറയിലെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തുവെന്ന് പറഞ്ഞു. വീടിന് പിന്നിൽ കുഴിച്ചിട്ടെന്നും വീടിനുള്ളിൽ മറവ് ചെയ്തുവെന്നും മാറ്റിപ്പറഞ്ഞു കൊണ്ടേയിരുന്നു. സാധാരണ മനുഷ്യരുടെ ബുദ്ധിക്ക് നിരക്കാത്ത വിധത്തിലുള്ള മൊഴികളെല്ലാം കൂടൽ പൊലീസ് വിശ്വസിച്ചുവെന്ന് വേണം കരുതാൻ. അതു കൊണ്ടാകണം ഇന്നലെ രാവിലെ വൻ സന്നാഹവുമായി അഫ്സാന പറഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് കുഴിച്ചത്. പള്ളി സെമിത്തേരിയിൽ മാത്രം കുഴിക്കാൻ പറ്റിയില്ല. അങ്ങോട്ട് കയറിയേക്കരുതെന്ന് പള്ളി അധികൃതർ താക്കീതുകൊടുത്തതുകൊണ്ടു മാത്രമാണ് അവിടെ കയറാതിരുന്നത്.

പൊലീസിന്റെ കുത്തിക്കുത്തിയുള്ള ചോദ്യം ചെയ്യലിൽ അഫ്സാന പരസ്പര വിരുദ്ധമായി മൊഴി നൽകിയപ്പോൾ തന്നെ ഇവരുടെ മാനസികനില പരിശോധിക്കേണ്ടിയിരുന്നതാണ്. എന്തു കൊണ്ട് ഇവർ ഇങ്ങനെ ഒരു കുറ്റസമ്മതം നടത്തിയെന്നും ഇവരുടെ മാനസിക നിലയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ എന്നും മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ പരിശോധിച്ചതിന് ശേഷം വേണമായി പൊലീസ് അനന്തര നടപടികളിലേക്ക് കടക്കാൻ.

എന്നാൽ, കേട്ടപാതി കേൾക്കാത്ത പാതി പൊലീസ് പിക്കാസും മൺവെട്ടിയുമായി കുഴിക്കാനിറങ്ങി. ഇനി കുഴിച്ച സ്ഥലങ്ങൾ നോക്കുക. വീടിനുള്ളിലെ രണ്ടു മുറികൾ, വീടിന് പിൻവശത്തുള്ള വേസ്റ്റ് ഇടുന്ന സ്ഥലം. വീട് വാടകയ്ക്ക് കൊടുത്തുവെന്നുള്ള ഒരു തെറ്റ് മാത്രമേ ഉടമ ചെയ്തുള്ളു. ഇനി അത് ആര് നന്നാക്കി കൊടുക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.

ഇവിടെ തീരുന്നില്ല പൊലീസിന്റെ കോമഡി. കൊലപാതകം ഒഴിവാക്കി വേറെ ഏതാനും വകുപ്പുകൾ ചുമത്തി അഫ്സാനയെ റിമാൻഡ് ചെയ്യുന്നു. കോടതിയിൽ ഹാജരാക്കി താൽക്കാലിക ജാമ്യത്തിൽ വിടമായിരുന്നു. അത് ചെയ്തില്ല. അഫ്സാന കുറ്റസമ്മതം നടത്തിയത് പൊലീസിന്റെ വിരട്ടൽ കൊണ്ടാണോ എന്നുള്ളതും പരിശോധിക്കേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടു മാസമായി പൊലീസിന് നല്ല കാലമാണ്.

ഹൈക്കോടതിയിൽ നിന്ന് കണക്കിന് കിട്ടുന്നു. മൈക്ക് കേസിൽ നാണം കെട്ടു. അതിനെല്ലാമുപരിയാണ് ഇപ്പോഴുള്ള ഈ കൊലപാതകം. ശരിക്കും പൊലീസിനെ കൊലയ്ക്ക് കൊടുക്കുന്നത് ആരാണ്?