- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളവോട്ട് ആവോളം ചെയ്തു ഭരണമൊട്ട് കിട്ടിയതുമില്ല; എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം ഒന്നിലധികം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ വൈറലാകുമ്പോൾ നാണക്കേട് സിപിഎമ്മിന്; പത്തനംതിട്ട സഹകരണ ബാങ്കിൽ ബൂത്ത് പിടിത്തത്തിന് തടയിട്ടത് പിണറായി പൊലീസ്
പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തിട്ടും ജയിക്കാൻ കഴിയാതെ പോയ സിപിഎം നാണക്കേടിന്റെ പടുകുഴിയിൽ. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം ഒന്നിലധികം കള്ളവോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകൾ പുറത്തു വിട്ടതോടെ ബാങ്ക് ഭരണം പിടിക്കാൻ പോയ സിപിഎം ബാക്ഫുട്ടിലായി. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിൽ ഒന്നായ തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പിൽ ഹൈക്കോടതി നിരീക്ഷകൻ ഉണ്ടായിട്ടു പോലും പൊലീസിന്റെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ സിപിഎം ഭരണം പിടിച്ചിരുന്നു. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണം പിടിച്ച അതേ തന്ത്രം മേലുകര പോലെയുള്ള ബാങ്കുകളും പിടിച്ചെടുക്കാൻ സിപിഎം ഉപയോഗിച്ചു.
ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സിപിഎം പ്രവർത്തകരെ ഇറക്കിയാണ് കള്ളവോട്ട് ചെയ്യുന്നത്. ഇതിനായി തിരുവല്ല, കവിയൂർ, മല്ലപ്പള്ളി, കൊടുമൺ, അടൂർ, കടമ്പനാട്, ഏനാത്ത്, പറക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പ്രവർത്തകരെ ബസിലും ട്രാവലറിലും എത്തിക്കും. ഇവർ എത്തിയാലുടൻ പൊലീസ്, സഹകരണ വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ ബൂത്ത് പിടിക്കും. നേരത്തേ തന്നെ റെഡിയാക്കി വച്ചിരിക്കുന്ന പാനൽ വോട്ട് അടങ്ങിയ ബാലറ്റ് പേപ്പറുകൾ വോട്ടുപെട്ടിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പത്തനംതിട്ടയിലും അതേ തന്ത്രം തന്നെ പ്രയോഗിച്ചു. ആദ്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും അടിച്ചോടിച്ചു.
എന്നാൽ, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മറ്റൊരു തന്ത്രം മെനഞ്ഞു. മൂന്നു റൗണ്ട് ലാത്തിച്ചാർജ് പൊലീസ് നടത്തി. ബൂത്ത് പിടുത്തവും ആ വഴി തടഞ്ഞു. എന്നാലും കള്ളവോട്ട് ധാരാളമായി പെട്ടിയിൽ വീണു. ഇതിനിടെ കള്ളവോട്ടർമാരിൽ ചിലർ ദൃശ്യമാധ്യമങ്ങളുടെ കാമറക്കണ്ണുകളിൽ കുടുങ്ങി. അത്തരമൊരാളാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെഎസ് അമൽ. തിരുവല്ലക്കാരനായ അമലിന് ഈ ബാങ്കിൽ വോട്ടില്ല. പക്ഷേ, അഞ്ചു വട്ടമാണ് ഇയാൾ ബൂത്തിൽ കയറി വോട്ട് ചെയ്തത്. പത്തനംതിട്ട നഗരസഭയിൽ 33 വാർഡുകൾ ഉള്ളതിൽ 25 ഇടത്തായിട്ടാണ് ഈ ബാങ്കിന്റെ പ്രവർത്തന പരിധി. ഇത് മറികടന്നാണ് 35 കി.മീറ്റർ അകലെയുള്ള തിരുവല്ലയിൽ നിന്ന് കെ.എസ്. അമൽ വോട്ട് ചെയ്യാനെത്തിയത്.
തെളിവ് സഹിതം ദൃശ്യങ്ങൾ പ്രചരിച്ചതോടെ സിപിഎമ്മിന്റെ സൈബർ സേനയ്ക്കും ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയായി. താൻ അവിടെ സഖാക്കൾക്കൊപ്പം നിന്നതേയുള്ളുവെന്ന ദുർബല പ്രതിരോധം മാത്രമാണ് അമലിന്റെ ഭാഗത്ത് നിന്നുള്ളത്. ബാങ്ക് ഭരണം പിടിച്ചെടുത്തതിന് ശേഷം പൊട്ടിക്കാൻ പടക്കവും സ്വീകരിക്കാൻ ബാന്റ് മേളവും തയാറാക്കി സിപിഎം പ്രവർത്തകർ കാത്തു നിൽക്കുകയായിരുന്നു. അതിനിടെയാണ് പൊട്ടിപ്പോളീസായ വിവരം പുറത്തു വന്നത്. മുൻ യുഡിഎഫ് അംഗം കെആർ അജിത്ത് കുമാർ മാത്രമാണ് ഇടതു പാനലിൽ നിന്ന് ജയിച്ചത്. അതിന്റെ പേരിൽ അഭിമാനം കൊള്ളാനും സിപിഎമ്മിന് കഴിയുന്നില്ല. കാരണം വ്യക്തിപരമായ വോട്ടുകളാണ് അജിത്തിന് കിട്ടിയത്. 30 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ അവർ ജയിച്ചുവെന്ന ദുർബലമായ ക്യാപ്സ്യൂൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ സിപിഎമ്മിനുള്ളത്.
എസ്. എഫ്. ഐ നേതൃത്വത്തിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നും തെളിവ് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്ന സാഹചര്യത്തിൽ ഇവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. തിരുവല്ല സ്വദേശിയായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുൾപ്പെടെയുള്ള പരിധിക്ക് പുറത്തുള്ളവരും ബാങ്കിൽ അംഗത്വം ഇല്ലാത്തവരുമായ നിരവധി എസ്.എഫ്.ഐ നേതാക്കന്മാരും പ്രവർത്തകരും അഞ്ചോളം തവണ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്.
മുൻപും ജില്ലയിലെ പല സഹകരണ സ്ഥാപനങ്ങളിലേയും തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനു വേണ്ടി എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ സമാനമായ പ്രവർത്തനം ഉണ്ടായിട്ടുണ്ട്, കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലും കെ. എസ്.യു സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി നോമിനേഷൻ പിൻവലിപ്പിക്കുന്നു. ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ നേതാക്കന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലയിലെ പൊലീസ് അധികാരികൾ തയ്യാറാകണമെന്ന് കെ. എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്