പത്തനംതിട്ട:പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് അടൂർ പൊലീസ്. കാർ മനഃപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണം നടത്തും. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നാണ് പ്രാഥമിക നിഗമനം. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പരിശോധിക്കും. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് നടക്കും.

ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് പോലും ഒന്നും അറിയില്ലെന്ന് മറുപടി നൽകിയിട്ടുണ്ട്. ഇത് ഇരു കുടുംബങ്ങളും ആവർത്തിക്കുമ്പോൾ ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്. പോസ്റ്റ്മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും കണ്ടെത്തി.

മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കും. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം. അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ചതെന്ന അഭ്യൂഹം ശക്തമാണ്. ഇതിനാണ് വ്യക്തത വരുത്താൻ പൊലീസ് ശ്രമിക്കുന്നത്. ജീവനൊടുക്കാൻ ഇരുവരും ഒന്നിച്ച് തീരുമാനിച്ചെന്ന വാദവം സജീവം. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്‌കൂളിലെ അദ്ധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

കൂടുതൽ വെളിപ്പെടുത്തലുകളുമായി ദൃക്സാക്ഷികൾ രംഗത്തു വന്നതാണ് ഇതിന് കാരണം. കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറിയെന്നാണ് അടൂർ സ്വദേശിയായ ശങ്കർ പറയുന്നത്. കാറിന്റെ ഒരു വശത്ത് ഡോറിന് പുറത്തേക്ക് കാലുകൾ നീണ്ട് കിടക്കുന്നത് കണ്ടുവെന്നും കാറിനുള്ളിൽ മൽപ്പിടുത്തം നടന്നെന്നും ശങ്കർ പറഞ്ഞു. കാർ അമിത വേഗതയിലായിരുന്നു എന്നാണ് ലോറി ഡ്രൈവറായ ഹരിയാന സ്വദേശി റംസാൻ പറയുന്നത്. താൻ ലോറി വളരെ പതുക്കെയാണ് ഓടിച്ചതെന്നും കാർ തെറ്റായ ദിശയിൽ വന്ന് ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നുമാണ് റംസാന്റെ വിശദീകരണം.

ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ മുന്നിലുള്ള ഡോർ തുറക്കുന്നത് കണ്ടുവെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ നിസാർ റാവുത്തറും പറയുന്നു. വാഹനത്തിന് അകത്ത് മൽപിടുത്തം നടന്നുവെന്ന സംശയത്തെ സാധൂകരിക്കുന്നതാണ് നിസാറിന്റെ വെളിപ്പെടുത്തൽ. വാഹനം കൃത്യമായ നിയന്ത്രണത്തിലായിരുന്നില്ലെന്നും നിസാർ പറഞ്ഞു. വിനോദ യാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ അനുജയെ വാഹനത്തിന്റെ വാതിൽ വലിച്ചു തുറന്ന് ഹാഷിം കൂട്ടിക്കൊണ്ട് പോയെന്നാണ് അനുജയുടെ സഹപ്രവർത്തകർ പറഞ്ഞത്. ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅദ്ധ്യാപികയോട് അനുജ പറഞ്ഞിരുന്നതായി സൂചനയുണ്ട്.

അനുജയും ഹാഷിമും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാഷിമും അനുജയുമായുള്ള പരിചയത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും അറിവുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് അപകടം സംഭവിച്ചത്. അനുജ, ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലർ തടഞ്ഞുനിർത്തിയാണ് ഹാഷിം കാറിൽ കയറ്റി കൊണ്ടുപോയത്.

തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അദ്ധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. സ്‌കൂളിലെ അദ്ധ്യാപകർക്കൊപ്പമായിരുന്നു അനുജ വിനോദയാത്രയ്ക്ക് പോയത്. മടങ്ങി വരുന്ന വഴി ഹാഷിം ട്രാവലർ തടഞ്ഞുനിർത്തിയാണ് അനുജയെ കാറിൽ കയറ്റികൊണ്ട് പോയത്. അമിത വേഗത്തിൽ കാർ ലോറിയിലേക്ക് ഇടിപ്പിച്ചതാണെന്നും അനുജക്ക് മർദനമേൽക്കുന്നത് കണ്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കുളക്കടയിൽ വച്ചാണ് ഹാഷിം അനുജയെ കാറിൽ കയറ്റിയത്. കാറിൽ കയറി മിനിറ്റുകൾകകം അപകടം നടന്നതായി പൊലീസ് പറയുന്നു. കാറിൽ അനുജക്ക് മർദനമേൽക്കുന്നത് കണ്ടതായി എനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മരൂർ പറഞ്ഞു.വാഹനത്തിൽ അനുജയും ഒരു പുരുഷനും ഉണ്ടായിരുന്നു. മർദനമേറ്റ അനുജ കാറിൽ നിന്നിറങ്ങി വീണ്ടും കയറുന്നതും കണ്ടെന്നെന്നും അദ്ദേഹം പറഞ്ഞു.

ഹാഷിം അനുജൻ ആണെന്നാണ് അനുജ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത്. എന്നാൽ ഇരുവരും തമ്മിൽ പരിചയമുള്ളതായി അറിയില്ലെന്ന് രണ്ടുപേരുടെയും ബന്ധുക്കൾ പറയുന്നു. വാഹനാപകടത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്ന് മരിച്ച ഹാഷിമിന്റെ ബന്ധു നാസർ അഹമ്മദ് പറഞ്ഞു. അമിത വേഗതയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ഹാഷിമിന്റെ ബന്ധു പറഞ്ഞു.