അടൂർ: പൊതുമരാത്തിന്റെ റെസ്റ്റ് ഹൗസുകളിൽ ലഭ്യതയനുസരിച്ച് പൊതുജനങ്ങൾക്ക് മുറികൾ ലഭിക്കും. ഒരു മുറി കിട്ടാൻ കടമ്പകൾ ഏറെയുണ്ടെന്ന് മാത്രം. ബുക്കിങ് ഓൺലൈനായിരിക്കും. തിരിച്ചറിയൽ കാർഡ് സഹിതം ബുക്കിങ് വേളയിൽ അപ്ലോഡ് ചെയ്യണം. നേരിൽ ചെല്ലുമ്പോഴും ഇത്തരം രേഖകളുടെ കോപ്പികൾ നൽകുകയും വേണം. എന്നാൽ, ഇതൊന്നുമില്ലാതെയും റെസ്റ്റ് ഹൗസുകളിൽ മുറി കിട്ടും. അതു പക്ഷേ, ഗുണ്ടകൾ, ലഹരി കടത്തുകാർ, അധോലോകങ്ങൾ എന്നിവർക്കാണ്. അത്തരമൊരു ഞെട്ടിക്കുന്ന സംഭവം ഇന്നലെ അടൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്നു.

കാക്കനാട് ഇൻഫോ പാർക്കിന് സമീപം താമസിക്കുന്ന യുവാവിനെ കൊല്ലത്ത് നിന്നുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു വരുന്നു. അടൂരിലെ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ മുറിയെടുത്ത് ഇവിടെ ഇട്ട് അതിക്രൂരമായി പീഡിപ്പിക്കുന്നു. പൊതുമരാമത്തിന്റെ ഒരു രേഖയിലും ഇങ്ങനെ ഒരു മുറി വാടകയ്ക്ക് കൊടുത്തതായി പറയുന്നില്ല. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മറുനാടന് കിട്ടിയ വിവരം അനുസരിച്ച് ക്വട്ടേഷൻ സംഘത്തിന് അടൂരിൽ ഇടത്താവളമൊരുക്കിയത് റെസ്റ്റ് ഹൗസിലെ ഒരു താൽക്കാലിക ജീവനക്കാരനാണ്. ഇയാൾ അടക്കമുള്ളവർ ഒളിവിലാണ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ റെസ്റ്റ് ഹൗസിലെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അറ്റൻഡ് ചെയ്യാൻ തയാറായിട്ടില്ല.

ഇൻഫോ പാർക്ക് നടത്തിയ നീക്കത്തിനൊടുവിലാണ് ക്വട്ടേഷൻ സംഘം അടൂരിലേക്കാണ് യുവാവിനെ തട്ടിക്കൊണ്ടു വന്നത് എന്ന് മനസിലാക്കിയത്. ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷന് സമീപം വച്ച് ലിബിൻ വർഗീസ് എന്ന യുവാവിനെയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു വന്നത്. കൊല്ലം സ്വദേശികളായ വിഷ്ണു, അക്‌ബർ ഷാ, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഭാര്യയുമൊത്ത് കാറിൽ വന്ന ലിബിനെ തട്ടിയെടുക്കുകയായിരുന്നു. ഭാര്യയെ ഇറക്കി വിട്ടശേഷം അതേ കാറിൽ ലിബിനുമായി അടൂരിലേക്ക് വിട്ടു.

ഭാര്യ പൊലീസിൽ പരാതി നൽകി. ക്വട്ടേഷൻ സംഘാംഗം വിഷ്ണുവിന്റെ സുഹൃത്തിന്റെ കാർ വാടകയ്ക്ക് ലിബിൻ എടുത്തിരുന്നു. ഇത് തിരിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയി മർദിച്ചത്. അടൂരിൽ ഇതിന് സൗകര്യമൊരുക്കിയ രണ്ടു പേരിൽ ഒരാൾ റെസ്റ്റ് ഹൗസ് താൽക്കാലിക ജീവനക്കാരനാണ്. ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചതനുസരിച്ച് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം നടത്തി. നഗരത്തിലെ ചെറുകിട, വൻകിട ഹോട്ടലുകളും ലോഡ്ജുകളും വാടകവീടുകളും അരിച്ചു പെറുക്കിയിട്ടും കിട്ടിയില്ല. ഒടുവിൽ രണ്ടു പൊലീസുകാർ തങ്ങൾക്ക് തോന്നിയ നിസാര സംശയം മൂലം പൊതുമരാമത്ത് റസ്റ്റ് ഹൗസിലേക്ക് ചെല്ലുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് താൽക്കാലിക ജീവനക്കാരനടക്കം രണ്ടു പേർ സ്ഥലം വിട്ടു.

ശേഷിച്ച മുന്നു പേരെ കസ്റ്റഡിയിലെടുത്ത് ഇൻഫോ പാർക്ക് പൊലീസിന് കൈമാറി. മർദനമേറ്റ് അവശനിലയിലായ ലെബിൻ വർഗീസിനെ ആദ്യം കോട്ടയം മെഡിക്കൽ കോളജിലും അവിടെ നിന്ന സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്തിനാണ് തന്നെ തട്ടിക്കൊണ്ടു വന്നതും മർദിച്ചതുമെന്നും ഇയാൾ പറയാൻ കൂട്ടാക്കുന്നില്ല. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് അപ്രാപ്യമാകുമ്പോഴും ക്വട്ടേഷൻ, മയക്കു മരുന്ന് കടത്ത് സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ ഏറ്റവുമാദ്യം എംഡിഎംഎ പിടികൂടിയ ഫ്ളാറ്റ് ഇവിടെ നിന്നും ഏറെ അകലെയല്ല.

സർക്കാർ റെസ്റ്റ് ഹൗസുകളിൽ പൊലീസിന്റെ അടക്കം പരിശോധനയില്ല. ഇതു കാരണം ലഹരി കൈമാറ്റത്തിനുള്ള സുരക്ഷിത താവളം റെസ്റ്റ് ഹൗസുകളിലാണ്. താൽക്കാലിക ജീവനക്കാരായി ഭരണ കക്ഷിയുടെ യുവജന സംഘടനകളിൽപ്പെട്ടവരെ നിയമിച്ചിട്ടുണ്ട്. ഇവരാണ് അതീവ രഹസ്യമായി തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് മുറികൾ സംഘടിപ്പിച്ച് നൽകുന്നത്. അടൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ലഹരി മരുന്ന് കടത്തുകാരുടെ ഇടത്താവളമാണെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. രാഷ്ട്രീയ സമ്മർദം ഭയന്ന് പൊലീസോ എക്സൈസോ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.