പത്തനംതിട്ട: പത്തനംതിട്ടയില്‍ ദമ്പതികള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി തല്ലിചതച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ്‌ഐ: എസ് ജിനുവിനെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. അന്വേഷണ വിധേയമായിട്ടാണ് എസ്പിയുടെ നടപടി. അന്വേഷണത്തിന് ശേഷം തുടര്‍നടപടി ഡിഐജി സ്വീകരിക്കും.

വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. മര്‍ദ്ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മര്‍ദ്ദനത്തില്‍ എസ്ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസില്‍ നിന്നും മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞിരുന്നു. ചിലര്‍ക്ക് തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. വിവാഹാനുപോയി മടങ്ങിവന്ന കോട്ടയം സ്വദേശികള്‍ വിശ്രമത്തിനായി വാഹനം വഴിയരികില്‍ നിര്‍ത്തി. ഇതില്‍ ചിലര്‍ പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് പത്തനംതിട്ട എസ്‌ഐയും സംഘവും സ്ഥലത്ത് എത്തി റോഡില്‍ നിന്നവരെ ആകാരണമായി മര്‍ദ്ദിച്ചത്.

മുണ്ടക്കയം സ്വദേശി സിത്താര, ഭര്‍ത്താവ് ശ്രീജിത്ത്, ബന്ധു ഷിജിന്‍ എന്നിവര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവര്‍ക്കും അടി കിട്ടി. പൊലീസ് പോയതിനു പിന്നാലെ മര്‍ദനത്തില്‍ പരിക്കേറ്റവര്‍ സ്വന്തം വാഹനത്തിലാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ബാറിന് മുന്നില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കുന്നെന്ന് വിവരം ലഭിച്ചാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നമുണ്ടാക്കിയത് ആരാണെന്ന് പോലും അന്വേഷിക്കാതെ പൊലീസ് പൊതിരെ തല്ലിയത് എന്തിനെന്ന ചോദ്യത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മറുപടിയില്ല. പരിക്കേറ്റവരുടെ മൊഴിയില്‍ എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.

ബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് വിവാഹ സംഘത്തെ ആക്രമിച്ചത് ആളു മാറി. എസ്ഐ എസ്.ജിനുവും സംഘവുമാണ് മര്‍ദിച്ചത്. സംഭവത്തില്‍ എസ്ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പോലീസ് ആക്രമിക്കാതെ ഇവര്‍ക്ക് എങ്ങനെ പരിക്കേറ്റു എന്ന ചോദ്യം നിര്‍ണ്ണായകമാണ്. കേരളാ പോലീസിന് നാണക്കേടായി മാറിയിരുന്നു ഈ സംഭവം.