അടൂർ: കെപി റോഡിൽ, ഏഴംകുളം പട്ടാഴിമുക്കിൽ അദ്ധ്യാപികയും സുഹൃത്തും മരിച്ച അപകടത്തിൽ ദുരൂഹത മാറുന്നില്ല. അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന വാദം ശക്തമാണ്. തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം(31) എന്നിവരാണു രണ്ടു ദിവസം മുമ്പുണ്ടായ അപകടത്തിൽ മരിച്ചത്. പക്ഷേ ഇപ്പോഴും അപകടത്തിൽ വ്യക്തത വന്നിട്ടില്ല.

കാറിൽ പിടിവലി നടന്നിരിക്കാമെന്നും അതിനു ശേഷമാകാം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതെന്നുമാണു അഭ്യൂഹം. ഇതിന് വേണ്ട മൊഴിയും പൊലീസിന് കിട്ടിയിട്ടുണ്ട്. അനുജ ഉൾപ്പെടെ അദ്ധ്യാപകർ സ്‌കൂളിൽനിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു അസ്വാഭാവികതയുടെ തുടക്കം. വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയിൽ എത്തിയപ്പോൾ ഹാഷിം കാർ ബസിനു മുന്നിൽ കയറ്റിനിർത്തി. അനുജയെ വിളിച്ചെങ്കിലും ആദ്യം അവർ ഇറങ്ങിയില്ല. അവർ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോൾ സഹോദരൻ വിഷ്ണു ആണെന്നു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയത്. അദ്ധ്യാപകർ സംശയത്തിലായി. പിന്നീട് സംഭവിച്ചത് ദുരന്തവും.

അനുജയെ കയറ്റി ഹാഷിം അമിതവേഗത്തിൽ കാറോടിച്ചു പോയി. അവർ കാറിനു പിന്നാലെ അദ്ധ്യാപകർ പോയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അനുജയെ ഫോണിൽ വിളിച്ചപ്പോൾ അവർ കരയുകയായിരുന്നു. ആത്മഹത്യയെ കുറിച്ചും പറഞ്ഞു. ഇതിനിടെ അനുജ തിരികെ അദ്ധ്യാപകരെ വിളിച്ചു സുരക്ഷിതയാണെന്നും പറഞ്ഞു. സഹഅദ്ധ്യാപകർ അനുജയുടെ ബന്ധുക്കളെ വിളിച്ച് അനുജൻ വിഷ്ണു കൂട്ടിക്കൊണ്ടു പോയതായി അറിയിച്ചു. ഇതോടെ അനുജൻ വിഷ്ണുവെന്നൊരാൾ ഇല്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസ് സ്‌റ്റേഷനിലെത്തി അദ്ധ്യാപകർ പരാതി നൽകി. ഇതിനിടെ പട്ടാഴിമുക്കിൽ അപകടം നടന്നിട്ടുണ്ടെന്നും 2 പേർ മരിച്ചതായുമുള്ള വിവരം സ്റ്റേഷനിൽ ലഭിച്ചത്. ഇതോടെ ദുരന്തം ഏവരും തിരിച്ചറിഞ്ഞു.

അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഇതിനിടെ മങ്ങാട് ആലേപ്പടിയിൽ വച്ചു കാറിന്റെ ഇടതുവശത്തെ വാതിൽ 3 തവണ തുറന്നെന്നും ഒരു കാൽ വെളിയിലേക്കു കണ്ടതായും ഏനാദിമംഗലം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മാരൂർ ശങ്കർ വെളിപ്പെടുത്തി. ശങ്കർ അടൂരിൽനിന്നു രാത്രിയിൽ മാരൂരിലേക്കു പോകുമ്പോഴാണ് ഇതു കണ്ടത്. രക്ഷപ്പെടുന്നതിനു വേണ്ടിയാകാം വാതിൽ തുറന്നതെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹാഷിമിന്റെ ക്രൂരതയാണ് ഈ മൊഴി ചർച്ചയാക്കുന്നത്.

കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ താമസം മാറാൻ ഒരുങ്ങുന്നതിനു തൊട്ടുമുൻപാണ് അപകടമുണ്ടായത്. മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതോടെയാണ് മരണത്തിലേക്ക് നയിച്ച അപകടമുണ്ടായതെന്നാണു നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്. നൂറനാട് മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടിൽ താമസിച്ചാണ് അനുജ സ്‌കൂളിൽ ജോലിക്കു പോയിരുന്നത്. ഇവിടെ പിതാവും സഹോദരനുമുണ്ട്. അവധി ദിവസങ്ങളിൽ അനുജ കായംകുളത്തേക്കു പോകും. ഒരു വർഷം മുൻപാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. മാർച്ച് 30ന് ആണ് മറ്റപ്പള്ളിയിൽനിന്ന് കായംകുളത്തേക്ക് താമസം മാറാൻ അനുജ തീരുമാനിച്ചതെന്നാണു വിവരം.

അനുജയിൽനിന്ന് ഹാഷിം പല തവണ പണം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു. ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പന്തളം പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജ സ്‌കൂളിൽ പോയിരുന്നത് ഈ ബസിലായിരുന്നു. അപ്പോഴാകും ഇരുവരും പരിചയപ്പെട്ടതെന്നാണു നാട്ടുകാർ പറയുന്നത്. അനുജയുടെ ഭർത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം മൂന്നു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടിൽ ഹാഷിമിനെ രണ്ടുമൂന്നു തവണ കണ്ടതായും നാട്ടുകാർ പറയുന്നു.

സഹ അദ്ധ്യാപകർക്കൊപ്പം തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ കുളക്കടയിൽ വച്ച് വാഹനം തടഞ്ഞാണ് അനുജയെ ഹാഷിം ബലമായി കാറിൽ കയറ്റിയത്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് നടപടികൾ തുടങ്ങി കഴിഞ്ഞു. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കൾക്കോ സഹപ്രവർത്തകർക്കോ ആർക്കും ഒരു വിവരവുമില്ല. എത്ര നാൾ മുതൽ ഇവർ തമ്മിൽ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവർ തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തിൽ പ്രകോപനപരമായ സന്ദേശങ്ങൾ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പൊലീസ് പരിശോധിക്കുക.

അപകടത്തിൽപ്പെട്ട കാറിൽ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പൊലീസാണ് കാറിൽ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറിൽ ഉണ്ടെന്ന വിവരം പൊലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.