- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പട്ടാഴിമുക്കിൽ നരഹത്യ ഒഴിവാക്കി; അന്വേഷണം തുടർന്ന് പൊലീസ്
അടൂർ: ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച അദ്ധ്യാപികയും സുഹൃത്തും തമ്മിൽ ഒരു വർഷത്തോളമായി അടുത്ത പരിചയമെന്നു കണ്ടെത്തൽ. മരിച്ച അനുജ രവീന്ദ്രന്റെയും(37), സ്വകാര്യ ബസ് ഡ്രൈവർ ഹാഷിമിന്റെയും(31) ഫോൺ പരിശോധിച്ച ശേഷമാണു പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. അതിനിടെ അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട് പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകും.
കാറിൽനിന്നു ലഭിച്ച ഹാഷിമിന്റെ 2 ഫോണുകളും അനുജയുടെ ഒരു ഫോണും പൊലീസ് സൈബർ സെൽ വഴിയാണു പരിശോധിച്ചത്. ഇരുവരും ഫോണിൽ ചാറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി. അപകടമുണ്ടാക്കിയ കാറും ലോറിയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. മനഃപൂർവം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റിയതായി കണ്ടെത്തി. കാർ അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ലോറി ഡ്രൈവറെ കേസിൽ നിന്നും ഒഴിവാക്കിയത്.
വികലമായ പകലുകൾ.. ചുട്ടുപൊള്ളുന്ന വീഥികൾ.. നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു...ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ.. അവിടെ യുദ്ധം രണ്ടുപേർമാത്രം... - അതേ അനുജ എഴുതിയ കവിതയിലെ വരികൾപോലെ തന്നെ ചോരമണമുള്ള ഇരുട്ടിൽ രണ്ടുപേർ ജീവിതം അവസാനിപ്പിച്ചു. നന്നായി കവിത എഴുതുമായിരുന്ന അനുജ കൃതി എന്ന ഫേസ്‌ബുക്ക് പേജിൽ 2021-ൽ അപ്ലോഡുചെയ്ത കവിതയിലെ വാക്കുകളായിരുന്നു ഇത്. ഈ വരികൾ അന്വർഥമാക്കുന്ന രീതിയിൽ തന്നെയായിരുന്നു അനുജയുടെ മരണവും. രാത്രിയിലായിരുന്നു അപകടം. മരണത്തിലേക്ക് പോയത് രണ്ടുപേരും.
കണ്ടെയ്‌നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയിൽ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസിൽനിന്ന് ഒഴിവാക്കിയത്. മരണത്തിലേക്ക് കാറോടിച്ച് കയറ്റാൻ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ടു പേരും തമ്മിൽ കാറിൽ തർക്കം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇതാകാം പ്രകോപനമെന്നാണ് പൊലീസ് വിലയിരുത്തൽ.
കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂർ പൊലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീക്കാനുള്ള തെളിവൊന്നും പൊലീസിനില്ല. അതിനിടെ അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയിൽ വച്ച് അനുജയെ ഹാഷിം നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്.
ട്രാവലറിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ അനുജയോട് ഫോണിൽ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതൽ കാര്യങ്ങൾ അറിയാൻ സഹപ്രവർത്തകരായ അദ്ധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.