അടൂർ: ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തിൽ അദ്ധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിക്കാനിടയാക്കിയ സംഭവത്തിലെ സത്യം അറിയാൻ ഇരുവരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയക്കും. കഴിഞ്ഞ 28 ന് രാത്രി 10.46 നാണ് ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ തുമ്പമൺ നോർത്ത് ഗവ. ജി.എച്ച്.എസിലെ യു.പി വിഭാഗം അദ്ധ്യാപിക നൂറനാട് മറ്റപ്പള്ളിൽ സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (38), ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിം (31) എന്നിവർ മരിച്ചത്.

അനുജയുടെയും ഹാഷിമിന്റെയും കാൾ ഡീറ്റെയ്ൽസ് പരിശോധിച്ചമപ്പാൾ ഇരുവരും തമ്മിൽ വിളിച്ചിരിക്കുന്നത് വളരെക്കുറവാണ്. അഥവാ വിളിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് കുറഞ്ഞ സമയം മാത്രമാണ്. ഇരുവരുടെയും കാളുകൾ വാട്സാപ്പ് വഴിയാകുമെന്ന കണക്കു കൂട്ടലിലാണ് പൊലീസ്. അപകടമുണ്ടാകുന്നതിന് മുൻപ് വാട്സാപ്പ് ചാറ്റുകളും കോളുകളും ക്ലിയർ ചെയ്തിട്ടുണ്ടാകാമെന്ന് നിഗമനത്തിലാണ് പൊലീസ് ഉള്ളത്.

രണ്ടു ഫോണിന്റെയും ലോക്ക് തുറക്കാൻ സൈബർ സെല്ലിന് കഴിഞ്ഞിട്ടില്ല. ഇതു കാരണം ഇവ ഫോറൻസിക് ലാബിൽ അയച്ച് വിവരങ്ങൾ ശേഖരിക്കും. വളരെക്കുറിച്ച് സമയം മാത്രമാണ് അപകടം നടന്ന ദിവസം ഇരുവരും ഒപ്പുണ്ടായിരുന്നത്. അപകടമുണ്ടാക്കിയ ദിവസം രാത്രി 10.15 നാണ് എംസിറോഡിൽ കുളക്കടയിൽ വച്ച് വാഹനം തടഞ്ഞ് ഹാഷിം അനുജയെ താൻ വന്ന കാറിലേക്ക് കയറ്റിയത് 10.15 നാണ്. അപകടം രാത്രി 10.46 നാണ് നടന്നിരിക്കുന്നത്.

ഫോണുകളുടെ കാൾ ഡീറ്റെയ്ൽസും ടവർ ലൊക്കേഷനും എടുത്തപ്പോഴാണ് ഈ വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. അരമണിക്കൂറിനിടയ്ക്ക് ഇരുവരും തമ്മിൽ കാറിനുള്ളിൽ വച്ച് തർക്കവും വാക്കേറവും നടന്നിരിക്കാമെന്നും തന്റെ വാദഗതികൾ അനുജ അംഗീകരിക്കാതെ വന്നപ്പോൾ മദ്യലഹരിയിലായിരുന്ന ഹാഷിം കാർ അമിതവേഗതയിൽ ലോറിയിലേക്ക് ഓടിച്ചു കയറ്റി എന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ഹാഷിമിനെ പ്രകോപിപ്പിച്ച കാര്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ വാട്സാപ്പ് ചാറ്റുകൾ ലഭിക്കേണ്ടതുണ്ട്. നേരത്തേ വിവാഹം കഴിച്ചിട്ടുള്ള ഹാഷിമിന്റെ ഭാര്യ മലപ്പുറത്താണ് ഇപ്പോഴുള്ളത്് ഭാര്യ കോളജ് അദ്ധ്യാപികയാണ്. ഹാഷിമിന്റെ സ്വഭാവം ഇഷ്ടപ്പെടാതെ ഇവർ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്നും പറയുന്നു.