തിരുവനന്തപുരം: ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓംപ്രകാശിനെ എഫ് ഐആറിൽ ചേർക്കാതെ പേട്ട പൊലീസ് ഒത്തുകളിച്ചതായി കോടതി രേഖകളിൽ നിന്ന് വ്യക്തമായി. പേട്ട പൊലീസ് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഷിബു ഡാനിയേൽ മുമ്പാകെ ജനുവരി 13 ന് സമർപ്പിച്ച എഫ് ഐ ആറിലാണ് പൊലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്. ഓംപ്രകാശിനെ എട്ടാം പ്രതിയാക്കി കേസെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ പേട്ട സി ഐ, എഫ് ഐ ആർ നശിപ്പിച്ചു കളഞ്ഞ് മറ്റൊരു പുതിയ എഫ് ഐ ആർ പേട്ട പൊലീസ ്‌ക്രൈം 17/2023 ആയി കോടതിയിൽ ഹാജരാക്കിയെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.

അതേ സമയം അറസ്റ്റ് ചെയ്യപ്പെട്ട ഓം പ്രകാശിന്റെ ഡ്രൈവർ സൽമാൻ ഷായടക്കം 5 പ്രതികൾക്ക് കോടതി പ്രൊഡക്ഷൻ വാറണ്ട് അയച്ചു. ഒന്നു മുതൽ 5 വരെ പ്രതികളായ മുഹമ്മദ് ഇബ്രാഹിം റാവുത്തർ എന്ന ഇബ്രു (27), ബാദുഷ മകൻ സൽമാൻ ഷാ, മുഹമ്മദ് ബഷീർ മകൻ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകർ രാജു മകൻ സുബ്ബുരാജ് എന്ന സുബ്ബു, നിയമ വിദ്യാർത്ഥി അഭിലാഷ് എന്നിവരെ ജയിലിൽ നിന്നാണ് ഹാജരാക്കേണ്ടത്. 20 ന് (വെള്ളിയാഴ്ച) ജില്ലാ ജയിൽ സൂപ്രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കണം. 5 പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

കൃത്യത്തിനുപയോഗിച്ച കാർ ഓം പ്രകാശിന്റെ ഫ്‌ളാറ്റിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ ഓം പ്രകാശമുണ്ടായിരുന്നുവെന്ന, വെട്ടേറ്റ ബിൽഡേഴ്‌സ് ഉടമ നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ എട്ടാം പ്രതിയാക്കി കേസെടുത്തതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഓംപ്രകാശിനെ കുറവ് ചെയ്ത് 5 പ്രതികളെ മാത്രം പ്രതിപ്പട്ടികയിൽ ചേർത്താണ് പേട്ട പൊലീസ് എഫ് ഐ ആർ.രജിസ്റ്റർ ചെയ്തത്. പൊലീസ് - ഗുണ്ടാ മാഫിയ ബന്ധം വെളിവാക്കുന്നതാണ് ഒത്തു കളിയിലൂടെ വെളിവാകുന്നത്.

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണങ്ങൾ

ജനുവരി 8 ന് പുലർച്ചെയാണ് പാറ്റൂരിൽ വെച്ച് നാലംഗ സംഘത്തെ ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചത്. മുട്ടട സ്വദേശി നിധിൻ സുഹൃത്തുക്കളായ ടിറ്റു, പ്രവീൺ, ആദിത്യ എന്നിവർ സഞ്ചരിച്ച കാറിന് പിന്നിൽ അക്രമികൾ സഞ്ചരിച്ച കാറിടിക്കുകയും പിന്നാലെ ഇവരെ ആക്രമിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം വാഹനത്തിനുള്ളിൽ വെച്ച് തന്നെ ഇവരെ വെട്ടുകയായിരുന്നു. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് വെട്ടേറ്റവർ പേട്ട പൊലീസിന് നൽകിയ മൊഴി.

ഓം പ്രകാശും നിധിനും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായി പിരിഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഓംപ്രകാശിന്റെ സുഹൃത്തായ ആരിഫിന്റെ വീട്ടിൽ ജനുവരി 7 ന് നിധിനും സംഘവും കയറി ഭീഷണിപ്പെടുത്തി. ഇതിന് മ്യൂസിയം പൊലീസ് കേസെടുക്കുകയും പ്രതികൾക്കുവേണ്ടി അന്വേഷണം നടത്തുകയും ചെയ്യുമ്പോഴാണ് നിധിനെയും സംഘത്തെയും വെട്ടിയത്.

പാറ്റൂർ ഗുണ്ടാ ആക്രമണത്തിൽ അക്രമിസംഘം സഞ്ചരിച്ച കാർ ജനുവരി 12 ന് പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിക്കുന്ന ഫ്‌ളാറ്റിന്റെ പാർക്കിങ് ഗ്രൗണ്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്. ഇതോടെ പാറ്റൂർ ആക്രമണത്തിൽ ഓംപ്രകാശിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഓം പ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സൽമാന്റെ അച്ഛന്റെ പേരിലുള്ളതാണ് കാർ.

തലസ്ഥാനത്ത് കുപ്രസിദ്ധി ആർജിച്ച ഗുണ്ടാനേതാവാണ് ഓം പ്രകാശ്. എന്നാൽ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓം പ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുമ്പാണ് പാറ്റൂരിൽ വെച്ച് ബിൽഡേഴ്‌സ് ഉടമ നിധിനെ ഓം പ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചത്.

ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ചേരിതിരിഞ്ഞുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്റെ കീഴിലും ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. നിധിനും സുഹൃത്തുക്കളായ പ്രവീൺ, ടിറ്റു ശേഖർ, ആദിത്യ എന്നിവർ ഇന്നോവ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഓം പ്രകാശിന്റെ കൂട്ടത്തിലുള്ള ആരിഫിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞ് ആക്രമിച്ചത്. നിധിനെയും സംഘത്തെയും വെട്ടിയ ശേഷം അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.