അടൂർ: ബിഷപ്പിന്റെ വേഷത്തിലെത്തി വെല്ലൂർ മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ നാലാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചെന്നൈ അണ്ണാ നഗർ സ്വദേശി പോൾ ഗ്ലാഡ്സൺ(53) നെയാണ് കോടതിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

2022 ൽ പറക്കോട് സ്വദേശിനി ശ്രീലക്ഷ്മി പ്രിയ എസ്‌പിള്ളയുടെ കൈയിൽ നിന്നും വെല്ലൂർ മെഡിക്കൽ കോളേജിൽ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് 59 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് കസ്റ്റഡിയിൽ വാങ്ങിയത്. സമാന കേസിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് കഴിഞ്ഞ ഏഴിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും രണ്ടും പ്രതികൾ ഒളിവിലാണ്. മൂന്നും അഞ്ചും പ്രതികളെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

കോളേജിന്റെ ചുമതലവുള്ള ആംഗ്ലിക്കൻ ബിഷപ്പാണ് താനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കോളജ് തന്റെ ചുമതലയിലാണെന്നും സീറ്റ് തന്റെ ക്വാട്ടയിൽ ഉണ്ടെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് പതിവ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി പത്തു കോടിയിലേറെ രൂപയാണ് മെഡിക്കൽ സീറ്റിന്റെ പേരിൽ ഇയാൾ തട്ടിയെടുത്തത്.

കൊരട്ടി, അങ്കമാലി, പന്തളം, പാല തുടങ്ങിയ സ്റ്റേഷനുകളിൽ പോൾ ഗ്ലാഡ്സന്റെ പേരിൽ കേസുകളുണ്ട്. എസ്.എച്ച്.ഒ.ആർ.രാജീവ്, എസ്‌ഐ.മാരായ പ്രശാന്ത്, സി.കെ.രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.