ഇടുക്കി: കട്ടപ്പനയില്‍ ലിഫ്റ്റില്‍ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ ലിഫ്റ്റ് പരിശോധന നടത്തി. ലിഫ്റ്റ് നിര്‍മ്മിച്ച കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് അടുത്ത ദിവസം കൈമാറും. നിലവില്‍ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

മെയ് 28നായിരുന്നു അപകടം നടന്നത്.കട്ടപ്പന പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍ സണ്ണി ഫ്രാന്‍സിസാണ് അപകടത്തില്‍ മരിച്ചത്. തകരാറിലായ ലിഫ്റ്റ് നിയന്ത്രണമില്ലാതെ മുകള്‍നിലയിലേക്കുപോയി ഇടിക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയ സണ്ണിയുടെ തലയ്ക്കുള്‍പ്പെടെ മാരകമായി മുറിവേറ്റു. രണ്ടുമണിക്കൂറാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്നത്.

സണ്ണി കയറിയ ലിഫ്റ്റ് വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് ഓഫാകുകയും പിന്നീട് നിയന്ത്രണമില്ലാതെ കെട്ടിടത്തിന്റെ മുകളിലേക്കുപോയി അഞ്ചാംനിലയില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നുവെന്നാണ് സ്ഥാപന അധികൃതര്‍ നല്‍കുന്ന വിവരം. പിന്നീട് ലിഫ്റ്റ് തുറക്കാന്‍ കടയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കട്ടപ്പന അഗ്‌നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് വെട്ടിപ്പൊളിച്ച് തുറന്നത്. അപ്പോഴേക്കും സണ്ണി ലിഫ്റ്റിനുള്ളില്‍പ്പെട്ടിട്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞിരുന്നു.

തലയില്‍ ഗുരുതരമായും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റില്‍ രക്തം തളംകെട്ടിനിന്നിരുന്നു. അതേസമയം വൈദ്യുതി മുടങ്ങിയപ്പോള്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട സണ്ണി സ്വര്‍ണക്കടയിലെ ജീവനക്കാരെ ഫോണില്‍ വിളിക്കുകയും അവര്‍ ലിഫ്റ്റ് ടെക്‌നീഷ്യനെ ബന്ധപ്പെട്ട് തകരാര്‍ പരിഹരിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് പോയതാണെന്നും പോലീസിന് മൊഴിലഭിച്ചിരുന്നു. സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ പ്രാഥമിക സൂചന.

കട്ടപ്പന പവിത്ര ഗോള്‍ഡ്, തേനി പവിത്ര ജൂവലറി എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണറാണ് സണ്ണി ഫ്രാന്‍സിസ്. അപടകത്തില്‍ നട്ടെല്ല് ഒടിയുകയും തലയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതാണു സണ്ണിയുടെ മരണത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു. സണ്ണി ലിഫ്റ്റില്‍ സഞ്ചരിക്കുമ്പോള്‍ വൈദ്യുതി പോയി ലിഫ്റ്റ് നിന്നു. തുടര്‍ന്നു ലിഫ്റ്റ് കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം ജ്വല്ലറി ജീവനക്കാര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ മുകളിലേക്കു പോയി അപകടമുണ്ടായെന്നാണു പൊലീസ് കണ്ടെത്തല്‍.

വൈദ്യുതി നിലച്ചാല്‍ ജനറേറ്റര്‍ തനിയെ ഓണായി ലിഫ്റ്റ് പ്രവര്‍ത്തിക്കുകയോ എആര്‍ഡി (ഓട്ടമാറ്റിക് റസ്‌ക്യു ഡിവൈസ്) മൂലം അടുത്ത നിലയിലെത്തി തുറക്കുകയോ ആണു ചെയ്യേണ്ടതെന്ന് അഡിഷനല്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ആര്‍.രാജേഷ് ബാബു വ്യക്തമാക്കിയിരുന്നു. ജ്വല്ലറിയിലെ ലിഫ്റ്റിന്റെ സ്പീഡ് ഗവേണറില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചോയെന്നു സംശയിക്കുന്നുണ്ട്.