കണ്ണൂർ: കഴിഞ്ഞ ദിവസം പൊള്ളലേറ്റ് കൂടാളി പോസ്റ്റാഫീസ് ജീവനക്കാരൻ തലമുണ്ട ആക്കിച്ചാൽ ശോഭ നിവാസിലെ സി.പവിത്രൻ (56 മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ഭാര്യയും ബന്ധുക്കളും നൽകിയ പരാതിയിൽ ചക്കരക്കൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചക്കരക്കൽ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടെരിയാണ് കേസ് അന്വേഷണം നടത്തുന്നത്.

പവിത്രൻ ജീവനൊടുക്കുന്നതിന് പ്രേരണയായത്് പോസ്റ്റാഫീസ് അധികൃതരിൽ നിന്നുള്ളമാനസിക പീഡനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ശോഭനയും ബന്ധുക്കളും ചക്കരക്കൽ പൊലിസിൽ പരാതി നൽകിയത്. പവിതന്റെതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടാളി പോസ്റ്റാഫീസെന്ന നരകത്തിലേക്ക് ഇനിയില്ല എന്ന സൂചനയോടെയാണ് കത്ത് ആരംഭിക്കുന്നതെന്നു ഇവർ പറയുന്നു. ഈകത്തിന്റെ കോപ്പിസഹിതമാണ് പൊലിസിൽ പരാതി നൽകിയത്.

പവിത്രന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സിപിഐ എം തലമുണ്ട ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. മാലിന്യം കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പവിത്രൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ബന്ധുക്കൾ രംഗത്തുവന്നത് കഴിഞ്ഞ ജനുവരി 16ന് പുലർച്ചെയാണ് പവിത്രനെ വീട്ടുപറമ്പിലെ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

സാധാരണയായി ഇവിടെ മാലിന്യം കത്തിക്കാൻ പവിത്രനെത്താറുണ്ട്. മാലിന്യത്തിന് തീകൊളുത്തുന്നതിനിടെ വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. വീണുകിടക്കുന്ന ഇയാളെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ബന്ധുക്കളെത്തിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയിൽ ചികിത്സയിലായിരുന്ന ഇയാൾ മരണമടയുകയായിരുന്നു. എന്നാൽ പിന്നീടാണ് പവിത്രൻ എഴുതിവെച്ച ആത്മഹത്യകുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇതേ തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കൾ പൊലിസിൽ പരാതി നൽകിയത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന ബാങ്കിങടക്കമുള്ള അത്യാധൂനിക സംവിധാനങ്ങളുള്ള പോസ്റ്റ് ഓഫീസാണ് കൂടാളിയിലേത്. ജീവനക്കാർ കുറവും സൗകര്യങ്ങൾ കൂടുതലുമുള്ള കൂടാളി പോസ്റ്റ് ഓഫീസിൽ ജീവനക്കാർ കുറവാണെന്നും ഇവിടെ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടുതലാണെന്നു പ്രദേശവാസികളും പറയുന്നു. അമിതമായ ജോലിഭാരം കാരണം പവിത്രൻ മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.