- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റിൽ
കണ്ണൂർ: പയ്യാമ്പലത്ത് സി.പി. എം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങൾ വികൃതമാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചാല പടിഞ്ഞാറെക്കരയിലെ സാധുപാർക്കിന് സമീപം ദീപ്തി നിവാസിൽ താമസിക്കുന്ന ഷാജി അണയാട്ടിനെയാ(54)ണ് പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കണ്ണൂർ എ.സി.പി സിബിടോം, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ.സി സുഭാഷ് ബാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂർ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു പ്ലാസ്റ്റിക്ക് കുപ്പിയും മറ്റുവസ്തുക്കളും ശേഖരിച്ചു ആക്രികടയിൽ കൊടുത്തു ജീവിച്ചുവരികയാണ് ഷാജി. സംഭവദിവസം ഇയാൾ പയ്യാമ്പലത്തുണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് തെളിഞ്ഞത്.
സ്തൂപത്തിൽ ഒഴിച്ചത് കൈയിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ ബാക്കിയായ ദ്രാവകമെന്നു ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതോടെ സംഭവത്തിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സി.പി. എം ജില്ലാ ആക്ടിങ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
സി.സി.ടി.വിയിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള ചിത്രം വ്യക്തമായത്. കഴിഞ്ഞ ഇരുപതു വർഷമായി കണ്ണൂർ നഗരത്തിൽ ആക്രിസാധനങ്ങൾ പൊറുക്കി വിറ്റു ഉപജീവനം നടത്തുന്നയാളാണ് ഷാജി. പ്രധാനമായും പയ്യാമ്പലം ബീച്ചിലാണ് ഇയാൾ സാധനങ്ങൾ പൊറുക്കാൻ എത്താറുള്ളത്.
27-ന് രാത്രി പ്രദേശത്തു നിന്നും ശീതള പാനിയ കുപ്പികൾ ശേഖരിച്ചപ്പോൾ അതിനകത്തു ബാക്കിയുണ്ടായിരുന്ന പാനീയം സ്മൃതി കുടീരങ്ങളിലേക്ക് കുടയുകയായിരുന്നു. ശീതളപാനീയമാണ് സ്മൃതി കുടീരങ്ങളിലേക്ക് ഒഴിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. സമീപത്തെ ചില സി.സി.ടി.വി ക്യാമറകൾ കൂടി പൊലിസ് പരിശോധിച്ചു വരികയാണ്. സി.പി. എം നേതാക്കളുടെ സ്മൃതി കുടീരത്തിൽ മാത്രമെന്തിനാണ് ശീതള പാനിയം തളിച്ചതെന്ന ചോദ്യത്തിന് ഇയാൾ മറുപടി നൽകിയിട്ടില്ല. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസിനോട് മൊഴി നൽകിയത്.
കഴിഞ്ഞ 28-നാണ് പയ്യാമ്പലത്തെ സി.പി. എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ ഏതോ ലായനി ഒഴിച്ച നിലയിൽ കണ്ടെത്തിയത്. മുന്മുഖ്യമന്ത്രി ഇ.കെ നായനാർ, സി.പി. എം സംസ്ഥാനസെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, സി. ഐ.ടി.യു നേതാവായിരുന്ന ഒ. ഭരതൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളാണ് വികൃതമാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ചു സി.പി. എം പ്രവർത്തകർ അന്നേ ദിവസം കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനംനടത്തുകയും സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.