കണ്ണൂർ: പയ്യന്നൂരിൽ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റു ചെയ്ത ബിൽഡിങ് ഇൻസ്പെക്ടർ സി.ബിജുവിനെതിരെ പരാതി നേരത്തെ ഉയർന്നിരുന്നതായി നഗരസഭാ അധികൃതർ. ഈക്കാര്യത്തിൽ ഒരുമാസത്തിനിടെ രണ്ടുതവണ ചേംബറിൽ വിളിച്ചുവരുത്തി ഇയാളെ താക്കീതു ചെയ്തതായി നഗരസഭാഅധ്യക്ഷ കെ.വി ലളിത പറഞ്ഞു.

വ്യാപകമയ പരാതി ഉയർന്ന സാഹചര്യത്തിൽ ബിജുവിനെ പയ്യന്നൂരിൽ നിന്നും സ്ഥലം മാറ്റാൻ നഗരസഭാ അധികൃതർ ശ്രമിച്ചിരുന്നുവെങ്കിലും ഇയാൾക്ക് ഉന്നതങ്ങളിലുള്ള പിടിപാടുകാരണം നടന്നിരുന്നില്ല. തളിപറമ്പ് നഗരസഭയിൽ നിന്നാണ് മൂന്ന് മാസം മുൻപ് പയ്യന്നൂർ നഗരസഭാ ബിൽഡിങ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയറായി പറശിനിക്കടവ് തവളക്കടവ് സ്വദേശി സി.ബിജു ചുമതലയേൽക്കുന്നത്. കെട്ടിടത്തിന്റെ അനുമതിക്കായി കാൽലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നഗരസഭാ ഓഫീസ്പരിസരത്തുവെച്ചു വിജിലൻസ് ഡി.വൈ. എസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റു ചെയ്യുന്നത്.

പയ്യന്നൂർ സ്വദേശിയായ പ്രവാസി പയ്യന്നൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ അനുമതിക്കായി ഏപ്രിലിൽ നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. അതുടർന്ന് പരാതിക്കാരൻ പലതവണ അനുമതിക്കായി നഗരസഭയിൽ ചെന്നെങ്കിലും ഓവർസീയറായ സി.ബിജു ഓരോകാരണം പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞസെപ്റ്റംബർ 21- ന് പരാതിക്കാരൻ ബിജുവിനെ കണ്ടപ്പോൾ ഇരുപത്തിയഞ്ചായിരം രൂപ നൽകാമെങ്കിൽ നിർമ്മാണ അനുമതി വേഗംതന്നെ നൽകാമെന്ന്അറിയിക്കുകയായിരുന്നു.

അപേക്ഷകൻ ഈ വിവരംവിജിലൻസിനെ അറിയിക്കുകയായിരുന്നു. അപേക്ഷകനോടൊപ്പം ഇയാൾ നഗരസഭാ കവാടത്തിനു പുറത്ത് റോഡിൽ നിർത്തിയിട്ട കാറിലേക്ക് ചെല്ലുകയും കാറിനകത്തുവെച്ചുതന്നെ പണം കൈപ്പറ്റുകയുമായിരുന്നു. വിജിലൻസ്സംഘം നൽകിയ ഫിനോഫ്തലിൽ പൗഡർ പുരട്ടിയ നോട്ടുകാർ ബിജുവിന്കൈമാറിയ ഉടൻവിജിലൻസ് സംഘം കാറിനടുത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് രാസപരിശോധനയിൽ ഇയാൾ പണം കൈപ്പറ്റിയതായികണ്ടെത്തുകയായിരുന്നു. വിജിലൻസ് അറസ്റ്റു ചെയ്ത ബിജുവിനെ തലശേരി കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ അജിത്ത്, സബ് ഇൻസ്പെക്ടർ അശോകൻ, അസി.സബ് ഇൻസ്പെക്ടർമാരായ പ്രവീൺ,നിജേഷ്, ജയശ്രി, എസ്.സി.സി.പി.ഒമാരായ സുകേഷ്, സജിൻ, വിജിത്ത് എന്നിവരുമുണ്ടായിരുന്നു.