ശ്രീകണ്ഠപുരം: പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയില്‍. രണ്ടാം പ്രതി രതീഷ് ആണ് പയ്യാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഒന്നാം പ്രതി ബിജേഷിനായി പൊലീസിന്റെ വ്യാപക തിരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച ഉച്ചക്കാണ് പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നത്. കാഞ്ഞിരക്കൊല്ലി ശശിപ്പാറ റോഡരികില്‍ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവാണ് (38) വെട്ടേറ്റ് മരിച്ചത്. തടയാനെത്തിയ ഭാര്യയെയും വെട്ടിപ്പരിക്കേല്‍പിച്ചു. ഗുരുതര നിലയിലായ ഭാര്യ ശ്രുതി (28) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെയാണ് നാടി നടക്കുന്ന കൊലപാതകം നടന്നത്. കൊല്ലപ്പണിക്കാരനായ നിധീഷ് വീടിനോട് ചേര്‍ന്ന ഷെഡില്‍ ഇരുമ്പായുധങ്ങള്‍ നിര്‍മിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ പണിശാലയില്‍ നിര്‍മിച്ചുവെച്ചിരുന്ന കത്തിയെടുത്ത് അക്രമി സംഘം നിധീഷിനെ പല തവണ വെട്ടുകയായിരുന്നു.

സംഭവം കണ്ട് ഭാര്യ നിലവിളിച്ച് ഓടിയെത്തി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ശ്രുതിയെയും ക്രൂരമായി വെട്ടി. നിധീഷ് തല്‍ക്ഷണം മരിച്ചു. സമീപവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം പള്‍സര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കൊലക്ക് പിന്നില്‍ സാമ്പത്തികവും മറ്റ് ചില തര്‍ക്കങ്ങളുമാണെന്ന സൂചനയാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

പരേതനായ മടത്തേടത്ത് വീട്ടില്‍ ബാബുവിന്റെയും സരസ്വതിയുടെയും മകനാണ് കൊല്ലപ്പെട്ട നിധീഷ്. സിദ്ധാര്‍ഥ് (മൂന്നാം തരം വിദ്യാര്‍ഥി), സങ്കീര്‍ത്ത് എന്നിവര്‍ മക്കളാണ്. സഹോദരി: നീതു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.